സ്വന്തം ലേഖകൻ
വടക്കാഞ്ചേരി: കടലിൽ ഒന്നും രണ്ടുമല്ല എട്ടു മണിക്കൂറാണുലൈഫ് ജാക്കറ്റിന്റെ സഹായത്തോടെ ഹാരിസ് തണുത്തുവിറച്ചുകിടന്നത്.
മുംബൈ ബാർജ് അപകടത്തിൽ നിന്നും രക്ഷപ്പെട്ട് വടക്കാഞ്ചേരി മംഗലം സ്വദേശി വെട്ടിക്കാട്ടിൽ വീട്ടിൽ ഹാരിസ് (28) മംഗലത്തെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് വീട്ടുകാരുടെ ശ്വാസംനേരെ വീണത്.
മുംബൈ ബാർജ് അപകടവാർത്തയറിഞ്ഞതു മുതൽ ഈ വീട്ടിൽ പ്രാർഥനകളും കണ്ണീരുമായിരുന്നു. എന്നാൽ പ്രാർഥകൾ സഫലമാക്കിക്കൊണ്ട് കാത്തിരിക്കുന്നവരുടെ അടുത്തേക്ക് ഹാരിസ് മടങ്ങിയെത്തി.
ബാർജ് അപകടത്തിൽ നിന്നു രക്ഷപ്പെട്ട ആ നിമിഷങ്ങളെക്കുറിച്ചോർക്കുന്പോൾ തന്നെ ഹാരിസിന്റെ വാക്കുകൾ ഇടറി.
പേടിയോടെ മാത്രമേ ആ അപകടത്തേയും അവിടെ നിന്ന് രക്ഷപ്പെട്ടതിനേയും കുറിച്ചു പറയാനാകൂവെന്ന് ഹാരിസ് പറഞ്ഞു.
ബാർജിൽ നിന്ന് കടലിലേക്ക് സമയോചിതമായി ചാടിയതുകൊണ്ട് മാത്രമാണ് താൻ രക്ഷപ്പെട്ടതെന്ന് ഹാരിസ് ഓർക്കുന്നു. ലൈഫ്ജാക്കറ്റ് അണിഞ്ഞ് എട്ടുമണിക്കൂർ കടലിൽ കിടന്നു.
ഇന്ത്യൻ നേവിയുടെ രക്ഷാപ്രവർത്തനത്തിലാണ് തന്നെയും കൂടെയുണ്ടായിരുന്നവരേയും കരയിലെത്തിച്ചതെന്നും അവരില്ലായിരുന്നെങ്കിൽ…വാക്കുകൾ പൂർത്തിയാക്കാൻ കഴിയാതെ ഹാരിസ് ദൈവത്തെ മനസിൽ വിളിച്ച് കൈകൂപ്പി.
രക്ഷപ്പെട്ടെത്തിയ ഹാരിസിനെ വടക്കാഞ്ചേരി നഗരസഭ ചെയർമാൻ പി.എൻ. സുരേന്ദ്രൻ, പ്രതിപക്ഷനേതാവ് കെ. അജിത്ത് കുമാർ, ജനപ്രതിനിധികളായ ബഷീർ, എ.ഡി. അജി, മുൻ ജനപ്രതിനിധി സിജോ ജോണ് എന്നിവർ വീട്ടിലൈത്തി സന്ദർശിച്ചു.