കൊച്ചി: ട്വന്റി- ട്വന്റി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ഇടവേള ബാബു നടത്തിയ പരാമർശം വിവാദമായതിനു പിന്നാലെ വിഷയത്തിൽ സൂപ്പർ താരങ്ങൾ പ്രതികരിക്കാത്തതും ചർച്ചയാകുന്നു.
ചലച്ചിത്ര രംഗത്ത് തന്നെയുള്ള നടന്മാർ ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. നടൻ ഹരീഷ് പേരടിയാണ് പരസ്യ വിമർശനവും പരിഹാസവുമായി രംഗത്തെത്തിയിരിക്കുന്നത്.
മമ്മൂട്ടിയോടും മോഹൻലാലിനോടുമുള്ള ബഹുമാനം ഈ ദിവസങ്ങളിൽ കൂടിക്കൂടി വരുന്നുവെന്ന് തുടങ്ങുന്ന ഫേസ്ബുക്ക് പോസ്റ്റിൽ ഏത് പ്രശ്നത്തിലും സംഘർഷമൊഴിവാക്കാൻ ഇരുവരും സ്വീകരിക്കുന്ന മൗനം മറ്റുള്ളവർ കണ്ടു പഠിക്കണമെന്നും പരിഹസിക്കുന്നു.
മഹാനടനാകാനുള്ള യോഗ്യത ഇത്തരം മഹാമൗനങ്ങളാണെന്നും താൻ തിരിച്ചറിയുന്നുവെന്നും അദ്ദേഹം തുറന്നടിച്ചിട്ടുണ്ട്.പുതിയതായിത്തുടങ്ങിയ ശ്രീനാരായണ സർവകലാശലയിൽ മൗനം ഒരു പാഠ്യ വിഷയമായി ഉൾക്കൊള്ളിക്കണം.
അത് പഠിപ്പിക്കാൻ മോഹൻലാലും മമ്മൂട്ടിയും അതിഥി അധ്യാപകരായി എത്തുകയും വേണം. അങ്ങനെ വന്നാൽ സംഘർഷങ്ങളും കൊലപാതകകങ്ങളും ഒന്നുമില്ലാത്ത ഒരു പുതിയ കേരളത്തെ നമുക്ക് വാർത്തെടുക്കാം- ഹരീഷ് തന്റെ പോസ്റ്റിൽ പരിഹാസരൂപേണ തുറന്നടിച്ചു.
ആക്രമണത്തിനിരയായ യുവനടി ട്വന്റി-ട്വന്റിയുടെ രണ്ടാം ഭാഗത്തിൽ കാണുമോ എന്ന ചോദ്യത്തിന് മരിച്ചവരെ തിരിച്ച് കൊണ്ടുവരാൻ സാധിക്കില്ലല്ലോ എന്ന ഇടവേള ബാബു നടത്തിയ പരാമർശമാണ് വിവാദമായത്.
സംഭവത്തിൽ പ്രതിഷേധിച്ച് നടിയും ഡബ്ല്യുസിസി അംഗവുമായ പാർവതി തിരുവോത്ത് അമ്മയിൽ നിന്ന് രാജിവച്ചിരുന്നു.ഇടവേള ബാബുവിന്റെ പരാമർശത്തിനെതിരെ വിവിധ കോണുകളിൽ നിന്ന് അതിരൂക്ഷ വിമർശനങ്ങളാണ് ഇപ്പോഴും ഉയരുന്നത്.