സ്വന്തം ലേഖകൻ
തലശേരി: പുന്നോൽ താഴെവയലിൽ സിപിഎം പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ബി ജെപി മണ്ഡലം പ്രസിഡന്റും ആർഎസ്എസ് ശാഖ മുഖ്യ ശിക്ഷക്കും ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ.
മത്സ്യബന്ധന തൊഴിലാളിയായ താഴെവയൽ കൊരമ്പിൽ താഴെകുനിയിൽ ഹരിദാസ (54) നെ കൊലപ്പെടുത്തിയ കേസിലാണ് ബിജെപി മണ്ഡലം പ്രസിഡന്റും തലശേരി നഗരസഭാ കൗൺസിലറുമായ കൊമ്മൽ വയൽ ശ്രീ ശങ്കരനെല്ലൂർ വീട്ടിൽ ലിജേഷ് , ആർഎസ്എസ് ശാഖ മുഖ്യ ശിക്ഷക് പുന്നോൽ ദേവികയിൽ അമൽ മനോഹരൻ, പുന്നോലിലെ ആർഎസ്എസ് ഖണ്ഡ് പ്രമുഖ് വിമിൻ ,ഗോപാൽ പേട്ട സുമേഷ് നിവാസിൽ സുനേഷ് എന്ന മണി എന്നിവർ അറസ്റ്റിലായത്. ഗൂഢാലോചന കുറ്റത്തിനാണ് നാല് പേരും അറസ്റ്റിലായിട്ടുള്ളതന്ന് പോലീസ് പറഞ്ഞു.
പ്രതികൾ തമ്മിൽ നടത്തിയ വാട്സാപ്പ് കോളുകൾ ഉൾപ്പെടെ പരിശോധിക്കുകയും മറ്റ് തെളിവുകൾ ശേഖരിക്കുകയും ചെയ്ത ശേഷമാണ് ഇന്ന് പുലർച്ചെ നാലോടെ നാല് പേരുടേയും അറസ്റ്റ് രേഖപ്പെടുത്തിയത്.
ഇന്നലെ പകൽ കസ്റ്റഡിയിലെടുത്ത നാല് പേരേയും സിറ്റി പോലീസ് കമ്മിഷണർ ആർ.ഇളങ്കോ, അഡീഷണൽ എസ്പി പ്രിൻസ് അബ്രഹാം എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ചോദ്യം ചെയ്തത്.
നാല് പേരടങ്ങുന്ന സംഘമാണ് ഹരിദാസനെ വെട്ടിക്കൊലപ്പെടുത്തിയതെന്നാണ് പോലീസിന് ലഭിച്ചിട്ടുള്ള വിവരം. ഓപ്പറേഷൻ നടത്തിയ നാല് പേരേയും അന്വേഷണ സംഘം തിരിച്ചറിഞ്ഞു.
ഇവരെ പിടികൂടാൻ പോലീസ് വിവിധ മേഖലകളിൽ റെയ്ഡ് നടത്തി വരികയാണ്. കൊലപാതകം നടന്ന് 27 മണിക്കൂറിനുള്ളിൽ നാല് പ്രതികളുടെ അറസ്റ്റാണ് ഇപ്പോൾ പോലീസ് രേഖപ്പെടുത്തിയിട്ടുള്ളത്.
നിലവിൽ കസ്റ്റഡിയിലുളള മൂന്ന് പേരെ കൂടി പോലീസ് ചോദ്യം ചെയ്തു വരികയാണ്. കൊലപാതകത്തിനു ശേഷം തുടർന്നിങ്ങോട്ട് അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്യാത്തത് പോലീസിനും ഒപ്പം ജനങ്ങൾക്കും നേരിയ ആശ്വാസം നൽകിയിട്ടുണ്ട്.
സംഘർഷ മേഖലയിൽ പോലീസ് ശക്തമായ കാവൽ തുടരുകയാണ്. കൊലപാതകം നടന്ന സ്ഥലത്തും പരിസര പ്രദേശങ്ങളിലും ഇന്നലെ ഫോറൻസിക് സംഘവും ഡോഗ് സ്ക്വാഡും പരിശോധന നടത്തി.
സംഭവ സ്ഥലത്ത് കണ്ടെടുത്ത വാളും ഇരുമ്പ് ദണ്ഡപം വിദഗ്ധ പരിശോധനക്കായി ഫോറൻസിക് ലാബിലേക്കയച്ചതായി പോലീസ് പറഞ്ഞു.