കൊച്ചി: താര സംഘടനയായ അമ്മയില്‍നിന്ന് രാജി സന്നദ്ധ അറിയിച്ച് നടന് ഹരീഷ് പേരടി കത്ത് അയച്ചു. നടന് വിജയ്ബാബു പുതുമുഖ നടിയെ പീഡിപ്പിച്ച സംഭവത്തില്‍ അമ്മ സ്വീകരിച്ച സ്ത്രീ വിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ചാണ് ഹരീഷ് രാജിക്കൊരുങ്ങുന്നത്.
രാജിക്കത്ത് വ്യക്തിപരമായി അയച്ചെങ്കിലും അമ്മയുടെ സെക്രട്ടറിയും പ്രസിഡന്റും തന്നെ വിളിച്ചില്ല. എന്നാല്‍ നടന് സുരേഷ് ഗോപിയുടെ ഫോണ്‍ കോള്‍ തന്നെ തേടിയെത്തിയെന്നും ഹരീഷ് പേരടി പറയുന്നു.
സ്ത്രീ വിരുദ്ധ നിലപാട് തുടരുന്ന അമ്മയിലെ തന്റെ പ്രാഥമിക അംഗത്വം ഒഴിവാക്കി തരണമെന്നും അടച്ച ഒരു ലക്ഷം രൂപ തിരിച്ചു തരേണ്ടെന്നും ഹരീഷ് പേരടിയുടെ കത്തില്‍ പറയുന്നു.
അമ്മയുടെ നടപടിയില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം ശ്വേത മേനോന്, കുക്കു പരമേശ്വരന്, മാലാ പാര്‍വ്വതി എന്നിവര്‍ അമ്മയുടെ ആഭ്യന്തര പരാതി പരിഹാര സെല്ലില്‍നിന്ന് രാജിവച്ചിരുന്നു.