സ്വന്തം ലേഖകൻ
തലശേരി: സിപിഎം പ്രവർത്തകനായ പുന്നോൽ താഴെ വയലിലെ ഹരിദാസനെ (56) വെട്ടി കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്കെതിരെയുള്ള കുറ്റപത്രം അന്വേഷണ സംഘം ഇന്ന് തലശേരി ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന് മുമ്പാകെ സമർപ്പിക്കും.
ഇതിനിടെ കേസിലെ എട്ടു പ്രതികൾ നൽകിയ ജാമ്യ ഹർജിയിൽ കോടതി ഇന്ന് വിധി പറയും.
പ്രതികളുടെ ശബ്ദ പരിശോധന നടത്തണമെന്ന പോസിക്യൂഷന്റെ ആവശ്യം സംബന്ധിച്ച് പ്രതിഭാഗത്തിന്റെ വാദം ഇന്ന് കോടതിക്ക് മുമ്പാകെ സമർപ്പിക്കും.
ഫോൺ സംഭാഷണങ്ങൾ
കേസിലെ ഏഴാം പ്രതി നിജിൽ ദാസിന്റെ ഫോണിൽ നിന്നും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുള്ളത് നിർണായക തെളിവുകളാണ്.
ഫെബ്രുവരി എട്ടുമുതൽ കൊപാതകം നടന്ന ദിവസംവരെ നടന്നിട്ടുള്ള ഫോൺ സംഭാഷണങ്ങളിൽ “ചുരുളി’ സിനിമയെ വെല്ലുന്ന അസഭ്യ വർഷങ്ങളുമുണ്ട്.
അക്രമി സംഘത്തിൽ നിന്നും ഫെബ്രുവരി 8, 11, 14 തിയതികളിൽ ഹരിദാസൻ തലനാരിഴക്കാണ് രക്ഷപ്പെടുന്നതന്നും ഹരിദാസൻ തങ്ങളുടെ കയ്യിൽ നിന്നും രക്ഷപെട്ടു പോകുന്നത് സംബന്ധിച്ച് പ്രതികൾ നടത്തുന്ന സംഭാഷണങ്ങളും നിജിൽ ദാസിന്റെ ഫോൺ റെക്കോർഡറിൽ നിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
ഗൂഢോലോചനക്കിടയിൽ ഹരിദാസനെ പരസ്യമായി തന്നെ വക വരുത്തിക്കൂടേയെന്നും രാത്രിയിൽ വാഴക്കുണ്ടിൽ പോയി നിൽക്കുന്നത് എന്തിനാണെന്ന ചോദ്യവും പ്രതികൾ ഉയർത്തുന്നുണ്ട്.
ഫോറൻസിക് സംഘം കണ്ടെത്തിയത്
നിയമ ചരിത്രത്തിൽ ഇതുവരെ ഇല്ലാത്ത തരത്തിലുള്ള ഗൂഢോലോചന തെളിവുകളാണ് പ്രതികൾക്കെതിരെ അന്വേഷണ സംഘം കണ്ടെത്തിയിട്ടുള്ളതെന്ന് പ്രതികളുടെ ജാമ്യ ഹർജിയിൽ മേലുള്ള വാദത്തിനിടയിൽ സ്പ്ഷ്യൻ പ്രോസിക്യൂട്ടർ അഡ്വ. കെ.വിശ്വൻ കോടതിയിൽ പറഞ്ഞു.
സാധാരണ ഇത്തരം കേസുകളിൽ സംസാരിക്കുന്നത് കേട്ടു എന്ന നിലക്കാണ് സാക്ഷി മൊഴികൾ വരാറ്.
എന്നാൽ, ഈ കേസിൽ ഏഴാം പ്രതി അറിയാതെ തന്നെ അയാളുടെ ഫോണിൽ പ്രവർത്തിച്ച ഓട്ടോമാറ്റിക് ഫോൺ കോൾ റെക്കോർഡിൽ കൊലപാതകം സംബന്ധിച്ച പൂർണമായ തെളിവുകളാണ് ഫോറൻസിക് സംഘം കണ്ടെത്തിയിട്ടുള്ളത്.
