കോട്ടയം: ഇ.ശ്രീധരൻ ബിജെപിയിൽ ചേർന്നതിനു പിന്നാലെ അദ്ദേഹത്തിന്റെ മരുമകൻ വീണ്ടും വാർത്തകളിൽ നിറയുന്നു;
13,000 കോടി മൂല്യമുള്ള ബിഗ് ബാസ്കറ്റ് എന്ന ഒാൺലൈൻ ഗ്രോസറി സ്റ്റോറിന്റെ സഹസ്ഥാപകനും സിഇഒയുമാണ് ഇ. ശ്രീധരന്റെ മരുമകൻ ഹരി മേനോൻ.ശ്രീധരന്റെ മകൾ ശാന്തി മേനോനെയാണ് ഇദ്ദേഹം വിവാഹം ചെയ്തിരിക്കുന്നത്.
ശ്രീധരൻ ബിജെപിയിൽ ചേർന്നതിനു പിന്നാലെ ബിഗ് ബാസ്കറ്റുമായി ബന്ധപ്പെട്ട ചില വിവാദങ്ങളാണ് വീണ്ടും വാർത്തകളിൽ നിറയുന്നത്. 2020 ഒക്ടോബറിൽ ബിഗ് ബാസ്കറ്റ് വലിയൊരു വിവാദത്തിൽ അകപ്പെട്ടിരുന്നു.
ഡാറ്റ ചോർത്തൽ വിവാദത്തിലാണ് ബിഗ് ബാസ്കറ്റ് ഉൾപ്പെട്ടത്. രണ്ടു കോടി ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ഡാർക്ക് വെബിൽ വില്പനയ്ക്കായി പ്രത്യക്ഷപ്പെട്ടതുമായി ബന്ധപ്പെട്ടാണ് ബിഗ് ബാസ്കറ്റിനെതിരേ ആരോപണം ഉയർന്നത്.
കസ്റ്റമർമാരുടെ ഇ മെയിൽ, ഐഡി വിവരങ്ങൾ, ഐപി അഡ്രസ് തുടങ്ങിയവ ചോർന്നെന്നായിരുന്നു വിവാദം. ഇതിനെതിരേ അന്വേഷണവും നടന്നിരുന്നു.
ഇതിനിടെ, ബിഗ് ബാസ്കറ്റിന്റെ 68 ശതമാനം ഒാഹരികൾ 9500 കോടിക്കു ടാറ്റ ഗ്രൂപ്പിനു കൈമാറാൻ ധാരണയിലെത്തിയിരുന്നതായി റിപ്പോർട്ടുണ്ട്. ഈ വൻ ഇടപാടിനു കേന്ദ്രസർക്കാരിന്റെ അനുമതി വേണം.
ബിഗ്ബാസ്കറ്റിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് ഈ ഇടപാട് ഒഴിവാക്കാൻ പറ്റാത്തതാണെന്നും ചൂണ്ടാക്കാട്ടപ്പെടുന്നു. അന്വേഷണവും ഒാഹരി ഇടപാടും സജീവമായി നിൽക്കെയാണ് ഇ.ശ്രീധരൻ ബിജെപി പാളയത്തിലേക്ക് എത്തിയിരിക്കുന്നത്.
ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയാകാൻ തയാറാണെന്നു പ്രഖ്യാപിച്ച ഇ.ശ്രീധരൻ മുഖ്യമന്ത്രി പിണറായി വിജയനെതിരേയും എൽഡിഎഫ് സർക്കാരിനെതിരേയും കടുത്ത വിമർശനം ഉയർത്തിയിരുന്നു.
ബിജെപിയിൽ കൊള്ളാവുന്ന നേതാക്കളില്ലെന്നതടക്കമുള്ള അദ്ദേഹത്തിന്റെ ചില പ്രസ്താവനകൾക്കെതിരേ ബിജെപി പ്രസിഡന്റ് കെ.സുരേന്ദ്രൻ തന്നെ രംഗത്തുവന്നു.