എന്പുരാൻ വിവാദത്തിൽ സിനിമയെ പിന്തുണച്ചും വിമർശിച്ചും നിരവധി ആളുകളാണ് പ്രതികരണവുമായി രംഗത്തെത്തുന്നത്. നടനും എഴുത്തുകാരനുമായ ഹരീഷ് പേരടി പങ്കുവച്ച പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
എത്രയും വേഗം ഇടതുപക്ഷത്തിന്റേയും ബിജെപിയുടെയും കോൺഗ്രസിന്റേയും മറ്റ് എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും ഒരു സർവകക്ഷി യോഗം വിളിച്ച് സമാധാനത്തിന്റെ സന്ദേശം മറ്റ് സംസ്ഥാനങ്ങൾക്ക്കൂടി മാതൃകയാകുന്ന രീതിയിൽ ഉറക്കെ പ്രഖ്യാപിക്കേണ്ടതാണെന്ന് ഹരീഷ് പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം…
ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രി പിണറായി സഖാവിന്. സഖാവേ. ഒരു കലാ സൃഷ്ടിയുടെ പേരിൽ സമാനതകളില്ലാത്ത രീതിയിൽ സമൂഹം രണ്ടായി നിന്ന് പോരാടുന്ന അപകടകരമായ ഒരു കാഴ്ചയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇവിടെ തുടരുന്നത്.
ഇതിന്റെ കാര്യകാരണങ്ങൾ വിശദീകരിക്കാനുള്ള സമയമല്ലിത് എന്ന് ഞാൻ കരുതുന്നു. ഇത് തുടർന്ന് പോകുന്നത് നമ്മൾ ഇത്രയും കാലം കാത്തുസൂക്ഷിച്ച നമ്മുടെ മത സൗഹാർദ്ധത്തിനും സാമൂഹിക സാംസ്കാരിക ജീവിതത്തിന്റെ നിലനിൽപ്പിനും കോട്ടം തട്ടുന്നതാണ്.
അതിനാൽ എത്രയും പെട്ടന്ന് ഇടതുപക്ഷത്തിന്റേയും ബിജെപിയുടെയും കോൺഗ്രസിന്റേയും മറ്റ് എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും ഒരു സർവകക്ഷി യോഗം വിളിച്ച് സമാധാനത്തിന്റെ സന്ദേശം മറ്റ് സംസ്ഥാനങ്ങൾക്ക്കൂടി മാതൃകയാകുന്ന രീതിയിൽ ഉറക്കെ പ്രഖ്യാപിക്കേണ്ടതാണ്. ഒരു കലകാരന്റെ സാമൂഹിക ഉത്തരവാദിത്വമാണ് ഇവിടെ രേഖപ്പെടുത്തിയത് എന്ന ഉറച്ച വിശ്വാസത്തോടെ. ഹരീഷ് പേരടി.