തൃശൂർ: ആര്‍എല്‍വി രാമകൃഷ്ണനെതിരായ കലാമണ്ഡലം സത്യഭാമയുടെ അധിക്ഷേപ പരാമര്‍ശത്തിൽ പൊതുസമൂഹം മുഴുവൻ അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടും താര സംഘടനയായ അമ്മയുടെ ഭാഗത്ത് നിന്ന് ഒരു പിന്തുണയും നൽകുന്നില്ലന്ന് ഹരീഷ് പേരടി. പീഡനകേസിൽ പ്രതികളായവരെ സംരക്ഷിക്കാനുള്ള ജാഗ്രതപോലും ഈ വിഷയത്തിൽ എടുക്കുന്നില്ലന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സംഘടനയിൽ മെമ്പറല്ലാത്ത ഷാറുഖാന് അമ്മയുടെ വേദിയിൽ നൃത്തമാടാമെങ്കിൽ രാമകൃഷ്ണന് എന്തിനാണ് അയിത്തമെന്നും അദ്ദേഹം ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം…
വംശീയവെറിയും ജാതിവെറിയും നേരിട്ട കുറച്ച് സിനിമകളിലും അഭിനയിച്ച ഡോ.രാമകൃഷ്ണൻ എന്ന കലാകാരന് പൊതുസമൂഹം മുഴുവൻ പിന്തുണ പ്രഖ്യാപിച്ചിട്ടും അമ്മ എന്ന സിനിമാ അഭിനയ കലാകാരൻമാരുടെ സംഘടനയുടെ ഭാഗത്ത് നിന്ന് ഒരു പിന്തുണയും നേരത്തോട് നേരമായിട്ടും കണ്ടില്ല.
പീഡനകേസിൽ പ്രതികളായവരെ സംരക്ഷിക്കാനുള്ള ജാഗ്രതപോലും ഈ വിഷയത്തിൽ മഷിയിട്ട് നോക്കിയിട്ടും കാണാനില്ല. നിങ്ങളൊക്കെ നല്ല നടി നടൻമാരാണ് എന്നാലും ഇങ്ങിനെയൊന്നും അഭിനയിക്കരുത്.
ചുരുങ്ങിയ പക്ഷം രാമകൃഷ്ണനുവേണ്ടി ഒരു വലിയ വേദിയെങ്കിലും ഒരുക്കൂ. അയാൾ ആനന്ദനൃത്തമാടട്ടെ. മെമ്പറല്ലാത്ത ഷാറുഖാന് നിങ്ങളുടെ വേദിയിൽ നൃത്തമാടാമെങ്കിൽ പിന്നെ രാമകൃഷ്ണന് എന്തിനാണ് അയിത്തം. മണിയുടെ ആത്മാവെങ്കിലും സന്തോഷിക്കട്ടെ. എന്താണ് അമ്മേ ഇങ്ങള് നന്നാവാത്തത്.