നവാസ് മേത്തർ
തലശേരി: ഉപജീവനത്തിനായി എന്നും ഒരുമിച്ച് കടലമ്മയുടെ മടിത്തട്ടിലേക്ക് പോകുന്ന തങ്ങൾക്ക് ഹരിദാസന്റെ വേർപാട് താങ്ങാനാവുന്നതിലും അപ്പുറമാണെന്ന് ഗോപാലപ്പട്ടയിലെ മത്സ്യത്തൊഴിലാളികൾ .
അവൻ ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു. ഞങ്ങളോടൊപ്പം കടലിൽ പോകാൻ ഇനി ഹരിദാസനുണ്ടാകില്ലെന്ന് ചിന്തിക്കാനേ വയ്യ –
കൊല്ലപ്പെട്ട ഹരിദാസന്റെ സുഹൃത്തുക്കളായ വിനോദ് ജോണിനും ശ്രീവത്സനും വിചിത്രനും പ്രമോദിനും കരൾ പറിച്ചെടുത്തതുപോലെയാണ് സുഹൃത്തിന്റെ വേർപാട്.
“എന്തിനായിരുന്നു ഈ കൊടും ക്രൂരത..’ അമർഷവും രോഷവും ഉള്ളിലൊതുക്കി അവർ ചോദിക്കുന്നു.
പത്തുവർഷമായി ഒന്നിച്ച് ജോലിചെയ്യുന്ന പ്രിയപ്പെട്ട സഹപ്രവർത്തകൻ നഷ്ടപ്പെട്ടതിന്റെ തീരാവേദനയിലാണ് നാൽവർ സംഘം.
‘ഞായറാഴ്ച വൈകുന്നേരം നാലിനാണ് ഗോപാലപ്പേട്ട ഹാർബറിൽ നിന്ന് ‘അമൃതവർഷിണി’യിൽ ഹരിദാസനടക്കം 32 പേർ മത്സ്യബന്ധനത്തിന് പോയത്.
പണി മോശമായതിനാൽ രാത്രി തന്നെ മടങ്ങി. അർധരാത്രി 12 ഓടെ ഹാർബറിലെത്തി. വലയുടെ കേട് തീർത്ത് തോണിയിൽ വച്ച ശേഷം കറിക്കുള്ള മത്സ്യവുമായി തിങ്കളാഴ്ച പുലർച്ചെ ഒന്നിന് ശേഷമാണ് ഹരിദാസൻ വീട്ടിലേക്ക് പോയത്.
ഒരു തൊഴിലാളി പെട്ടിപ്പാലം ലിമിറ്റിൽ ബൈക്കിൽ ഇറക്കിയതാണ്. പതിവ് പോലെ നടന്ന് പുന്നോലിലെ വീട്ടിലെത്തി ഭാര്യയുടെ കൈയിൽ മീൻ കൊടുത്ത് കൈകഴുകാൻ മുറ്റത്ത് ഇറങ്ങിയപ്പോഴാണ് പതിയിരുന്ന സംഘം ആക്രമിച്ചത്.
നല്ല അധ്വാന ശേഷിയുള്ള തൊഴിലാളിയായിരുന്നു ഹരിദാസനെന്ന് സഹപ്രവർത്തകർ പറഞ്ഞു.
എല്ലാവരോടും സ്നേഹത്തോടെയേ പെരുമാറൂ. കടലിൽ തുള്ളാനും മീൻപിടിക്കാനുമെല്ലാം നല്ല ഉത്സാഹമായിരുന്നു.
നാളെ കാണാമെന്ന് പറഞ്ഞ് പിരിഞ്ഞ ഹരിദാസന്റെ കൊലപാതകത്തിന്റെ നടുക്കത്തിലാണിപ്പോഴും ഗോപാലപ്പേട്ടയിലെ മത്സ്യത്തൊഴിലാളികൾ.
കൊലപാതകം അപലപനീയം, ബിജെപിക്ക് പങ്കില്ല: എൻ.ഹരിദാസ്
കണ്ണൂർ: തലശേരിയിൽ നടന്ന കൊലപാതകം ഭീകരവും അപലപനീയവുമാണെന്ന് ബിജെപി കണ്ണൂർ ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.
കൊലപാതകവുമായി സംഘപരിവാർ പ്രസ്ഥാനത്തിനോ ബിജെപിക്കോ പങ്കില്ല.
കൊലയ്ക്കു പിന്നിൽ സംഘപരിവാർ പ്രസ്ഥാനം ആണെന്ന് സിപിഎം നുണപ്രാചാരണം അഴിച്ചുവിടുകയാണ്.
കൊല്ലപ്പെട്ട് മണിക്കൂറുകൾക്കിടയിൽ സിപിഎം പ്രതികളെ നിശ്ചയിക്കുകയും വിരോധത്തിൽപെട്ടവരെ കേസുകളിൽ ഉൾപ്പെടുത്തുകയുമാണ്.
സമർഥരും നിഷ്പക്ഷമതികളായ പോലീസ് ഉദ്യോഗസ്ഥരെ ഈ കേസുകൾ ഏൽപ്പിക്കുന്നതിന് പകരം തങ്ങളുടെ ആജ്ഞാനുവർത്തികളായിട്ടുള്ള പോലീസുകാരെ നിശ്ചയിച്ച് തങ്ങൾ പറയുന്നവരെ അറസ്റ്റ് ചെയ്യാനുള്ള നടപടികളാണ് സ്വീകരിക്കുന്നത്.
ഇത് നാട്ടിൽ അരാജതത്വം സൃഷ്ടിക്കുവാനേ സാധിക്കുകയുള്ളൂ. നിഷ്പക്ഷവും നീതിയുക്തമായ അന്വേഷണം നടത്തി യഥാർഥ കുറ്റവാളികളെ കണ്ടെത്തണമെന്നും ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.