തിരുവനന്തപുരം: നിയമനക്കോഴ വിവാദവുമായി ബന്ധപ്പെട്ട് ഹരിദാസനെ അന്വേഷണ സംഘം ഇന്നും ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനുശേഷം ഹരിദാസിന്റെ രഹസ്യമൊഴി രേഖപ്പെടുത്തുന്നതിനെക്കുറിച്ചാണ് അന്വേഷണ സംഘം ആലോചിക്കുന്നത്. മജിസ്ട്രേട്ടിന് മുന്നിൽ ഹാജരാക്കി രഹസ്യമൊഴിയെടുപ്പിക്കും.
ഇന്നലെ രാവിലെ പത്ത് മുതൽ വൈകുന്നേരം ആറ് വരെ കന്റോണ്മെന്റ് പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ ആരോഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫംഗം അഖിൽ മാത്യുവിന് കോഴപ്പണം നൽകിയിട്ടില്ലെന്ന് ഹരിദാസൻ സമ്മതിച്ചിരുന്നു. അഖിൽമാത്യുവിന് പണം നൽകിയെന്ന് നേരത്തെ പറഞ്ഞത് എഐഎസ്എഫ് നേതാവ് ബാസിതിന്റെ നിർദേശാനുസരണമാണെന്നും ഹരിദാസ് വെളിപ്പെടുത്തി.
പണം കൊടുത്തുവെന്ന് ഹരിദാസ് പറഞ്ഞ ഏപ്രിൽ പത്താം തീയതിയിലെ സിസിടിവി ദൃശ്യങ്ങൾ കാണിച്ചായിരുന്നു ചോദ്യം ചെയ്യൽ. സെക്രട്ടേറിയറ്റ് പരിസരത്ത് വന്ന് 37 സെക്കന്ഡിനുള്ളിൽ ഹരിദാസ് മടങ്ങുന്ന ദൃശ്യങ്ങളാണ് പോലീസ് കാട്ടിയത്. പണം എങ്ങനെയാണ് കൊണ്ട് വന്നതെന്നത് ഉൾപ്പെടെയുള്ള ചോദ്യങ്ങൾക്ക് മുന്നിൽ ഹരിദാസ് പതറി. ചോദ്യം ചെയ്ത് തുടങ്ങിയപ്പോൾ ഒന്നും ഓർമയില്ലെന്നായിരുന്നു ഹരിദാസന്റെ നിലപാട്.
ഹരിദാസിന്റെ ടവർ ലൊക്കേഷനും ഹരിദാസ് സെക്രട്ടേറിയറ്റ് പരിസരത്ത് വന്നതും പോയതുമായ സിസിടിവി ദൃശ്യങ്ങളും കാണിച്ച് നടത്തിയ ചോദ്യം ചെയ്യലിലാണ് അഖിൽ മാത്യുവിന് പണം നൽകിയെന്ന് പറഞ്ഞത് കളവായിരുന്നുവെന്ന് ഹരിദാസൻ വെളിപ്പെടുത്തിയത്. ബാസിതിന്റെ നിർദേശാനുസരണമാണ് കളവ് പറഞ്ഞതെന്നാണ് ഹരിദാസ് ഇപ്പോൾ പറയുന്നത്. ഹരിദാസിനോടൊപ്പം ചോദ്യം ചെയ്യലിന് ഹാജരാകാൻ ബാസിതിനോട് രണ്ട് തവണ അന്വേഷണ സംഘം ആവശ്യപ്പെട്ടെങ്കിലും ബാസിത് ഹാജരായില്ല.
അതേസമയം, പത്തനംതിട്ട സ്വദേശിയും പണം തട്ടിപ്പു കേസ് പ്രതിയുമായ അഖിൽ സജീവും ലെനിൻരാജും തന്നിൽനിന്നു പണം വാങ്ങിയെന്ന് ഹരിദാസ് അന്വേഷണ സംഘത്തോട് സമ്മതിച്ചു. ഈ പണം അഖിൽ മാത്യുവിന് നൽകിയെന്ന് ബാസിതും സംഘവും ഹരിദാസിനെ തെറ്റിദ്ധരിപ്പിച്ചതാകാമെന്നാണ് പോലീസിന്റെ നിഗമനം.
ഇക്കാര്യങ്ങളിലെല്ലാം ഇന്നത്തെ ചോദ്യം ചെയ്യലോടെ വ്യക്തത വരുമെന്നാണ് അന്വേഷണ സംഘം കണക്ക് കൂട്ടുന്നത്. നിയമനക്കോഴ ആരോപണക്കേസിൽ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പേഴ്സണൽ സ്റ്റാഫ് അംഗം അഖിൽ മാത്യുവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കന്റോണ്മെന്റ് പോലീസ് രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണമാണ് പുരോഗമിക്കുന്നത്.
അഖിൽ സജീവ്, റഹീസ്, ലെനിൻരാജ് എന്നിവരെയാണ് പോലീസ് ഈ കേസിൽ പ്രതിചേർത്തിരിക്കുന്നത്. അഖിൽ സജീവിന്റെയും ഹരിദാസിന്റെയും മൊഴിയുടെ അടിസ്ഥാനത്തിൽ ബാസിതിനെ കുടി പ്രതി ചേർക്കും. ലെനിൻരാജ് മുൻകൂർ ജാമ്യത്തിനായി തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയിൽ അപേക്ഷ നൽകിയിരിക്കുകയാണ്.