ഈ സാഹചര്യത്തിൽ വിചാരണ വേളയിൽ പ്രതികൾ ഈ തെളിവുകളെ പ്രതിഭാഗം ചലഞ്ച് ചെയ്യാതിരിക്കാൻ പ്രതികളുടെ ശബ്ദ പരിശോധന നടത്തേണ്ടത് അനിവാര്യമാണെന്നും സ്പെഷ്യൽ പ്രോസിക്യൂട്ടർ കോടതിയിൽ പറഞ്ഞു.
എട്ട് ആയുധങ്ങൾ
ഒന്നാം പ്രതി എട്ട് ആയുധങ്ങളാണ് ഈ ഓപ്പറേഷനു വേണ്ടി സ്വരൂപിച്ചത്. ഈ ആയുധങ്ങളുമായിട്ടാണ് ഹരിദാസനെ വക വരുത്താൻ പ്രതികൾ രണ്ടാഴ്ച നടന്നത്.
പ്രതികൾക്ക് ജാമ്യം നൽകുന്നത് അവരുടെ ജീവൻ അപകടത്തിലാക്കും. ഹരിദാസനെ ഒറ്റി കൊടുത്ത രണ്ടാം പ്രതിയുടെ ജാമ്യ ഹർജി കോടതിയിൽ വന്ന ദിവസമാണ് ആ പ്രതിയുടെ വീടിനു മുന്നിൽ റീത്ത് വയ്ക്കപ്പെട്ടതെന്നും
ഇത് സംബന്ധിച്ച് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടക്കുകയാണെന്നും ഈ ഒറ്റ സംഭവം കൊണ്ട് തന്നെ പ്രതികൾക്ക് ജാമ്യം നൽകിയാലുള്ള സ്ഫോടനാത്മകമായ സ്ഥിതി കോടതിക്ക് ബോധ്യപ്പെടുമെന്നും
അതിവേഗ വിചാരണ പ്രതികളുടെ അവകാശമാണെന്നിരിക്കെ പ്രതികളെ കസ്റ്റഡിയിൽ വിചാരണ പൂർത്തിയാക്കണമെന്നും അഡ്വ.കെ. വിശ്വൻ കോടതിയിൽ പറഞ്ഞു.
15 പ്രതികൾ
കൊലപാതകം നടന്ന് 90 ദിവസം തികയാൻ രണ്ട് ദിവസം ബാക്കി നിൽക്കെയാണ് അന്വേഷണ സംഘം ഇന്ന് കുറ്റപത്രം സമർപ്പിക്കുന്നത്.
മത്സ്യബന്ധന തൊഴിലാളിയായ ഹരിദാസനെ ഫെബ്രുവരി 21 ന് പുലർച്ചെ ഒന്നര മണിയോടെയാണ് സ്വന്തം വീട്ടുമുറ്റത്ത് ഭാര്യയുടേയും മകളുടേയും മുന്നിൽ വച്ച് വെട്ടി കൊലപ്പെടുത്തുന്നത്.
ബിജെപി തലശേരി മണ്ഡലം പ്രസിഡന്റും നഗരസഭാ കൗൺസിലറുമായ കെ.ലിജേഷ് ഉൾപ്പെടെ പതിനേഴ് പേരാണ് പ്രതികൾ. ഇതിൽ രണ്ട് പ്രതികളെ ഇനിയും കണ്ടെത്താനുണ്ട്.
എസ്പിമാരായ പി.പി.സദാനന്ദൻ, പ്രിൻസ് അബ്രഹാം എന്നിവരുടെ മേൽനോട്ടത്തിൽ ന്യൂ മാഹി പോലീസ് ഇൻസ്പക്ടർ വി.വി. ലതീഷിന്റെ നേതൃത്വത്തിൽ ആണ് അന്വേഷണം നടത്തി 15 പ്രതികളെ അറസ്റ്റ് ചെയ്തത്.
ഇവരിൽ ഒരു യുവ അധ്യാപിക ഉൾപ്പെടെ രണ്ട് പേർ ജാമ്യത്തിലും 13 പ്രതികൾ ജയിലിലുമാണുള്ളത്.
ആയിരത്തി അഞ്ഞൂറോളം പേജുകൾ വരുന്ന കുറ്റപത്രത്തിൽ 125 സാക്ഷികളുടെ മൊഴികളും ആയുധങ്ങൾ ഉൾപ്പെടെ ഇരുനൂറോളം തൊണ്ടിമുതലുകളുമാണുള്ളത്.