തിരുവനന്തപുരം: കണ്ണൂരിലെ സിപിഎം പ്രവർത്തകൻ ഹരിദാസിന്റെ കൊലപാതകത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ആർഎസ്എസ് പരിശീലനം കിട്ടിയവരാണ് കൊലപാതകം നടത്തിയത്.
കേരളമൊട്ടാകെ അക്രമം നടത്താനാണ് ആർഎസ്എസ് ശ്രമിക്കുന്നത്. കേരളത്തെ കലാപഭൂമിയാക്കാനാണ് ആർഎസ്എസിന്റെ നീക്കമെന്നും കോടിയേരി പറഞ്ഞു.
പാർട്ടി പ്രവർത്തകർ ഇതിനെതിരെ ബഹുജനപിന്തുണയോടെ ഇവരെ ഒറ്റപ്പെടുത്തണം. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
തലശേരിയിലെ കൊലപാതകം ആസൂത്രിതമെന്ന് എം.വി.ജയരാജൻ
കണ്ണൂർ: തലശേരിയിൽ സിപിഎം പ്രവർത്തകനെ വെട്ടി കൊലപ്പെടുത്തിയതിന് പിന്നിൽ ആർഎസ് എസ് സംഘമാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ. കൊലപാതകം ആസൂത്രിതമാണ്.
ഒരു ടീമിന് കിട്ടിയില്ലെങ്കിൽ മറ്റൊരു ടീമിന് ഹരിദാസനെ വെട്ടി കൊലപ്പെടുത്താൻ കഴിയണം എന്ന ഉദ്ദേശത്തോടെയാണ് ആർഎസ്എസ് കൊലപാതകം ആസൂത്രണം ചെയ്തത്. മൃഗീയമായ രീതിയിലാണ് ഹരിദാസിനെ കൊല ചെയ്തത്.
ജില്ലയിലെ സമാധാന അന്തരീക്ഷം തകർക്കുകയാണ് ആർഎസ്എസെന്നും അദ്ദേഹം പറഞ്ഞു. ഉത്സവ സ്ഥലത്തുണ്ടായ ചെറിയ തർക്കത്തെ രാഷ്ട്രീയ വത്കരിച്ച് കൊലപാതകത്തിലെത്തിക്കുന്ന ഹീനമായ പ്രവൃത്തിയാണ് ആർഎസ്എസ് ചെയ്തത്.
രണ്ട് വർഷത്തിനിടയിൽ പത്തോളം സിപി എം പ്രവർത്തകരെയാണ് ഇത്തരത്തിൽ കൊല ചെയ്തത്.ബിജെപി കൗൺസിലർ ഉൾപ്പെടെയുള്ള ഉന്നത നേതാക്കൾ ഹരിദാസിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു.
കൊലപാതകത്തിൽ ഗൂഢാലോചന നടന്നുവെന്നതിന് ഇത് തെളിവാണെന്നും പ്രഫഷ്ണൽ രീതിയിലുള്ള കൊലപാതകമാണ് തലശേരിയിൽ നടന്നതും സിപിഎം ഭൂമിയോളം ക്ഷമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കൊലപാതകത്തിനു പിന്നിൽ സമാധാന അന്തരീക്ഷം തകർക്കാനുള്ള ആർഎസ്എസ് ശ്രമം: എ.വിജയരാഘവൻ
തിരുവനന്തപുരം: തലശ്ശേരി ന്യൂമാഹിയില്‍ സിപിഎം പ്രവര്‍ത്തകനായ ഹരിദാസ് വെട്ടേറ്റ് മരിച്ച സംഭവത്തിനു പിന്നിൽ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ആര്‍എസ്എസിന്റെ ഗൂഢനീക്കമാണെന്ന് എൽഡിഎഫ് കൺവീനർ എ.വിജയരാഘവന്.
സിപിഎം പതാകദിനത്തിൽ തന്നെ കൊലപാതകം നടത്തിയത് യാദൃശ്ചികമല്ല. ആര്‍എസ്എസ് ക്രൂരതയുടെ ഏറ്റവും വലിയ ഉദാഹരണമാണിതെന്നും വിജയരാഘവന് പറഞ്ഞു.
