കൂത്തുപറമ്പ്: കോവിഡും നോട്ട് നിരോധനവും തീർത്ത പ്രതിസന്ധിയിൽനിന്നു കരകയറാൻ സ്വന്തമായുള്ള 12 സെന്റ് സ്ഥലം വിൽക്കാൻ വേറിട്ടൊരു വഴി കണ്ടെത്തിയിരിക്കുകയാണ് പിണറായി പന്തക്കപ്പാറയിലെ അറത്തിൽ കണ്ടോത്ത് വീട്ടിൽ ഹരിദാസൻ.
1000 രൂപ കൊടുത്ത് എടുക്കുന്ന കൂപ്പൺ നറുക്കെടുപ്പിൽ വിജയിയായാൽ 12 സെന്റ് സ്ഥലം നൽകാനാണ് തീരുമാനം.
സാമ്പത്തിക പ്രതിസന്ധി കാരണം സ്ഥലം വിൽക്കാനുള്ള ശ്രമം മാർക്കറ്റ് വില ലഭിക്കാതെ വിഫലമായതോടെയാണ് ഹരിദാസനിൽ വേറിട്ടൊരു ചിന്ത രൂപപ്പെട്ടത്.
ഇക്കാര്യം അറിയിക്കുന്ന ഫ്ലക്സ് ബോർഡ് വീടിനു സമീപത്ത് വില്പനയ്ക്കായി വച്ച സ്ഥലത്ത് ഇദ്ദേഹം കെട്ടിയിട്ടുണ്ട്. ഹരിദാസൻ നേരത്തെ തിരൂരും ബംഗളൂരുവിലും ബിസിനസ് ചെയ്തിരുന്നു.
കോവിഡ് മൂലം ബിസിനസ് പ്രതിസന്ധിയിലാകുകയും ബാങ്ക് വായ്പ ഉൾപ്പെടെ തിരിച്ചടയ്ക്കാൻ കഴിയാതെവരികയും ചെയ്തതോടെ കടബാധ്യത വർധിച്ചു.
ഇതിനെ മറികടക്കാനാണ് സ്ഥലം വിൽക്കാൻ പദ്ധതിയിട്ടത്. ഇതിനായി 3000 കൂപ്പൺ പ്രിന്റ് ചെയ്യിച്ചു. 1000 രൂപയ്ക്കാണ് കൂപ്പൺ വിൽക്കുന്നത്.
നറുക്ക് ലഭിക്കുന്നയാൾക്ക് 12 സെന്റ് വസ്തു തീരാധാരമായി നൽകുമെന്നാണ് ഇദ്ദേഹം പറയുന്നത്. രജിസ്ട്രേഷൻ ചെലവ് നറുക്ക് വരുന്നവർ നൽകണം. വിഷുദിനത്തിലാണ് കൂപ്പൺ വില്പന ആരംഭിച്ചു.
ഓഗസ്റ്റിൽ നറുക്കെടുക്കാനാണ് തീരുമാനം. വിദേശത്തുള്ളവർ ഉൾപ്പെടെ നിരവധി പേർ കൂപ്പൺ വാങ്ങിയതായി ഇദ്ദേഹം പറയുന്നു.
സുഹൃത്തുക്കൾ മുഖേനയും സമൂഹമാധ്യമങ്ങൾ വഴിയുമൊക്കെയാണ് ഇതിന്റെ പ്രചാരണം. പണം നൽകാതെ ബാങ്ക് വഴിയാണ് ഇടപാട് നടത്തേണ്ടതെന്നും ഇദ്ദേഹം പറയുന്നു.