കൊച്ചി: നടന് രജനികാന്ത് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കാല്‍തൊട്ടുവണങ്ങിയ സംഭവത്തില്‍ ഫേസ്ബുക്ക് പോസ്റ്റുമായി നടന് ഹരീഷ് പേരടി.
കാല്‍തൊട്ട് വണങ്ങുന്നത് വ്യക്തിപരമായ തെരഞ്ഞെടുപ്പാണെന്നും താന്‍ കാല്‍തൊട്ട് അനുഗ്രഹം വാങ്ങിയ കുറച്ചു പേരുണ്ടെന്നും ഹരീഷിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
കാല് മനുഷ്യശരീരത്തിലെ ഒരു ദളിത് അവയവമല്ലെന്നും കാലുകളോടൊപ്പം എന്നും കുറിച്ചാണ് ഹരീഷ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
ജയിലര്‍ സിനിമയുടെ പ്രത്യേക പ്രദര്‍ശനം ലഖ്നൗവില്‍ നടന്നതിന് പിന്നാലെയാണ് രജനികാന്ത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തി യോഗി ആദിത്യനാഥിനെ സന്ദര്‍ശിച്ചത്.
മുഖ്യമന്ത്രിയാകും മുന്‍പ് ഗൊരഖ്പുര്‍ ക്ഷേത്രത്തിലെ മുഖ്യപുരോഹിതനായിരുന്നു യോഗി ആദിത്യനാഥ്. യോഗിയുടെ കാല്‍തൊട്ട് വന്ദിച്ചതിനെതിരെ തമിഴ്നാട്ടില്‍ രജനിക്കെതിരേ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്.
രജനികാന്തിന്റെ പ്രവൃത്തി തമിഴ് ജനതയെ നാണംകെടുത്തിയെന്നും നടനില്‍ നിന്നുണ്ടായ പെരുമാറ്റം മോശമായിപോയെന്നുമുള്ള അഭിപ്രായമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്.
ഹരീഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ:
‘മനുഷ്യശരീരത്തിലെ തുല്യ പ്രാധാന്യമുള്ള രണ്ട് അവയവങ്ങളാണ് കൈയും കാലും…ചെറിയ കുട്ടികള്‍ പിച്ചവച്ച് നടക്കാന്‍ തുടങ്ങിയതിനുശേഷം എത്രയോ കാലം കഴിഞ്ഞാണ്…
ഒരു കൈ കൊണ്ട് ഭക്ഷണം കഴിക്കാന്‍ തുടങ്ങുന്നതും മറുകൈ കൊണ്ട് വിസര്‍ജ്ജ്യം കഴുകിക്കളയുന്നതും..വ്യക്തിത്വം രൂപപെടുന്നതില്‍ കാലുകള്‍ക്ക് കൈകളെക്കാള്‍ കുറച്ച് മൂപ്പ് കൂടുതലാണ്…
ഭൂമിയില്‍ ചവുട്ടിനിന്നതിനുശേഷമാണല്ലോ മറ്റൊരാളുടെ കൈ ഒക്കെ പിടിച്ചു കുലുക്കുന്നത്…എന്തായാലും കൈ കുലക്കണമോ, കാലില്‍ തൊടണമോ, സല്യൂട്ട് അടിക്കണമോ,മുഷ്ടി ചരുട്ടി കുലക്കണമോ..
ഇതൊക്കെ വ്യക്തിപരമായ തിരഞ്ഞെടുപ്പുകളാണ്…ഞാന്‍ കാല് തൊട്ട് അനുഗ്രഹം വാങ്ങിയ കുറച്ച് പേര്…കെ.ടി. സാര്‍, കുളൂര്‍മാഷ്, മധുമാസ്റ്റര്‍, മമ്മുക്ക, ലാലേട്ടന്, തിലകന് ചേട്ടന്, നെടുമുടി വേണുചേട്ടന്, മാമുക്കോയസാര്‍, ഭരത് ഗോപിസാര്‍ അങ്ങിനെ കുറെ പേരുണ്ട്.
ഇതില്‍ അറിയപ്പെടാത്ത ജൂണിയര്‍ ആര്‍ട്ടിസ്റ്റുകളും സാധാരണ മനുഷ്യരും എന്നെക്കാള്‍ പ്രായം കുറഞ്ഞവരും കുട്ടികളുമുണ്ട്…
ജീവിതത്തിന്റെ പ്രതിസന്ധികളില്‍ കട്ടക്ക് കൂടെ നിന്ന എന്റെ ഭാര്യ ബിന്ദുവിന്റെ കാലില്‍ തൊട്ട് അവളുടെ സമ്മതമില്ലാതെ ഞാന്‍ അനുഗ്രഹം വാങ്ങിയിട്ടുണ്ട്…ഇത് സത്യമാണ്…കാല് മനുഷ്യശരീരത്തിലെ ഒരു ദളിത് അവയവമല്ല..കാലുകളോടൊപ്പം…’