എറണാകുളം തമ്മനത്ത് മീന്‍ വിറ്റ് ജീവിതമാര്‍ഗം കണ്ടെത്തുന്ന ഹനാന്‍ എന്ന പെണ്‍കുട്ടിക്ക് പിന്തുണയുമായി നടന്‍ ഹരീഷ് പേരടി രംഗത്ത്. ഹനാനെതിരെ സൈബര്‍ ആക്രമണം നടക്കുന്ന സമയത്ത് ചില സ്ത്രീപക്ഷ പ്രവര്‍ത്തകര്‍ ഇത് കാണാതെ പോവുകയോ കണ്ടിട്ടും കാണാത്തതായി നടിക്കുകയോ ചെയ്യുന്നു എന്നാണ് ഹരീഷ് പേരടി വിമര്‍ശനം ഉന്നയിക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് ഹരീഷ് പേരടി സിനിമയിലെ തന്നെ ചില സ്ത്രീപക്ഷ വാദികളുടെ മൗനത്തെ രസകരമായ ഭാഷയിലൂടെ ആക്രമിച്ചത്.
പച്ചമീന്‍ വില്‍ക്കുന്നവളെ കല്ലെറിയുന്നത്, പൊരിച്ച മീന്‍ കിട്ടാത്തവരാരും അറിഞ്ഞില്ലേ എന്നായിരുന്നു ഹരീഷ് ഫേസ്ബുക്കില്‍ കുറിച്ചത്. തന്നിലെ സ്ത്രീവാദി ഉണര്‍ന്നത് ഒരു മീന്‍ പൊരിച്ചത് കിട്ടാത്തതു മുതലാണെന്ന് നടി റിമ കല്ലിങ്കല്‍ ഒരു ടോക് ഷോയില്‍ പറഞ്ഞിരുന്നു. റിമയെ പിന്തുണച്ചും പരിഹസിച്ചും അന്നും നിരവധിയാളുകള്‍ രംഗത്തെത്തിയിരുന്നു.
തുടര്‍ന്ന് നടി ആക്രമിക്കപ്പെട്ട സംഭവത്തിലടക്കം ശക്തമായ നിലപാടെടുക്കുകയും സ്ത്രീസുരക്ഷയ്ക്കും തൊഴിലിടത്തെ അവകാശങ്ങള്‍ക്ക് വേണ്ടിയും റിമ വാദിക്കുകയും ചെയ്തിരുന്നു. ദിലീപിനെ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’ യിലേക്ക് തിരിച്ചെടുക്കാന്‍ തീരുമാനിച്ചതിനെതിരെ സംഘടനയില്‍ നിന്ന് റിമയടക്കമുള്ള നടികള്‍ രാജിവച്ചതും സ്ത്രീപക്ഷ നിലപാടുയര്‍ത്തുന്ന സംഭവമായിരുന്നു.
സിനിമാ താരത്തിന്റെ പ്രശ്‌നങ്ങളില്‍ മാത്രമാണ് ഇത്തരക്കാര്‍ ഇടപെടുന്നതെന്ന് അന്നും വിമര്‍ശനമുണ്ടായിരുന്നു. ഇതെല്ലാം പറയാതെ പറഞ്ഞാണ് ഹരീഷ് പേരടി രംഗത്തെത്തിയത്. കുട്ടിക്കാലത്ത് എല്ലാവരും ഒരുമിച്ച് ഭക്ഷണം കഴിക്കുമ്പോള്‍ അപ്പനും ആങ്ങളയ്ക്കും കൊടുത്തെങ്കിലും അമ്മ തനിക്ക് പൊരിച്ച മീന്‍ വിളമ്പിയില്ലെന്നും, അതിനെ കുട്ടിയായ താന്‍ ചോദ്യം ചെയ്തുവെന്നുമായിരുന്നു നടി പറഞ്ഞത്. ഈ സംഭവത്തിനെതിരായ ഒളിയമ്പാണ് ഹരീഷ് പോസ്റ്റില്‍ ഉന്നയിക്കുന്നത്.