തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിനെതിരെയുള്ള കോഴ ആരോപണ പരാതിയിൽ പരാതിക്കാരനായ മലപ്പുറം സ്വദേശി ഹരിദാസിൽനിന്ന് അന്വേഷണ സംഘം മൊഴിയെടുക്കൽ ആരംഭിച്ചു.
കന്റോണ്മെന്റ് പോലീസ് സ്റ്റേഷനിൽനിന്ന് ഒരു എസ്ഐയും സിവിൽ പോലീസ് ഓഫീസറുമാണ് മൊഴി രേഖപ്പെടുത്താനായി ഇന്നലെ രാത്രിയിൽ തിരുവനന്തപുരത്തുനിന്നു മലപ്പുറത്തേക്ക് തിരിച്ചത്. ഇന്ന് രാവിലെ അന്വേഷണ സംഘം ഹരിദാസിന്റെ വീട്ടിലെത്തി.
ആരോഗ്യ കേരള മിഷന്റെ ഓഫീസിൽനിന്ന് നിയമനം സംബന്ധിച്ചുള്ള കൂടുതൽ രേഖകള് പോലീസ് ആവശ്യപ്പെടും. സെക്രട്ടേറിയേറ്റ് അനക്സിന് സമീപത്ത് വച്ച് ആരോഗ്യമന്ത്രിയുടെ പിഎ അഖിൽ മാത്യുവിന് പണം കൈമാറിയതെന്നാണ് പരാതി.
ഇത് ഉറപ്പിക്കാൻ അഖിൽ മാത്യുവിന്റെയും ഹരിദാസിന്റെയും മൊബൈൽ ഫോൺ വിവരങ്ങളും പോലീസ് ശേഖരിക്കുന്നുണ്ട്. മുഖ്യകണ്ണിയെന്ന് സംശയിക്കുന്ന പത്തനംതിട്ട സ്വദേശി അഖിൽ സജീവിന് വേണ്ടിയുള്ള അന്വേഷണവും ഊർജിതമാക്കി.
ആരോഗ്യമന്ത്രി വീണ ജോർജിന്റെ പേഴ്സണൽ സ്റ്റാഫ് അംഗമായ അഖിൽ മാത്യുവിനെതിരെയാണ് ഹരിദാസ് ആരോപണം ഉന്നയിച്ചത്. പത്തനംതിട്ട സിഐടിയു ജില്ലാ കമ്മിറ്റി ഓഫീസിലെ മുൻ ഓഫീസ് സെക്രട്ടറി അഖിൽ സജീവാണ് ഇടനിലക്കാരനായി നിന്നതെന്നായിരുന്നു പരാതി.
സെക്രട്ടേറിയറ്റിന് സമീപത്ത് വച്ച് ഒരു ലക്ഷം രൂപ അഖിൽ മാത്യുവിന് നൽകിയെന്നായിരുന്നു ഹരിദാസിന്റെ പരാതി. മരുമകൾക്ക് ഹോമിയോ മെഡിക്കൽ ഓഫീസർ നിയമനത്തിന് വേണ്ടിയാണ് ഹരിദാസ് പണം നൽകിയത്. നിയമനം ലഭിക്കാതെ വന്നതോടെ ഹരിദാസ് ആരോഗ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു.
പതിനഞ്ച് ലക്ഷം രൂപയ്ക്കായിരുന്നു ഡീൽ ഉറപ്പിച്ചിരുന്നത്. അഡ്വാൻസായാണ് ഒരു ലക്ഷം രൂപ അഖിൽ മാത്യുവിനും 75000 രൂപ അഖിൽ സജീവിനും നൽകിയെന്നായിരുന്നു ഹരിദാസിന്റെ ആരോപണം.
എന്നാൽ ഈ പരാതി മന്ത്രിയുടെ ഓഫീസിൽ നിന്നും പോലീസിന് നൽകു
ന്നതിൽ കാലതാമസം വരുത്തിയെന്ന് ആക്ഷേപം ഉയർന്നിരുന്നു. പിന്നീട് പരാതി ഡിജിപിക്ക് നൽകിയതിനെ തുടർന്ന് സിറ്റി പോലീസ് കമ്മീഷണർക്ക് അയയ്ക്കുകയായിരുന്നു . ഇതേ തുടർന്നാണ് അന്വേഷണം നടത്താൻ സിറ്റി പോലീസ് കമ്മീഷണർ നിർദേശിച്ചത്. ഹരിദാസിന്റെയും അഖിൽ മാത്യുവിന്റെ
അതേ സമയം മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗം അഖിൽ മാത്യുവിനെതിരെ ഹരിദാസ് ആരോപണം ഉന്നയിച്ചതിനെ തുടർന്ന് അഖിൽ മാത്യു കന്റോണ്മെന്റ് പോലീസിൽ പരാതി നൽകിയിരുന്നു. തന്റെ പേരിൽ ആൾമാറാട്ടം നടത്തിയതാണെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പരാതി. അഖിൽ മാത്യുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കന്േറാണ്മെന്റ് പോലീസ് കേസെടുത്തിരുന്നു. എന്നാൽ ആരെയും പ്രതിയാക്കിയിരുന്നില്ല.
മൊഴി നൽകാൻ ഹരിദാസിനോട് ഹാജരാകാൻ പോലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഹാജരാകാനാകില്ലെന്ന് കഴിഞ്ഞ ദിവസം ഹരിദാസ് വ്യക്തമാക്കിയിരുന്നു. ഹരിദാസ് നൽകിയ പരാതിയിൽ പോലീസ് അന്വേഷണം നടത്താത്തതിനെതിരെ വിമർശനം ഉയർന്നിരുന്നു. മന്ത്രിയുടെ ഓഫീസ് ഹരിദാസിന്റെ പരാതി പോലീസിന് നൽകാൻ വൈകിയെന്നും ആരോപണം ഉയർന്നിരുന്നു.