‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം’- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മയക്കാഴ്ചകളുടെ എല്ജെപി ഉത്സവത്തില് ഉടനീളം പടരുന്ന വാക്കുകള്. ക്ലൈമാക്സിലെത്തുംവരെയും പതര്ച്ചയേതുമില്ലാതെ നിജമെല്ലാം ഉള്ളിലൊളിപ്പിച്ച ഒരു കഥാപാത്രമുണ്ട് ലിജോ ജോസ് സിനിമ മലൈക്കോട്ടൈ വാലിബനില്. ‘എന്റെ ലച്ചിയത്തെ നിറവേറ്റേണ്ടവന്’ എന്നും ‘അദ്ഭുതപ്പിറവി’ യെന്നും പലവുരു വാലിബനെ വാഴ്ത്തുന്ന അയ്യനാർതന്നെ നിഗൂഢതകളുടെ ആ സൂക്ഷിപ്പുകാരന്.
‘ഈ സിനിമയുടെ കഥ കൊണ്ടുപോകുന്നതിലും അതിനെ നയിക്കുന്നതിലും പ്രധാന പങ്കു വഹിക്കുന്ന വളരെ ശക്തമായ കഥാപാത്രം. അഭിനയജീവിതത്തില് കിട്ടിയ കുറേ നല്ല വേഷങ്ങളില് ഏറ്റവും പ്രധാനപ്പെട്ടതും ഇതുതന്നെ’- അയ്യനാരായി നിറഞ്ഞാടിയ ഹരീഷ് പേരടി രാഷ്്ട്രദീപികയോടു പറഞ്ഞു.
ലിജോ ജോസ് സിനിമ ആഗ്രഹിച്ചിരുന്നോ…
ഞാന് ആഗ്രഹിച്ചിരുന്ന സംവിധായകരിലൊരാളാണ് ലിജോ. അദ്ദേഹത്തിന്റെ സിനിമകള്, പ്രത്യേകിച്ച്…ജെല്ലിക്കെട്ട്, ഈമയൗ, ചുരുളി… കണ്ടപ്പോള് വളരെ വ്യത്യസ്തമായി സിനിമയെ സമീപിക്കുന്ന ഒരാളെന്ന ബോധ്യമുണ്ടായി. എന്റെ ആഗ്രഹമറിഞ്ഞെന്നതുപോലെ അദ്ദേഹത്തിന്റെ കോള് വന്നു. അപ്പോള് ഞാന് ചെന്നൈയിലായിരുന്നു.
രണ്ടു ദിവസം കഴിഞ്ഞേ നാട്ടില് എത്തുകയുള്ളൂ എന്നു പറഞ്ഞു. ആ രണ്ടു ദിവസത്തിനു രണ്ടു മാസത്തിന്റെ ദൈര്ഘ്യം തോന്നി. നേരില് കണ്ടു സംസാരിച്ചപ്പോഴാണ് കഥാപാത്രത്തിന്റെ ആഴവും വ്യാപ്തിയുമൊക്കെ മനസിലായത്. അയ്യനാര് എന്ന ആശാന്. വാലിബനും ചിന്നയ്ക്കും ആശാന്. പഴയ മല്ലനും കളരിയുടെ ആശാനും. ആറു മാസത്തെ ഷൂട്ടും പോസ്റ്റ് പ്രൊഡക്ഷനുമൊക്കെയായി ഒരു വര്ഷത്തോളം വാലിബനൊപ്പമായിരുന്നു.
