നേഷന്‍സ് ലീഗിനുള്ള ഇംഗ്ലണ്ട് ടീമിലേക്ക് പരിക്കേറ്റ നായകന് ഹാരി കെയ്നെ ഉള്‍പ്പെടുത്തി. ചാമ്പ്യന്‍സ് ലീഗ് ആദ്യപാദ ക്വാര്‍ട്ടര്‍ ഫൈനലില്‍ കാലിനു പരിക്കേറ്റശേഷം ഇതുവരെ കെയ്ന്‍ കളിക്കളത്തില്‍ മടങ്ങിയെത്താനായിട്ടില്ല.
പ്രാഥമിക നേഷന്‍സ് ലീഗിന്റെ സെമി ഫൈനലില്‍ നെതര്‍ലന്‍ഡ്സാണ് ഇംഗ്ലണ്ടിന്റെ എതിരാളികള്‍. യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ കളിക്കുന്ന ലിവര്‍പൂള്‍-ടോട്ടനം ടീമിലെ ഒമ്പത് പേരാണ് ഇംഗ്ലണ്ടിന്റെ 27 അംഗ ടീമിലുള്ളത്. ചെല്‍സിയുടെ മധ്യനിരതാരം റൂബന്‍ ലോഫ്റ്റസ് ചീക്കിന് ടീമില്‍ സ്ഥാനം നഷ്ടമായി. പരിക്കാണ് താരത്തിന് തിരിച്ചടിയായത്.
ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ കളിക്കാനുള്ള ഒരുക്കത്തിലാണ് കെയ്നെന്നും അദ്ദേഹത്തിനായി ഇംഗ്ലണ്ട് ടീമിന്റെ വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണെന്നും പരിശീലകന് ഗാരത് സൗത്ഗേറ്റ് പറഞ്ഞു. ഇതിനുശേഷം മാത്രമേ കൂടുതല്‍ എന്തെങ്കിലും പറയാനാകൂവെന്നും പരിശീലകന് പറഞ്ഞു.
ചാമ്പ്യന്‍സ് ലീഗ് ഫൈനലിനു പുറമെ യൂറോപ്പ ലീഗ് ഫൈനലില്‍ ചെല്‍സിയും ആഴ്സണലും ഏറ്റുമുട്ടുന്നതുകൊണ്ട് സൗത്ത്ഗേറ്റിന് ഇംഗ്ലീഷ് ടീമിലേക്കു കളിക്കാരെ ലഭിക്കാന്‍ കുറച്ചു സമയമേ ലഭിക്കൂ. ജൂണ്‍ മൂന്നിനുശേഷമേ ഇവരെല്ലാം ഒന്നിക്കൂ.