തൃശൂർ: ചരിത്രത്തിൽ ആദ്യമായാണ് പൂരത്തിന്റെ പേരിൽ ആളുകൾ തമ്മിൽ പരസ്പരം കൊന്പുകോർക്കുന്നത്. കുടമാറ്റത്തിൽ രാംലല്ലയുടെയും ശ്രീരാമന്റേയും ചിത്രങ്ങൾ പ്രദർശിപ്പിച്ചത് വലിയ ചർച്ചകൾക്ക് വഴിതെളിച്ചു. സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ അത് വലിയ ചർച്ചയായി മാറി.
എന്നാൽ അതോടൊപ്പംത്തന്നെ ഐഎസ്ആർഒ ചന്ദ്രയാന്‍ പൂരാശംസകൾ എന്ന കുടയും ഉയർന്നിരുന്നു, എന്നാൽ അത് അധികം ചർച്ചയായിരുന്നില്ല, ഇപ്പോഴിതാ ഈ വിഷയത്തെ കുറിച്ച് നടൻ ഹരീഷ് പേരടി കുറിച്ച വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്.
ഇത്തരം ചിത്രങ്ങൾ പൊതുസമൂഹത്തിനു മുന്നിൽ നിന്ന് ഒളിപ്പിച്ച് കുത്തിതിരുപ്പുകൾ മാത്രം ഉയർത്തുന്ന കപട പുരോഗമനവാദികളെ തിരിച്ചറിയേണ്ട സമയമായി എന്ന് ഹരീഷ് പേരടി പറഞ്ഞു. ഇത് എന്താണ് ആരും ചർച്ചചെയാത്തത് എന്ന് തനിക്ക് മനസിലാവുന്നില്ലന്നും ഒരു പക്ഷെ പൂരം മുടക്കികൾ സംഘാടകരുടെ ശാസ്ത്രബോധത്തെ ഭയപ്പെടുകയാണോ എന്നും അദ്ദേഹം ചോദിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം…
“ഭാരതത്തിന്റെ അഭിമാനം ഐഎസ്ആർഒ ചന്ദ്രയാന്‍ പൂരാശംസകൾ’. ഇന്നലെ തൃശൂർ പൂരത്തിന് ശാസ്ത്രത്തെ ബഹുമാനിച്ച് ഉയർത്തിയ ചിത്രമാണിത്. ലോകത്തിന് തന്നെ മാതൃകയായ പുതിയ കാലത്തെ ഉൾകൊള്ളുന്ന ഇന്ത്യയുടെ യഥാർഥ ഭാരതീയ സംസ്കാരം.
സംഘാടകർക്ക് അഭിവാദ്യങ്ങൾ. ഇത്തരം ചിത്രങ്ങൾ പൊതുസമൂഹത്തിനു മുന്നിൽ നിന്ന് ഒളിപ്പിച്ച് കുത്തിതിരുപ്പുകൾ മാത്രം ഉയർത്തുന്ന കപട പുരോഗമനവാദികളെ തിരിച്ചറിയേണ്ട സമയമായി.
ഇത് എന്താണ് ആരും ചർച്ചചെയാത്തത് എന്ന് എനിക്ക് മനസിലാവുന്നേയില്ല. ഒരു പക്ഷെ പൂരം മുടക്കികൾ സംഘാടകരുടെ ഈ ശാസ്ത്രബോധത്തെയാണോ ഭയപ്പെടുന്നത്. സത്യത്തെ അംഗീകരിക്കാൻ കെൽപ്പില്ലാത്ത ഭയം ഫാസിസത്തെ ഉൽപാദിപ്പിക്കുന്നു. ജാഗ്രതൈ.