പ്രളയക്കെടിതിയില്‍ മുങ്ങിയിരിക്കുന്നവര്‍ക്ക് അണമുറിയാത്ത സഹായമാണ് സ്വദേശത്തും വിദേശത്തുമുള്ള നാട്ടുകാരില്‍ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്. പരസ്യമായും രഹസ്യമായുമെല്ലാം പലയാളുകളും സംഭാവനകള്‍ നല്‍കുന്നുണ്ട്. മുഖ്യമന്ത്രിയുടെ മഴക്കെടുതി ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന നല്‍കിയ ശേഷം നടന്‍ ഹരീഷ് പേരടി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത്.
വലിയ രീതിയിലുള്ള അഭിനന്ദനമാണ് ഹരീഷിന് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നതും. സംഭാവനയുടെ കാര്യത്തില്‍ എല്ലാവര്‍ക്കും ഒരു പ്രചോദനമാവും ഇതെന്നും ഹരീഷിന്റ കുറിപ്പ് വായിക്കുന്നവര്‍ അഭിപ്രായപ്പെടുന്നുണ്ട്.
ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നതിങ്ങനെ…
വലം കൈ കൊടുക്കുന്നത് ഇടം കൈ അറിയരുതെന്നാണ്…വലം കൈ കൊടുക്കുന്നത് ഇടം കൈ അറിയരുതെന്നാണ് പ്രമാണം …. എന്നിട്ടും ഈ ചെറിയ സംഖ്യ ഞാന്‍ പരസ്യപ്പെടുത്തുന്നത് സിനിമക്കാര്‍, കച്ചവടക്കാര്‍, പ്രവാസികള്‍ അങ്ങിനെ സമൂഹത്തിലെ വിവിധ മണ്ഡലങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഒരു പ്രചോദനം നല്‍കാന്‍ വേണ്ടി മാത്രമാണ്…. ദയവ് ചെയ്ത് കളിയാക്കരുത്….
പല തുള്ളി പെരുവെള്ളമാകുന്ന ഇടുക്കി ഡാം പോലെ തന്നെയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയും …. ഈ ദുരിതാശ്വാസ നിധിയുടെ ഷട്ടറുകള്‍ തുറക്കുമ്പോള്‍ ആ സഹായത്തിന്റെ മലവെള്ളം ദുരിതമനുഭവിക്കുന്ന ഒരുപാട് പാവപ്പെട്ടവര്‍ക്ക് വലിയ ആശ്വാസമാകും…. ആരെയും കാത്തു നില്‍ക്കാതെ നിങ്ങളാല്‍ കഴിയുന്നത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെന്ന ആ വലിയ ഡാമിലേക്ക് നിക്ഷേപിക്കുക …. ഒരു പഴംചൊല്ല് കൂടി ഓര്‍മ്മപെടുത്തുന്നു … ഇന്ന് ഞാന്‍ നാളെ നി….