കോഴിക്കോട്: നാടക സംവിധായകൻ എ. ശാന്തന്റെ അനുസ്മരണ ചടങ്ങിൽ നിന്ന് നടൻ ഹരീഷ് പേരടിയെ ഒഴിവാക്കിയതിൽ വിശദീകരണവുമായി പുരോഗമന കലാ സാഹിത്യ സംഘം (പുകസ).
ഇടതുപക്ഷത്തെയും മുഖ്യമന്ത്രിയെയും നിന്ദ്യമായ ഭാഷയിൽ അധിക്ഷേപിച്ചത് കൊണ്ടാണ് ശാന്തൻ അനുസ്മരണ പരിപാടിയിൽ നിന്ന് ഹരീഷ് പേരടിയെ ഒഴിവാക്കിയതെന്ന് പുകസ കോഴിക്കോട് ജില്ലാ സെക്രട്ടറി യു. ഹേമന്ദ്കുമാർ പറഞ്ഞു.
കറുത്ത മാസ്ക് സംബന്ധിച്ച ഹരീഷിന്റെ ഫേസ്ബുക്ക് പോസ്റ്റും തീരുമാനമെടുക്കാൻ പ്രേരിപ്പിച്ചു.
എന്നാൽ ചടങ്ങിൽ നിന്ന് ഒഴിവാക്കുന്ന കാര്യം ഹരീഷിനെ അറിയിക്കാൻ വൈകിപ്പോയെന്ന് പുകസ വ്യക്തമാക്കി.
എ. ശാന്തന്റെ അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത് ഹരീഷായിരുന്നു.
എന്നാൽ അവസാന നിമിഷം വരേണ്ടെന്ന് വിളിച്ചറിയിക്കുകയായിരുന്നെന്ന് ഹരീഷ് പേരടി പറഞ്ഞിരുന്നു.
ചടങ്ങിൽ പങ്കെടുക്കാൻ പുറപ്പെട്ടതിനു ശേഷമാണ് സംഘാടകർ തന്നോട് വരേണ്ടെന്ന് അറിയിച്ചതെന്നും ഹരീഷ് പറയുന്നു.