മോഹന്ലാൽ
മോഹന്ലാലിനൊപ്പം പ്രിയദര്ശന്റെ ഓളവും തീരവും സിനിമയില് അഭിനയിച്ചതിന്റെ സന്തോഷത്തില് നില്ക്കുമ്പോഴാണ് ഇങ്ങനെയൊരവസരം. അത് ഇരട്ടിമധുരമായി. ഏതൊരു നടനും ആഗ്രഹിക്കുന്ന വേഷം. സ്വാഭാവികമായും പലരിലേക്കും പോയിട്ടുണ്ടാകുമല്ലോ ഈ കഥാപാത്രത്തിന്റെ ആലോചന. അത് എന്നെത്തന്നെ തേടിവന്നു എന്നതാണ് വലിയ സന്തോഷം. മറ്റുള്ളവരെ പഠിപ്പിക്കാന് നില്ക്കാതെ അവരാണു വലിയ ആളുകള് എന്ന നിലയിലാണ് ലാലേട്ടന്റെ ഇടപെടല്. ചെറുപ്പം മുതലേ നമ്മള് കാണുന്ന സിനിമകളിലൂടെ അദ്ദേഹം അടയാളപ്പെടുത്തിയ ഒരുപാടു കഥാപാത്രങ്ങള് മുന്നിലുണ്ടല്ലോ. അങ്ങനെയൊരു പാഠപുസ്തകത്തെ അടുത്തുകിട്ടുമ്പോള് നമ്മള് ആര്ത്തിയോടെ വായിക്കുക സ്വാഭാവികം.
എല്ജെപി
ഫുള്ടൈം സിനിമ മാത്രം ഭക്ഷിച്ചുകൊണ്ടിരിക്കുന്ന, ക്രിയേറ്റീവായ ഒരു മനുഷ്യന്. ചെയ്യാന്പോകുന്ന കാര്യങ്ങളെക്കുറിച്ചു വ്യക്തമായ ധാരണയുണ്ട്. അതു ഷെയര് ചെയ്യും. നമ്മുടേതായ രീതിയില് അതു ഡെവലപ് ചെയ്തു കൊടുക്കുമ്പോള് അഭിപ്രായങ്ങൾ ഉണ്ടെങ്കില് പറയും. പല കാര്യങ്ങളും നമ്മുടെ സ്വാതന്ത്ര്യത്തിനു വിട്ടുതരാറുമുണ്ട്. ബംഗാളില്നിന്ന് കഥാനന്ദി, മറാത്തിയില്നിന്ന് സോണാലി കുല്ക്കര്ണി, കന്നഡയില്നിന്ന് സ്റ്റാന്ഡ് അപ്പ് കൊമേഡിയന് ഡാനിഷ് സെയ്ത്, വിദേശി താരങ്ങള്, വീരമ്മയായ ശാന്താ ധനഞ്ജയൻ, തേനമ്മയായ സഞ്ജനാ ചന്ദ്രന്, മനോജ് മോസസ്, സുചിത്ര നായര്… അവരൊക്കെ മേക്കപ്പ് ചെയ്തു മുന്നിലിരുന്നപ്പോള് ഇതിനപ്പുറം വെറൊന്നില്ലെന്നു തോന്നിപ്പോയി. അവിടെയൊക്കെയാണ് ലിജോയുടെ ക്രാഫ്റ്റ്.
പൂര്ണമായും ഇതൊരു ലിജോ പെല്ലിശേരി പടമാണ്. ഒരു പടത്തില്നിന്ന് മറ്റൊരു പടം ആവര്ത്തിക്കാതെ കലയുടെ പുതിയ പുതിയ അന്വേഷണങ്ങള് നടത്തുന്ന പ്രതിഭ. നമ്മുടെയൊക്കെ ഭാഗ്യമെന്നു പറയുന്നത് അദ്ദേഹത്തിന്റെ കാലഘട്ടത്തില് ഒപ്പം യാത്ര ചെയ്യാനാകുന്നു എന്നതാണ്. ഇതു തിയറ്ററില് കാണുക എന്നതു തന്നെയാണ് ഏറ്റവും വലിയ കലാ, സാംസ്കാരിക പ്രവര്ത്തനം. എങ്കില് മാത്രമേ അദ്ദേഹത്തില്നിന്ന് അടുത്ത പടങ്ങള് പൂര്ണസ്വാതന്ത്ര്യത്തോടെ കിട്ടുകയുള്ളൂ.
