നർത്തകനും അന്തരിച്ച നടൻ കലാഭവൻ മണിയുടെ സഹോദരനുമായ ആർഎൽവി രാമകൃഷ്ണന് നേരെ കലാമണ്ഡലം ജൂനിയർ സത്യഭാമ നടത്തിയ ജാതി അധിക്ഷേപത്തിൽ രൂക്ഷ വിമർശവുമായി നടൻ ഹരീഷ് പേരടി. ഞങ്ങൾക്ക് “കാക്കയുടെ നിറമുള്ള” രാമകൃഷ്ണന്റെ മോഹിനിയാട്ടം മതിയെന്ന് പറഞ്ഞ കറുപ്പിനൊടൊപ്പം രാമകൃഷ്ണന്റെ ചിത്രവും പങ്കുവച്ചാണ് ഹരീഷ് പേരടി പ്രതികരിച്ചത്.
‘മോളെ സത്യഭാമേ..ഞങ്ങൾക്ക് നീ പറഞ്ഞ “കാക്കയുടെ നിറമുള്ള” രാമകൃഷ്ണന്റെ മോഹിനിയാട്ടം മതി…രാമകൃഷ്ണനോടും ഒരു അഭിർത്ഥന..ഇനി മോഹിനിയാട്ടം കളിക്കുമ്പോൾ ഒരു പ്രതിഷേധമെന്ന നിലക്ക് മുഖത്തും ശരീരത്തിലും വെള്ള പൂശരുത്..ഭൂമി കുലുങ്ങുമോ എന്ന് നമുക്ക് നോക്കാം..കറുപ്പിനൊപ്പം..രാമകൃഷ്ണനൊപ്പം’. എന്നാണ് ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചത്.
ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സത്യഭാമ വിവാദ പരാമർശം നടത്തിയത്. പുരുഷന്മാർ മോഹിനിയാട്ടം കളിക്കുന്നത് അരോചകമാണെന്നും ഇയാൾക്ക് കാക്കയുടെ നിറമാണെന്നുമായിരുന്നു സത്യഭാമയുടെ വാക്കുകൾ.
”മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കുന്ന ആൾക്കാർ. ഇയാളെ കണ്ടുകഴിഞ്ഞാൽ കാക്കയുടെ നിറം. എല്ലാം കൊണ്ടും കാൽ അകത്തിവച്ച് കളിക്കേണ്ട കലാരൂപമാണു മോഹിനിയാട്ടം. ഒരു പുരുഷൻ കാലും കവച്ചുവച്ച് മോഹിനിയാട്ടം കളിക്കുന്നയത്രേം അരോചകമായിട്ട് ഒന്നുമില്ല. എന്റെ അഭിപ്രായത്തിൽ മോഹിനിയാട്ടം ഒക്കെ ആൺപിള്ളേർ കളിക്കണമെങ്കിൽ അതുപോലെ സൗന്ദര്യമുണ്ടാകണം. ആൺപിള്ളേരിലും നല്ല സൗന്ദര്യമുള്ളവരുണ്ട്. ഇവനെ കണ്ടു കഴിഞ്ഞാൽ പെറ്റ തള്ള പോലും സഹിക്കില്ല’’– സത്യഭാമ അഭിമുഖത്തിൽ പറയുന്നു.