തലശേരി: സിപിഎം പ്രവർത്തകനും മത്സ്യബന്ധന തൊഴിലാളിയുമായ പുന്നോൽ താഴെ വയലിലെ കെ.ഹരിദാസനെ (52) സ്വന്തം വീട്ടുമുറ്റത്തിട്ട് വെട്ടിക്കൊലപ്പെടുത്തിയ കേസിൽ അന്വഷണം അവസാന ഘട്ടത്തിലേക്ക്.
ഈ മാസം 22 നുള്ളിൽ കുറ്റപത്രം സമർപ്പിക്കാനുള്ള ഊർജിത ശ്രമത്തിലാണ് അന്വഷണ സംഘം. ആദ്യ അറസ്റ്റ് നടന്ന് 90 ദിവസം പിന്നിടുന്നതിന് മുമ്പ് തന്നെ കുറ്റപത്രം സമർപ്പിക്കുകയാണ് പോലീസ് ലക്ഷ്യമിടുന്നത്.
ഇതുവരെ നൂറിലേറെ സാക്ഷികളുടെ മൊഴികൾ പോലീസ് രേഖപ്പെടുത്തിക്കഴിഞ്ഞു. 35 തൊണ്ടി മുതലുകളും 75 മറ്റ് രേഖകളുമാണ് ശേഖരിച്ചിട്ടുള്ളത്.
ആയിരക്കണക്കിന് ഫോൺ കോൾ വിവരങ്ങളാണ് കേസിൽ തെളിവിനായി അന്വേഷണ സംഘം കോടതിയിൽ ഹാജരാക്കുക.
രാഷ്ട്രീയ കൊലപാതകത്തിൽ അധ്യാപികയായ വനിതാ പ്രതി സ്ഥാനത്തെത്തി എന്ന പ്രത്യേകതയും ഈ കേസിലുണ്ട്. 15 പ്രതികളാണ് ഇതിനകം അറസ്റ്റിലായിട്ടുള്ളത്.
നിഖിൽ നമ്പ്യാർ, ദീപു എന്നീ പ്രതികളാണ് ഇനി അറസ്റ്റിലാകാനുള്ളത്. അറസ്റ്റിലാകാനുള്ളവരിൽ ഒരാളുടെ കാമുകിയെ കഴിഞ്ഞ ദിവസം പോലീസ് വിളിച്ചു വരുത്തി ചോദ്യം ചെയ്തിരുന്നു.
അന്വഷണ സംഘത്തിനു മുന്നിൽ കൂസലില്ലാതെ മറുപടി പറഞ്ഞ ഇവരെ വിട്ടയച്ചെങ്കിലും ഇപ്പോഴും യുവതി പോലീസ് നിരീക്ഷണത്തിൽ തന്നെയാണുള്ളത്.
മുഖ്യപ്രതികളിൽ ഒരാളായ ആർഎസ്എസ് ഖണ്ഡ് കാര്യവാഹ്പുന്നോൽ ചെള്ളത്ത് മഠപ്പുരക്കടുത്ത പാറക്കണ്ടി നിജിൽദാസ് , നിജിൽ ദാസിനെ ഒളിവിൽ കഴിയാൻ സഹായിച്ച സ്വകാര്യ സ്കൂൾ അധ്യാപിക ധർമടം അണ്ടലൂർ ശ്രീനന്ദനത്തിൽ പി.എം. രേഷ്മ എന്നിവരാണ് ഒടുവിൽ അറസ്റ്റിലായത്.
മുഖ്യമന്ത്രിയുടെ വീടിന് വിളിപ്പാടകലെയാണ് നിജിൽ ദാസ് ഒളിവിൽ കഴിഞ്ഞിരുന്നത്. ഇത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് തിരി കൊളുത്തിയിരുന്നു.
കൊലക്കേസ് പ്രതിക്ക് ഒളിത്താവളമൊരുക്കിയ അധ്യാപികയുടെ വീടിനു നേരെ ബോംബാക്രമണവും നടന്നിരുന്നു.
നഗരസഭ കൗൺസിലറും ബി ജെപി മണ്ഡലം പ്രസിഡന്റുമായ ലിജേഷ് ഉൾപ്പെടെയുള്ള പ്രതികൾ റിമാൻഡിലാണുള്ളത്.
അഡീഷണൽ എസ്പി മാരായ പി.പി സദാനന്ദൻ, പ്രിൻസ് അബ്രഹാം, എ എസ് പി വിഷ്ണു പ്രദീപ്, ന്യൂമാഹി സി ഐ ലതീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.