കലൂർ സ്റ്റേഡിയത്തിൽ കഴിഞ്ഞ ദിവസം ഉമാ തോമസ് എംഎൽഎ വീണ് പരിക്കേറ്റ സംഭവത്തിൽ പ്രതികരിച്ച് നടനും എഴുത്തുകാരനുമായ ഹരീഷ് പേരടി. ബാരിക്കേഡിന് പകരം റിബൺ. ഒരു എംഎൽഎക്ക് ഇതാണ് സ്ഥിതിയെങ്കിൽ പൊതു പരിപാടികളിൽ പങ്കെടുക്കുന്ന സാധാരണ മനുഷ്യരുടെ സുരക്ഷയെന്താണ് എന്ന് അദ്ദേഹം ചോദിച്ചു.
നാഴികക്ക് നാൽപ്പതുവട്ടം വികസിതം എന്ന് അവകാശപ്പെടുന്ന കേരളമേ. ഗിന്നസ് ബുക്കിലേക്ക് ഇതുകൂടെ നിങ്ങൾ എഴുതി ചേർക്കണം. യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ലാതെ കെട്ടിപൊക്കിയ ഒരു വേദിയിൽ നിന്ന് ഒരു ജനപ്രതിനിധി വീണ് ഗുരുതരമായ പരിക്കുകളോടെ ആശുപ്രത്രിയിൽ പ്രവേശിക്കപ്പെട്ടിട്ടും അവിടെ കൂടിയ ജനങ്ങളുടെയും കലാകാരികളുടെയും സുരക്ഷയ്ക്ക് പുല്ല് വില കൽപ്പിച്ച് ഞങ്ങൾ ആട്ടം നടത്തി ഗിന്നസ് ബുക്കിലെത്തി എന്ന്. ചരിത്രത്തിൽ സാക്ഷര കേരളത്തിന് വലിയ ഇടമുണ്ട്. മനുഷ്യ ജീവനേക്കാൾ ഞങ്ങൾ ഗിന്നസ് ബുക്കിനെ സ്നേഹിക്കുന്നു എന്ന് ഹരീഷ് പേരടി.