കാട്ടാക്കട: രോഗത്തെ കീഴടക്കി വിജയകിരീടം ചൂടി ഹരികൃഷ്ണൻ. വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷയിലാണ് മലയിൻകീഴ് വിഎച്ച്എസ്ഇയിലെ കംപ്യൂട്ടറൈസ്ഡ് ഓഫീസ് മാനേജ്മെന്റ് വിദ്യാർഥിയായ ഹരികൃഷ്ണൻ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയത്.
നട്ടെല്ലിലെ അണുബാധയെത്തുടർന്ന് അരയ്ക്കു താഴെ ചലനശേഷി നഷ്ടപ്പെട്ട മലയിൻകീഴ് ചിറ്റിയൂർക്കോട് വൈഷ്ണവത്തിൽ ഹരികൃഷ്ണന് ട്രാൻസ്ലേറ്റ്സ് മൈലറ്റീസ് എന്ന രോഗമാണ്.ശ്രീചിത്രാ മെഡിക്കൽ സെന്ററിലെ ചികിത്സയിലാണ് രോഗം കണ്ടെത്തിയത്.
2014-ഡിസംബർ 23ന് കൂട്ടുകാർക്കൊപ്പം ക്രിക്കറ്റ് കളിച്ചിട്ട് വീട്ടിൽ വന്ന കുട്ടി ഛർദിച്ച് കുഴഞ്ഞുവീഴുകയായിരുന്നു. ഇപ്പോഴും ഇടയ്ക്കിടയ്ക്കു പനിയുടെ രൂപത്തിൽ രോഗം തലപൊക്കും. വീണ്ടും ചികിത്സ നടത്തണം.വിഎച്ച്എസ്ഇയ്ക്കു ചേർന്ന ശേഷം ഓണംവരെ സ്കൂളിൽ പോയിരുന്നു.
പിന്നെ ലോക്ഡൗണായതോടെ പഠനം ഓൺലൈനിലായി. പഠനത്തിന് അധ്യാപകരും കൂട്ടുകാരും സഹായിച്ചു. സ്കൂളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി വിജയിച്ച മൂന്നുപേരിലൊരാളാണ് ഹരി. എസ്എസ്എൽസിക്ക് ഒൻപത് വിഷയങ്ങളിൽ എ പ്ലസുണ്ടായിരുന്നു.
വിദേശത്തായിരുന്ന അച്ഛൻ ഹേമചന്ദ്രൻ മകന് രോഗം വന്നതോടെ നാട്ടിൽ വന്നതാണ്.പിന്നെ തിരിച്ചുപോയില്ല. ഇപ്പോൾ കട നടത്തുന്നു.അമ്മ: സുമ. സഹോദരി: ദേവിക. രണ്ടു വർഷം മുൻപ് ജില്ലാപഞ്ചായത്ത് നൽകിയ സ്വയം നിയന്ത്രിക്കാവുന്ന ചക്രക്കസേരയിലാണ് ഹരിയുടെ സഞ്ചാരം.കൊമേഴ്സിൽ ബിരുദം നേടി കംപ്യൂട്ടർ മേഖലയിൽ ഉയർന്ന ജോലി നേടണമെന്നാണ് ഹരിയുടെ ആഗ്രഹം.