ഇംഗ്ലണ്ടില്‍ പ്രശസ്തരായ രണ്ടു ഹാരിമാരാണുള്ളത്. ഒരാള്‍ ഹാരി രാജകുമാരനാണെങ്കില്‍ മറ്റെയാള്‍ ഇംഗ്ലീഷ് ഫുട്ബോളിന്റെ രാജാവായ ഹാരി കെയ്നാണ്. ഹാരി രാജകുമാരനായത് പാരമ്പര്യത്താലാണെങ്കില് ഹാരി കെയ്ന്‍ എന്ന പ്രതിഭയെ ഇംഗ്ലീഷ് ഫുട്ബോളിന്റെ രാജാവായ ത് കളി വൈഭവം കൊ ണ്ടാണ്. ലോകത്തിലെ ഏറ്റവും കരുത്തുറ്റ പോരാട്ടം നടക്കുന്ന ഫുട്ബോള്‍ ലീഗായ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വമ്പന്മാരോട് പോരാടാന്‍ ടോട്ടനം ഹോട്സ്പറിന് ഇന്ധനമാകുന്നതും ഹാരി കെയ്നിന്റെ കാലുകളാണ്.
ശനിയാഴ്ച സതാംപ്ടണെതിരേ നേടിയ ഹാട്രിക്കോടെ കെയ്ന്‍ മറികടന്നത് രണ്ട് ഇതിഹാസങ്ങളെയാണ്. കലണ്ടര്‍ വര്‍ഷം 39 പ്രീമിയര്‍ ലീഗ് ഗോളുകള്‍ എന്ന സ്വപ്നസമാനമായ നേട്ടം കെയ്ന്‍ സ്വന്തമാക്കിയപ്പോള്‍ പിന്നിലായത് പ്രീമിയര്‍ ലീഗിലെ എക്കാലത്തെയും മികച്ച സ്ട്രൈക്കര്‍മാരിലൊരാളായ അലന് ഷിയററാണ്്. ഈ ഹാട്രിക്കോടെ കലണ്ടര്‍ വര്‍ഷം ക്ലബ്ബിനും രാജ്യത്തിനുമായി 56 ഗോളുകള്‍ ഹാരി കെയ്ന്‍ അടിച്ചു കൂട്ടിയപ്പോള്‍ പിന്നിലായത് ഇക്കാല ഘട്ടത്തിലെ ഏറ്റവും മികച്ച കളിക്കാരനെന്നു ലോകം വാഴ്ത്തുന്ന ലയണല്‍ മെസിയായിരുന്നു.
ഒരു ഗോളടിച്ചാല്‍ സ്വന്തം നാട്ടുകാരനായ ഷിയററെയും രണ്ടു ഗോളടിച്ചാല്‍ അര്‍ജന്റീനിയന്‍ ഇതിഹാസം ലയണല്‍ മെസിയെയും മറികടക്കാമെന്ന നിലയില്‍ കളത്തിലിറങ്ങിയ കെയ്ന്‍ 22-ാം മിനിറ്റില്‍ തന്നെ ഷിയററെ മറികടന്നു. ക്രിസ്റ്റ്യന്‍ എറിക്സണിന്റെ ഫ്രീകിക്കില്‍ തലകൊണ്ടു വലയിലെത്തിച്ചപ്പോള്‍ പഴങ്കഥയായത് ഷിയററുടെ 22 വര്‍ഷം പഴക്കമുള്ള റിക്കാര്‍ഡ്.
39-ാം മിനിറ്റില്‍ മെസിയും ഈ ഇരുപത്തിനാലുകാരനു പിന്നിലായി. അതുകൊണ്ടും തീര്‍ന്നില്ല കെയ്ന്റെ ഗോള്‍ദാഹം. രണ്ടാം പകുതിയില്‍ ഹാട്രിക്കും ടീമിന്റെ അഞ്ചാംഗോളും നേടിയാണ് ടോട്ടനം താരം റിക്കാര്‍ഡ് ആഘോഷിച്ചത്. കലണ്ടര്‍ വര്‍ഷം ആറു പ്രീമിയര്‍ ലീഗ് ഹാട്രിക് എന്ന റിക്കാര്‍ഡും ഇതോടൊപ്പം കെയ്നെ തേടിയെത്തി.
