തിരുവനന്തപുരം: നിയമസഭയിൽ നടന് ഇന്ദ്രന്സിനെതിരേ ബോഡി ഷെയ്മിംഗ് പരാമർശം നടത്തിയ സാംസ്കാരിക മന്ത്രി വി. എൻ. വാസവനെതിരേ നടന് ഹരീഷ് പേരടി.
ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് നടന് മന്ത്രിയെ വിമര്‍ശിച്ചത്. നടന് ഇന്ദ്രന്‍സിനൊപ്പം നില്ക്കുന്ന ചിത്രത്തോടെയാണ് ഹരീഷ് പേരടിയുടെ കുറിപ്പ്.
ഫാൻസ് അസോസിയേഷൻ എന്ന സംഘടനാ സംവിധാനമില്ലാതെ ജനമനസുകളിൽ ഒന്നാം സ്ഥാനത്തെത്തിയ, രാജ്യാന്തര പുരസ്കാരങ്ങൾ വാങ്ങിയ മഹാനടനാണ് ഇന്ദ്രന്‍സ് എന്ന് കുറിപ്പില്‍ ഹരീഷ് പറയുന്നു.
കോണ്‍ഗ്രസിനെതിരേ നടത്തിയ പരാമര്‍ശത്തിലും നടന് പ്രതികരിക്കുന്നു. വട്ടപ്പൂജ്യത്തിൽ എത്തിയാലും എപ്പോൾ വേണമെങ്കിലും ഇന്ത്യയിൽ അത്ഭുതങ്ങൾ ഉണ്ടാക്കാവുന്ന ഒരു പാർട്ടിയാണ് കോൺഗ്രസ്.
കൃത്യമായ സംഘടനാ സംവിധാനങ്ങളില്ലാ എന്നതുതന്നെയാണ് അതിന്റെ മഹത്വം. ആർക്കും ആരെയും ചോദ്യം ചെയ്യാം. എത്ര ഗ്രൂപ്പുകൾ ഉണ്ടാക്കിയാലും ആരും കുലംകുത്തിയാവില്ല.
ആരെയും പടിയടച്ച് പിണ്ഡംവയ്ക്കില്ല. അതുകൊണ്ടുതന്നെ ജനാധിപത്യത്തിൽ കോൺഗ്രസിന്റെ സ്ഥാനം എപ്പോഴും ഒന്നാമതാണ്.
കൊടിയുടെ മുകളിൽ എഴുതിവച്ച കൃത്രിമമായ സ്വാതന്ത്യവും സോഷ്യലിസവും ജനാധിപത്യവും അല്ല കോൺഗ്രസിനുള്ളിൽ.
മനുഷ്യന്റെ എല്ലാ ഗുണവും ദോഷവും അടങ്ങിയ പാർട്ടി. വികാരങ്ങളെ നിയന്ത്രിക്കാത്ത മനുഷ്യരുടെ പാർട്ടി. എപ്പോൾ വേണമെങ്കിലും തിരിച്ചു വരാം.
അതുപോലെതന്നെയാണ് ഇന്ദ്രൻസേട്ടനും. എപ്പോഴും അത്ഭുതങ്ങൾ സൃഷ്ടിക്കാവുന്ന നടൻ. പിന്നെ സാസംകാരിക മന്ത്രിയും അയാളുടെ വിവരക്കേടും…
എല്ലാ ജനതയും അവർക്ക് അർഹതപ്പെട്ടതെ തെരഞ്ഞെടുക്കാറുള്ളു…അങ്ങനെ കാണാനാണ് തത്കാലം നമ്മുടെ വിധി -ഹരീഷ് പേരടി കുറിപ്പിൽ പറയുന്നു.