വെല്ലുവിളികള്…
ഷൂട്ടിംഗ് ഏറെയും രാജസ്ഥാനിലായിരുന്നു. കൊടുംതണുപ്പുകാലത്താണ് അവിടെ ചെന്നത്. പിന്നീടു ചൂടിലേക്കു മാറി. ഒപ്പം പൊടിക്കാറ്റും. കുറേയാളുകള്ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായി. വ്യത്യസ്ത സാഹചര്യങ്ങളുടെ സമ്മര്ദം അതിജീവിച്ചായിരുന്നു ഷൂട്ടിംഗ്. ദിവസം രണ്ടായിരവും അയ്യായിരവും ആളുകള് ഫ്രെയിമിലുണ്ടാകുന്ന ഷോട്ടുകള്. അത്രയുമാളുകളെ നിയന്ത്രിച്ച് അതിനിടെ ഷൂട്ടിംഗ് നടത്തിയെടുക്കണം. പക്ഷേ, ഭംഗിയായി നടന്നു. എല്ലാം കഥാപാത്രത്തിനു വേണ്ടിയാണല്ലോ.
തയാറെടുപ്പുകളുണ്ടോ..
തീര്ച്ചയായും. ഡയറക്ടര് പറഞ്ഞുതന്ന കാര്യങ്ങളും തയാറെടുപ്പിനു തുണയായി. ഈ കഥാപാത്രത്തിന് എവിടെയും റഫറന്സുകളില്ല. ചരിത്രവേഷമായിരുന്നുവെങ്കില് ചരിത്രത്തിന്റെ ഏടുകള് നോക്കാം. റിയലിസ്റ്റിക് ആയിരുന്നുവെങ്കില് ചുറ്റുവട്ടത്തുണ്ടാവും. ഇവിടെ അയ്യനാരോടുതന്നെ ചോദിച്ചു മനസിലാക്കണം! ആ യാത്ര തുടങ്ങിയപ്പോഴാണ് കൂടുതല് പരിചയപ്പെട്ടതും അയാളിലേക്ക് എത്തിയതും. മുന്നേ മനസിലാക്കാനായത് അയാളുടെ രക്ഷാകര്തൃത്വമാണ്. സ്ക്രിപ്റ്റ് ഫോളോ ചെയ്ത് വേഷം മനസിലാക്കി മുന്നോട്ടുപോയി.
നിജം പുറത്തുകാട്ടാതെ വാലിബനെ നെഞ്ചേറ്റുക എന്നതായിരുന്നോ ചലഞ്ച്…
അതു സ്ട്രെയിനല്ല. അതല്ലേ ആ കഥാപാത്രത്തിന്റെ സത്ത. ആദ്യം മുതലേ അത് എങ്ങനെ കൊണ്ടുപോകണമെന്നു മനസിലാക്കിയാലേ മുന്നോട്ടുപോകാനാകൂ. പ്രേക്ഷകര്ക്ക് അതു ഫീല് ചെയ്യാനും പാടില്ല. പിന്നീടു റീ വൈന്ഡ് ചെയ്യുമ്പോഴാണ് ആ സമയത്ത് അയാള് പറഞ്ഞത് ഇതായിരുന്നല്ലേ, ഇതിനുവേണ്ടിയായിരുന്നല്ലേ എന്നൊക്കെ മനസിലാവുക.
ഇനി വിരുന്ന്
“എട്ടു തോട്ടാക്കള്’ ഫെയിം വെട്രിയുടെ പുതിയ സിനിമ വാരാണസിയില് തുടങ്ങി. കണ്ണന് താമരക്കുളം സംവിധാനം ചെയ്ത് അര്ജുന് ഹീറോയായ വിരുന്നാണ് അടുത്ത മലയാളം റിലീസ്. തമിഴില് സത്തം ഇന്ട്രി മുത്തം താ, ശശികുമാറിന്റെ പയഗവനുക്കു അരുള്വായ. തമിഴിലും തെലുങ്കിലും കന്നടയിലും തുടര്ച്ചയായി സിനിമകള് ചെയ്തുകൊണ്ടിരിക്കുകയാണ്. അതിനാല് ഏറെ സമയവും ഷൂട്ടിംഗുമായി അവിടെയായിരിക്കും. അല്ലാതെ, മലയാളം ഒഴിവാക്കിയിട്ടൊന്നുമില്ല. നല്ല കഥാപാത്രങ്ങള് വരുമ്പോള് മലയാളം ചെയ്യുന്നുണ്ട്.
ടി.ജി. ബൈജുനാഥ്