2009ല്‍ ടോട്ടനമിനൊപ്പം ചേര്‍ന്ന കെയ്ന്‍ ലോകശ്രദ്ധ പിടിച്ചുപറ്റുന്നത് 2014-15 സീസണിലാണ്. അന്ന് 34 കളികളില്‍ നിന്ന് 21 ഗോളുകളാണ് കെയ്ന്‍ അടിച്ചുകൂട്ടിയത്. പ്രീമിയര്‍ ലീഗിലെ ഗോളെണ്ണത്തില്‍ സെര്‍ജിയോ അഗ്വേറോയ്ക്കു മാത്രം പിന്നില്‍. എന്നാല്‍ അടുത്ത സീസണില്‍ കെയ്ന്‍ കണക്കു തീര്‍ത്തു. സീസണില്‍ എല്ലാ കളിയും കളിച്ച കെയ്ന്‍ 25 ഗോളുകളോടെ പ്രീമിയര്‍ ലീഗിലെ ഏറ്റവും മികച്ച ഗോള്‍വേട്ടക്കാരനായി.
ഒരു ഗോളിന്റെ ഭൂരിപക്ഷത്തില്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയതാവട്ടെ അഗ്വേറോയെയും. 2016-17 സീസണില്‍ കെയ്ന്റെ ബൂട്ടുകള്‍ കൂടുതല്‍ കരുത്താര്‍ജിച്ചു. മുപ്പതു കളികളില്‍ നിന്ന് അടിച്ചു കൂട്ടിയത് 29 ഗോൾ. ഒപ്പം തുടര്‍ച്ചയായ രണ്ടാം ടോപ്സ്കോറര്‍ പട്ടവും. ഈ സീസണിലും ആ ബൂട്ടുകള്‍ ഗോളടി തുടരുകയാണ്. കഴിഞ്ഞ രണ്ടു കളിയില്‍നിന്ന് അടിച്ചു കൂട്ടിയ ആറു ഗോളുകള്‍ തന്നെ ദൃഷ്ടാന്തം. 19 കളികളില്‍ നിന്ന് 18 ഗോളുകളുമായി കെയ്ന്‍ തന്നെയാണ് ടോപ്സ്കോറര്‍ മത്സരത്തില്‍ ഒന്നാമത്.
ക്ലബ് ഫുട്ബോളിലെ മികവ് ദേശീയ ജഴ്സിയിലും ആവര്‍ത്തിക്കുന്ന കെയ്ന്‍ ഇംഗ്ലീഷ് കുപ്പായത്തില്‍ ഇതുവരെ 12 ഗോളുകള്‍ നേടിക്കഴിഞ്ഞു. വാല്‍ത്താംസ്റ്റോയില്‍ നിന്നുള്ള ഈ പത്താം നമ്പര്‍ ജഴ്സിക്കാരനെ ബ്രിട്ടീഷ് ജനത നെഞ്ചേറ്റിക്കഴിഞ്ഞു. റൂണിക്ക് കഴിയാഞ്ഞത് കെയ്ന്‍ കഴിയുമെന്ന് അവര്‍ ഉറച്ചു വിശ്വസിക്കുന്നു. ബോബി ചാള്ട്ടന്, ജോര്‍ജ് ബെസ്റ്റ്, ഗാരി ലിനേക്കര്‍, ഡേവിഡ് ബെക്കാം, മൈക്കള്‍ ഓവന്, വെയ്ന്‍ റൂണി തുടങ്ങിയ മഹാരഥന്മാര് പതാകവാഹകരായ ഇംഗ്ലീഷ് ഫുട്ബോള്‍ പാരമ്പര്യം നിലനിര്‍ത്തുക എന്ന ചുമതലയാവും കെയ്നുണ്ടാവുക.
അജിത് ജി. നായര്‍