സ്വന്തം ലേഖകൻ
തലശേരി: പുന്നോൽ താഴെവയലിൽ സിപിഎം പ്രവർത്തകൻ കൊരമ്പിൽ താഴെകുനിയിൽ ഹരിദാസ(54)നെ കൊലപ്പെടുത്തിയ നാലംഗ സംഘത്തിൽ രണ്ടുപേർ കർണാടകയിലേക്ക് കടന്നതായി സൂചന.
പ്രതികൾക്കായി പോലീസ് അന്തർ സംസ്ഥാന തലത്തിൽ തെരച്ചിൽ നടത്തി വരികയാണ്.കേസിന്റെ അന്വേഷണ പുരോഗതി വിലയിരുത്താൻ ഐ ജി അശോക് യാദവ് ഇന്ന് കണ്ണൂരിലെത്തും.
അന്വേഷണം ഊർജിതമായി നടക്കുകയാണെന്നും കൊലയാളി സംഘം ഉടൻ പിടിയിലാകുമെന്നും ഡി ഐ ജി രാഹുൽ ആർ. നായർ രാഷ്ട്രദീപികയോട് പറഞ്ഞു. അതിനിടെ ഒരാളെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സോഷ്യൽമീഡിയ ഉപയോഗിച്ച്
വാട്സ് ആപ്പ് കോളിലൂടെയും മെസേജുകളിലൂടെയുമുള്ള നീക്കത്തിലൂടെയാണ് അക്രമി സംഘം ഹരിദാസിനെ വക വരുത്തിയതെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. വാട്സ് ആപ് കോളുകളുടെ വിശദ വിവരങ്ങൾ ശേഖരിക്കാനുള്ള നീക്കത്തിലാണ് പോലീസ് സംഘം.
ഇതിനായി ചില ഹാക്കർമാരുടെ സേവനം ലഭ്യമാക്കുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്. സ്വകാര്യ മേഖലയിലെ അതിവിദഗ്ധൻമാരുടെ സഹായം തേടാനാണ് നീക്കം ആരംഭിച്ചിരിക്കുന്നത്.
വാട്സ്ആപ് കോളുകളുടെ വിവരങ്ങൾ ശേഖരിക്കാനാവില്ലെന്നാണ് നിലവിലുള്ള ധാരണ. എന്നാൽ, അതിവിദഗ്ധൻമാർക്ക് ഇവ ശേഖരിക്കാനാവുമെന്ന ഉപദേശമാണ് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുള്ളത്.
ഇതിന്റെ അടിസ്ഥാനത്തിൽ അതീവ രഹസ്യമായി വിലപ്പെട്ട ചില “ഹാക്കർമാരുടെ’ സഹായം പോലീസ് തേടിയിട്ടുള്ളതായും അറിയുന്നു.
നിലവിൽ അറസ്റ്റിലായ നാല് പ്രതികളുടേയും ഫോണുകളുടെ കോൾ വിവരങ്ങൾ പോലീസ് ശേഖരിച്ചു കഴിഞ്ഞു. ഫോൺ കോളുകളുടെ പരിശോധന നടന്നു വരികയാണ്.
ഫോൺ കോൾ പരിശോധനയിൽ ചില നിർണായക വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.
റിമാൻഡ് ചെയ്തു
സംഭവത്തിൽ അറസ്റ്റിലായ ബി ജെ പി മണ്ഡലം പ്രസിഡന്റ് കൊമ്മൽ വയൽ ശ്രീ ശങ്കരനെല്ലൂർ വീട്ടിൽ ലിജേഷ് , ആർ എസ് എസ് ശാഖ മുഖ്യ ശിക്ഷക് പുന്നോൽ ദേവികയിൽ അമൽ മനോഹരൻ, ആർഎസ്എസ് ഖണ്ഡ് പ്രമുഖ് വിമിൻ, ഗോപാൽ പേട്ട സുമേഷ് നിവാസിൽ സുനേഷ് എന്നിവരെ കോടതി പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
കൂടുതൽ ശാസ്ത്രീയ തെളിവെടുപ്പുകൾക്കായി നാല് പ്രതികളേയും പോലീസ് കസ്റ്റഡിയിൽ വാങ്ങും. സംഭവവുമായി ബന്ധപ്പെട്ട് ഇന്നലെ ഒരാളെ കൂടി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്.
ഇന്നലെ അറസ്റ്റിലായിട്ടുള്ള നാല് പ്രതികൾക്കും എതിരെ ഗൂഢാലോചന കുറ്റമാണ് ചുമത്തിയിട്ടുള്ളത്. ഇന്നു രാവിലെ ഹരിദാസന്റെ വീട് സിപിഎം നേതാവും ഖാദി ബോർഡ് വൈസ് ചെയർമാനുമായ പി. ജയരാജൻ സന്ദർശിച്ചു. സിപിഎം നേതാവ് കാരായി രാജനും ഒപ്പമുണ്ടായിരുന്നു.