മിസോറാമില്‍ രാഷ്ട്രീയക്കാര്‍ തെരഞ്ഞെടുപ്പ് വാഗ്ദാനം നല്‍കുന്നത് നിങ്ങളുടെ കണ്ണന്‍ സാറിനെ തിരിച്ചു കൊണ്ടുവരാം എന്നു പറഞ്ഞാണ്! കണ്ണന്‍ ഗോപിനാഥിനെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുമായി ഹരീഷ് വാസുദേവന്‍

പ്രളയബാധിത പ്രദേശങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ എല്ലുമുറിയെ പണിയെടുത്തിരുന്ന നിരവധിയാളുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അക്കൂട്ടത്തില്‍ ആരാലും തിരിച്ചറിയപ്പെടാതെ പണിയെടുത്ത ഒരു വ്യക്തിയാണ് ദാദ്ര നഗര്‍ ഹവേലി കളക്ടര്‍ കണ്ണന്‍ ഗോപിനാഥ്.

അദ്ദേഹത്തിന്റെ സമര്‍പ്പണത്തെക്കുറിച്ച് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിനുശേഷം മുന്‍ കോഴിക്കോട് കളക്ടര്‍ പ്രശാന്ത് നായര്‍ കണ്ണന്‍ ഗോപിനാഥിനെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തിയിരുന്നു. ഇരുവരുടെയും സുഹൃത്തും സഹപാഠിയുമായ അഭിഭാഷകന്‍ ഹരീഷ് വാസുദേവന്റെ വെളിപ്പെടുത്തലുകളാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.

മിസോറാമില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് വാഗ്ദാനം നല്‍കുന്നത് ‘നിങ്ങളുടെ കണ്ണന്‍ സാറിനെ തിരിച്ചു കൊണ്ടുവരാം’ എന്നാണ്. ഹരീഷ് വാസുദേവന്‍ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

പ്രളയക്കെടുതി നേരിട്ട കേരളത്തിലെ ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ രാപ്പകല്‍ പണിയെടുത്ത ആ ചെറുപ്പക്കാരന്‍ ദാദ്ര നഗര്‍ ഹവേലി കളക്ടര്‍ കണ്ണന്‍ ഗോപിനാഥാണെന്ന് എല്ലാവരും തിരിച്ചറിഞ്ഞ് അത്ഭുതം പ്രകടിപ്പിച്ചപ്പോള്‍ സഹപാഠിയായ ഹരീഷ് വാസുദേവന് ആ വാര്‍ത്ത അത്ഭുതം സൃഷ്ടിച്ചില്ല. കാരണം തന്റെ സഹപാഠിയായിരുന്ന കണ്ണന്‍ അങ്ങിനെയാണ്. റെയില്‍വേ സ്റ്റേഷനിലോ മറ്റോ കിടന്നുറങ്ങാനും ദുരിതബാധിതര്‍ക്കു വേണ്ടി എന്തു സഹായം ചെയ്യുവാനും അദ്ദേഹം തയ്യാറാണ്.

ഹരീഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ…

ഞങ്ങടെ കണ്ണനെപ്പറ്റി എഴുതാന്‍ ഒരു ദിവസത്തെ പത്രം മതിയാവില്ല. 2000 കോടിരൂപ ആസ്തിയുള്ള കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍, നഷ്ടത്തില്‍ ഓടിയ കമ്പനിക്ക് ഈ വര്‍ഷം ഉണ്ടാക്കിയ ലാഭം നൂറുകോടി.

മിസോറാമില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് വാഗ്ദാനം നല്‍കുന്നത് ‘നിങ്ങളുടെ കണ്ണന്‍ സാറിനെ തിരിച്ചു കൊണ്ടുവരാം’ എന്നാണ്, എന്ന് പറഞ്ഞാല്‍ അതില്‍ ഒരിഞ്ചു അതിശയോക്തിയില്ല ‘. മിസോറാമിലെ ജനങ്ങള്‍ എന്തുകൊണ്ടാണ് കളക്ടറെ ഇത്രമാത്രം ഇഷ്ടപ്പെടുന്നുവെന്നതിന് തെളിവാണ് കഴിഞ്ഞ കുറേ ദിവസങ്ങളായി അദ്ദേഹം കേരളത്തിന് വേണ്ടി ചെയ്തത്.

പ്രളയക്കെടുതിക്ക് ശേഷം 10 ദിവസമാണ് വിവിധ കളക്ഷന്‍ സെന്റെറുകളിലായി കണ്ണന്‍ ഗോപിനാഥ് സേവനം അനുഷ്ടിച്ചത്.ഇതു കൂടാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് ഒരുകോടി രൂപ സംഭാവനയും ചെയ്തു.

എന്നാല്‍ തന്റെ ഔദ്യോഗിക പദവികളും സ്ഥാനമാനങ്ങളും അദ്ദേഹം വെളിപ്പെടുത്താന്‍ തയ്യാറായിരുന്നില്ല. രാപ്പകലുള്ള ജനസേവനത്തിന് ശേഷം റെയില്‍വേ സ്റ്റേഷനിലോ മറ്റോ കിടന്നുറങ്ങാമെന്ന പ്ലാനില്‍ തോളില്‍ ഒരു വലിയ ബാഗും ചുമന്ന് നടക്കുമ്പോളാണ് താന്‍ കണ്ണനെ വീട്ടിലേയ്ക്ക് കൂട്ടികൊണ്ടുവന്നത്. 20 വര്‍ഷത്തെ അദ്ദേഹത്തിന്റെ കഥകള്‍ തന്റെ കണ്ണുതുറപ്പിച്ചെന്ന് ഹരീഷ് വാസുദേവന്‍ പോസ്റ്റില്‍ കുറിച്ചു.

ജില്ലയിലെ സംഭരണ കേന്ദ്രങ്ങളുടെ ചുമതലയുള്ള കളക്ടര്‍മാര്‍ കെബിപിഎ സന്ദര്‍ശിച്ചപ്പോളാണ് അതുവരെ കൂടെ ജോലി ചെയ്ത് ത് ദാദ്രനഗര്‍ ഹവേലി കളക്ടര്‍ കണ്ണന്‍ ഗോപിനാഥാണെന്ന്് എല്ലാവരും തിരിച്ചറിഞ്ഞത്. തന്റെ സ്ഥാനമാനങ്ങള്‍ എല്ലാവരും തിരിച്ചറിഞ്ഞിട്ടും വീണ്ടും ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ മുഴുകുകയായിരുന്നു അദ്ദേഹം.

Related posts