അക്രമം സംഘടിപ്പിച്ചവരുടെ ലക്ഷ്യം നാട്ടില്‍ കലാപമുണ്ടാക്കുകയാണ്. എല്ലാ വിഭാഗം ജനങ്ങളും ഇത്തരം തെറ്റായ നീക്കങ്ങള്‍ക്ക് എതിരെ പ്രതിഷേധിക്കാന്‍ തയ്യാറാകണം.
കുടുംബാംഗങ്ങളുടെ മുന്നില്‍ വച്ചാണ് ആക്രമണമെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. നാടാകെ പ്രതിഷേധം രേഖപ്പെടുത്തണം. സംഘപരിവാറിനെ ഒറ്റപ്പെടുത്താന്‍ ഇനിയും കൂടുതല്‍ ആളുകള്‍ തയ്യാറാകണമെന്നും എ.വിജയരാഘവൻ പറഞ്ഞു.
ബിജെപിയും സിപിഎമ്മും സമാധാന അന്തരീക്ഷം തകർക്കുന്നു: മാർട്ടിൻ ജോർജ്
കണ്ണൂർ: കണ്ണൂർ ജില്ലയിലെ സമാധാന അന്തരീക്ഷം തകർക്കുകയാണ് ബിജെപിയും സിപിഎമ്മും ചെയ്യുന്നതെന്ന് ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്. ഉത്സവപ്പറന്പുകൾ രാഷ്ട്രീയ പാർട്ടികളുടെ കേന്ദ്രങ്ങളായി മാറിയിരിക്കുകയാണ്.
സിപിഎമ്മും ബിജെപിയും ഉത്സവ കമ്മിറ്റികൾ പിടിച്ചെടുക്കുകയാണ്. അതിനാൽ ഇവർ തമ്മിലുള്ള രാഷ്ട്രീയ സംഘർഷങ്ങളും ജില്ലയിൽ പതിവായിരിക്കുകയാണ്. അക്രമരാഷ്ട്രീയം നടത്തുന്ന ബിജെപിയെയും സിപിഎമ്മിനെയും ഒറ്റപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിഷേധ പ്രകടനം നടത്തും
കണ്ണൂർ: സിപിഎം പ്രവർത്തകൻ ഹരിദാസന്റെ കൊലപാതവുമായി ബന്ധപ്പെട്ട് സിപിഎം ബ്രാഞ്ച് , ലോക്കൽ, ഏരിയ കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിക്കും.
ഹരിദാസിന്റെ മൃതദേഹം കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ നിന്ന് ഇന്ന് ഉച്ചയ്ക്ക് പോസ്റ്റ്മോർട്ടത്തിന് ശേഷം പാർട്ടി നേതാക്കൾ ഏറ്റുവാങ്ങും. തുടർന്ന് പരിയാരം, ബക്കളം,കല്യാശേരി, പാപ്പിനിശേരി, പുതിയതെരു, എകെജി ആശുപത്രി, കാൾടെക്സ്,താഴെചൊവ്വ, ചാല ബൈപ്പാസ്, എടക്കാട്, മുഴപ്പിലങ്ങാട്, ധർമടം, തലശേരി സഹകരണാശുപത്രി, തലശേരി ഏരിയ കമ്മിറ്റി ഓഫീസ് എന്നിവിടങ്ങളിൽ പൊതുദർശനത്തിന് വെക്കും.
വൈകുന്നേരം അഞ്ചോടെ പുന്നോലിലെ വീട്ടിലെത്തിച്ച് സംസ്കാരം നടത്തുമെന്നും സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ അറിയിച്ചു.
അന്വേഷണം ഊർജിതമാക്കി: സിറ്റി പോലീസ് കമ്മീഷണർ
കണ്ണൂർ: തലശേരിയിൽ സിപിഎം പ്രവർത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണം ഊർജിതമാക്കിയതായി കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ആർ. ഇളങ്കോ.
കൊലപാതകത്തിനിടയാക്കിയ കാരണം എന്തെന്ന് അന്വേഷിക്കും. രാഷ്ട്രീയപരമായ കാരണങ്ങളാണോ കൊലപാതകത്തിലേക്കു നയിച്ചതെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. പ്രതികളെ ഉടൻ പിടികൂടാനുള്ള ശ്രമം ഊർജിതമാക്കിയതായും ആർ. ഇളങ്കോ മാധ്യമങ്ങളോടു പറഞ്ഞു.