പയ്യന്നൂര്‍: പള്ളി ഭണ്ഡാരം കുത്തിപ്പൊളിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ കുപ്രസിദ്ധ മോഷ്ടാവ് പിടിയില്‍. കാസര്‍ഗോഡ് ബാളാല്‍ അത്തിക്കടവിലെ സി. ഹരീഷ് കുമാറാണ്(50) പിടിയിലായത്. ഇന്നലെ പുലര്‍ച്ചെ പന്ത്രണ്ടേമുക്കാലോടെ പയ്യന്നൂരിലാണ് സംഭവം.
ഗാന്ധിപാര്‍ക്കിന് സമീപത്തെ ജുമാ മസ്ജിദ് വളപ്പില്‍ അതിക്രമിച്ച് കയറിയ മോഷ്ടാവ് പള്ളിയുടെ ഭണ്ഡാരം കുത്തിപ്പൊളിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലായത്. പിക്കാസും മറ്റുമുപയോഗിച്ച് ഭണ്ഡാരം കുത്തിപ്പൊളിക്കുന്നതിന്റെ ശബ്ദം പള്ളിയുടെ സമീപത്തെ കെട്ടിടത്തില്‍ താമസിക്കുന്ന വിദ്യാര്‍ഥികളാണ് കേട്ടത്.
ഇതേത്തുടര്‍ന്ന് വിദ്യാര്‍ഥികള്‍ പള്ളിക്കമ്മിറ്റി സെക്രട്ടറിയെയും സെക്രട്ടറി പോലീസിനേയും വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തിയതോടെ ഭണ്ഡാരം കുത്തിപ്പൊളിച്ചുകൊണ്ടിരുന്ന മോഷ്ടാവിനെ കൈയോടെ പിടികൂടുകയായിരുന്നു.
സംഭവത്തില്‍ ജുമാ മസ്ജിദ് സെക്രട്ടറി നാദിറാ മന്‍സിലിലെ മുഹമ്മദ് ആഷിഖ് നല്കിയ പരാതിയില്‍ കേസെടുത്ത പോലീസ്, അറസ്റ്റ് ചെയ്ത പ്രതിയെ കോടതി ഹാജരാക്കി റിമാൻഡ് ചെയ്തു. നിരവധി മോഷണ കേസിലെ പ്രതിയാണ് പിടിയിലായത്. കാപ്പ കേസില്‍ ശിക്ഷ കഴിഞ്ഞ് കഴിഞ്ഞ മാസം 11നാണ് ഇയാള്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്നിറങ്ങിയത്.
ഭണ്ഡാരം മോഷ്ടിച്ച് കടത്തുന്നതിനിടയില്‍ മുമ്പും ഇയാള്‍ പോലീസിന്റെ പിടിയിലായിരുന്നു. പരിയാരം, വിളയാങ്കോട്, പിലാത്തറ എന്നിവിടങ്ങളിലായി നിരവധി മോഷണ കേസുകളില്‍ പ്രതിയാണിയാള്‍.