കായംകുളം: മലേഷ്യയിൽ തൊഴിലുടമയുടെ ക്രൂര പീഡനത്തിനിരയായി നാട്ടിലെത്തിയ ഹരിപ്പാട് നീണ്ടൂർ പള്ളിപ്പാട് വാലേത്ത് വീട്ടിൽ ഹരിദാസനും കുടുംബത്തിനും സ്വന്തമായി ഒരു വീടെന്ന സ്വപ്നം പൂവണിയുന്നു. പുതിയ വീടിന്റെ തറക്കല്ലിടീൽ കർമം പ്രതിപക്ഷ നേതാവും സ്ഥലം എംഎൽഎ യുമായ രമേശ് ചെന്നിത്തല നിർവഹിച്ചു.
ജീവകാരുണ്യരംഗത്ത് പ്രവർത്തിക്കുന്ന എസ്ഡി ഫൗണ്ടേഷന്റെ സഹകരണത്തോടെയാണ് പുതിയ വീട് നിർമിച്ച് നൽകുന്നത്. അലൂമിനിയം ഷീറ്റ് കൊണ്ട് മറച്ച ഷെഡ്ഡിലാണ് ഇപ്പോൾ രണ്ട് പെണ്മക്കളുൾ പ്പെടുന്ന ഹരിദാസന്റെ കുടുംബം കഴിയുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുൻ കയ്യെടുത്താണ് വീട് നിർമിച്ചുനൽകുന്നത്.
മൂന്ന് മാസം കൊണ്ട് പണി പൂർത്തിയാക്കി താക്കോൽ കൈമാറുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം ജോണ് തോമസ്, പള്ളിപ്പാട് പഞ്ചായത്ത് പ്രസിഡന്റ് രാജേന്ദ്രക്കുറുപ്പ് തുടങ്ങിയവർ പങ്കെടുത്തു.
നടൻ മമ്മൂട്ടി ഡയറക്ടറായ പതഞ്ജലി ആയുർവേദ ചികിത്സാകേന്ദ്രത്തിൽ ഹരിദാസന് സൗജന്യ ചികിത്സ നൽകാമെന്ന് കഴിഞ്ഞ ദിവസം ബന്ധുക്കളെ അറിയിച്ചിരുന്നു. ഹരിദാസന്റെ ചികിത്സയും യാത്രാച്ചെലവും പതഞ്ജലി ഏറ്റെടുക്കും.
സ്വന്തമായി ഒരു വീട് നിർമിക്കണമെന്നും കുടുംബത്തെ പോറ്റണമെന്നുമുള്ള ആഗ്രഹം നെഞ്ചിലേറ്റിയാണ് നാലുവർഷം മുന്പ് ഹരിദാസൻ നാട്ടിൽ നിന്നും ചെന്നൈയിലുള്ള ഒരു ഏജൻസി വഴി മലേഷ്യയിലെ സലൂണിൽ ബാർബറായി ജോലിക്ക് പോയത്.
എന്നാൽ ഇവിടെ ശന്പളം നൽകാൻ തയ്യാറാകാതെ തൊഴിലുടമ ഹരിദാസനെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ആറു മാസമായി പണമൊന്നും നൽകാതെ ശരീരമാസകലം പൊള്ളലേൽപിച്ച് ഒരാഴ്ചയോളം മരുന്നും ഭക്ഷണവും നൽകാതെ പീഡിപ്പിച്ചു .
ദിവസങ്ങൾക്ക് ശേഷം സമീപത്തെ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന തമിഴ്നാട് സ്വദേശിയുടെ ഫോണിൽ നിന്ന് ഹരിദാസൻ ഭാര്യയെ വിളിച്ച് പീഡനവിവരം അറിയിക്കുകയും ശരീരത്തിൽ പൊള്ളലേൽപ്പിച്ച ചിത്രങ്ങൾ അയച്ചുകൊടുക്കുകയും ചെയ്തു.
ഇവർ ഇത് മാധ്യമങ്ങൾക്ക് നൽകിയതിലൂടെയാണ് പീഡന വിവരം പുറം ലോകം അറിഞ്ഞത്. പ്രതിപക്ഷ നേതാവും എംപി അടക്കമുള്ളവരും മലേഷ്യയിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടാണ് ഹരിദാസന് നാട്ടിലെത്താൻ അവസരമൊരുക്കിയത്.