കോവിഡിനൊപ്പം പ്രചാരം ലഭിച്ച സംഗതിയാണ് വർക്ക് ഫ്രം ഹോം. ഓഫീസിൽ നിശ്ചിത സമയം മാത്രം ചെയ്യേണ്ടിയിരുന്ന ജോലി വർക്ക് ഫ്രം ഹോം ആയപ്പോൾ സമയം കൂടിയെന്ന പരാതിയാണ് പലർക്കുമുള്ളത്.
എന്നാൽ ഭർത്താവിന്റെ വർക് ഫ്രം ഹോം സംവിധാനം പിൻവലിച്ച് അദ്ദേഹത്തെ ഓഫീസിലെത്തിക്കണമെന്ന് അഭ്യർഥിക്കുന്ന ഭാര്യയുടെ കത്താണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ.
ബിസിനസുകാരനായ ഹർഷ് ഗോയങ്കയാണ് കത്തിന്റെ ചിത്രം പങ്കുവച്ചിരിക്കുന്നത്. എങ്ങനെ പ്രതികരിക്കണമെന്ന് അറിയില്ല എന്ന ക്യാപ്ഷനോടെയാണ് ഹർഷ് ഗോയങ്ക ചിത്രം പങ്കുവച്ചിരിക്കുന്നത്.
താങ്കളുടെ തൊഴിലാളി മനോജിന്റെ ഭാര്യയാണ് എന്നു പറഞ്ഞാണ് കത്തു തുടങ്ങുന്നത്.
അദ്ദേഹത്തെ ഇനിമുതൽ ഓഫീസിലെത്തി ജോലി ചെയ്യാൻ അനുവദിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.
തന്റെ ഭർത്താവ് രണ്ട് ഡോസ് വാക്സിൻ എടുത്തെന്നും എല്ലാ കോവിഡ് പ്രോട്ടോക്കോളുകളും ഭർത്താവ് പാലിക്കുമെന്നും കത്തിൽ പറയുന്നു.
വർക് ഫ്രം ഹോം തുടർന്നാൽ തങ്ങളുടെ വിവാഹബന്ധം നീണ്ടുനിൽക്കില്ല. ഒരുദിവസം പത്തുതവണയോളം ചായ കുടിക്കും.
പല മുറികളിലായി ഇരിക്കുകയും അവയൊക്കെ വൃത്തികേടാക്കുകയും ചെയ്യും. എപ്പോഴും ഭക്ഷണം ചോദിക്കുന്നുമുണ്ട്.
മാത്രവുമല്ല ജോലിക്കിടെ ഉറങ്ങുന്നതുപോലും കണ്ടിട്ടുണ്ട്.
തനിക്ക് രണ്ടുകുട്ടികളുടെ കാര്യം കൂടി നോക്കാനുണ്ടെന്നും തന്റെ മാനസികാരോഗ്യം തിരിച്ചുകിട്ടാന്‍ താങ്കളുടെ സഹായം തേടുന്നുവെന്നും പറഞ്ഞാണ് കത്ത് അവസാനിപ്പിക്കുന്നത്. നിരവധി പേരാണ് കത്ത് പങ്കുവച്ചിരിക്കുന്നത്.