കൊച്ചി: ഭാര്യയെയും മകനെയും തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിച്ചു മതംമാറ്റിയെന്നും അവരെ വിട്ടുകിട്ടണമെന്നും ആവശ്യപ്പെട്ട് സിപിഎം മുന്‍ ബ്രാഞ്ച് കമ്മിറ്റിയംഗമായ മലപ്പുറം തേഞ്ഞിപ്പലം സ്വദേശി പി.ടി. ഗില്‍ബര്‍ട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്കി.
ഹര്‍ജിയില്‍ യുവതിയെയും മകനെയും ഒരാഴ്ചയ്ക്കകം ഹാജരാക്കാന്‍ ജസ്റ്റീസ് കെ. വിനോദ് ചന്ദ്രന്, ജസ്റ്റീസ് എം.ആര്. അനിത എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് ഉത്തരവിട്ടു.
സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനോടു ഹൈക്കോടതി വിശദീകരണവും തേടി.
ഹര്‍ജിക്കാരന്റെ ഭാര്യ ഷൈനി, പതിമൂന്നുകാരനായ മകന് ആകാശ് എന്നിവരെ ഇസ്ലാംമത വിശ്വാസികളായ അയല്‍ക്കാര്‍ തട്ടിക്കൊണ്ടുപോയി കോഴിക്കോട്ടെ തര്‍ബിയത്തുല്‍ ഇസ്ലാം സഭയിലെത്തിച്ചു മതപരിവര്‍ത്തനം നടത്തിയെന്നാണു ഹര്‍ജിക്കാരന്റെ പരാതി.
ഈ സംഭവത്തെത്തുടര്‍ന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കടക്കം പരാതി നല്‍കിയെന്നും നടപടിയുണ്ടായില്ലെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.
കേരളത്തില്‍ തീവ്രവാദസംഘടനയായ ഐഎസിന്റെ സ്ലീപ്പിംഗ് സെല്ലുകളുണ്ടെന്നു ഡിജിപിതന്നെ വെളിപ്പെടുത്തിയിട്ടുണ്ടെന്നും ഇതുസംബന്ധിച്ച് അന്വേഷണം വേണമെന്നും ഹര്‍ജിയില്‍ പറയുന്നു.
കണ്ണൂര്‍ ഇരിട്ടി സ്വദേശിയായ ഗില്‍ബര്‍ട്ട് തേഞ്ഞിപ്പലത്ത് വാടകയ്ക്കു താമസിച്ചു ടാക്സി സര്‍വീസ് നടത്തിയാണു കുടുംബം പുലര്‍ത്തിയിരുന്നത്.
അയല്‍ക്കാരായ യൂനുസ്, നസീമ, ബുഷറ എന്നിവര്‍ ചേര്‍ന്നാണു ഭാര്യയെയും മകനെയും കടത്തിയതെന്നു ഹര്ജിക്കാരന് പറയുന്നു.
ഇസ്ലാം മതം സ്വീകരിച്ചാല്‍ സ്വന്തമായി വീടും 25 ലക്ഷം രൂപയും നല്‍കാമെന്ന് ഇവര്‍ തന്നോടു പറഞ്ഞിരുന്നു. താനിതു നിഷേധിക്കുകയും ചെയ്തിരുന്നു.
ജൂണ്‍ ഒമ്പതിന് താന്‍ ജോലിക്കു പോയ സമയം നോക്കി ഇവര്‍ മറ്റു ചിലരെക്കൂട്ടി വീട്ടിലെത്തി ഷൈനിയെയും മകനെയും കടത്തിക്കൊണ്ടുപോയി.
മതപരിവര്‍ത്തനം നടത്തി. ഭാര്യയെയും മകനെയും വിദേശത്തേക്കു കടത്തുമോയെന്ന് ആശങ്കയുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി ഏഴിന് വീണ്ടും പരിഗണിക്കും.