കായംകുളം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഇടപെടലിനെ തുടർന്ന് മലേഷ്യയിൽ തൊഴിലുടമയുടെ ക്രൂരപീഡനത്തിനിരയായ ഹരിപ്പാട് നീണ്ടൂർ പള്ളിപ്പാട് വാലേത്ത് വീട്ടിൽ ഹരിദാസനു മോചനം.
ഹരിദാസൻ വിമാനമാർഗം ചെന്നൈയിലെത്തിയതായി കുടുംബത്തെ ഫോണിൽ വിളിച്ചറിയിച്ചിട്ടുണ്ട്. തൊഴിലുടമയുടെ ക്രൂര പീഡനം ഹരിദാസന് ഏൽക്കേണ്ടി വന്നതായി ബന്ധുക്കളുടെ പരാതി ഉണ്ടായതിനെ തുടർന്ന് മലേഷ്യയിലെ ഇന്ത്യൻ എംബസിയിലെ ഫസ്റ്റ് സെക്രട്ടറി അനുരാഗ് സിംഗുമായി രമേശ് ചെന്നിത്തല ബന്ധപ്പെടുകയായിരുന്നു.
ഇതേ തുടർന്നു നടത്തിയ ഇടപെടലാണ് മോചനം സാധ്യമാക്കിയത്. മലേഷ്യയിൽ ജോലി ചെയ്ത ശന്പളം ആവശ്യപ്പെട്ടപ്പോൾ ശരീരമാസകലം പൊള്ളലേൽപ്പിച്ച് പീഡിപ്പിച്ചതായി ഭാര്യ രാജശ്രീ പരാതിയിൽ ചൂണ്ടികാട്ടിയിരുന്നു .
നാലു വർഷം മുന്പാണ് ഇദ്ദേഹം മലേഷ്യയിൽ ജോലിക്കായി പോയത്. ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഏജൻസി മുഖാന്തിരം ബാർബർ ജോലിക്കായാണു പോയത്. രണ്ടു മൂന്നു മാസം കൂടുന്പോഴായിരുന്നു ശന്പളം പോലും നൽകിയിരുന്നത്.
കഴിഞ്ഞ ആറുമാസമായി പണമൊന്നും നൽകിയിരുന്നില്ലെന്നും ശരീരമാസകലം പൊള്ളലേല്പിച്ച് ഒരാഴ്ചയോളം മരുന്നൊന്നും നല്കാതെ പീഡിപ്പിച്ചതായും ഭാര്യ പരാതിയിൽ പറഞ്ഞിരുന്നു.
ഹരിദാസിന് നാട്ടിലേക്കുള്ള മോചനം സാധ്യമാക്കിയ വിവരം രമേശ് ചെന്നിത്തല പിന്നീട് ഫേസ് ബുക്കിലും പങ്കുവെച്ചു. വിഷയത്തിൽ ഊർജ്ജിതമായി ഇടപെടൽ നടത്തിയ മലേഷ്യയിലെ ഇന്ത്യൻ എംബസിക്ക് രമേശ് ചെന്നിത്തല ഫേസ്ബുക്കിൽ നന്ദിയും രേഖപ്പെടുത്തിയിട്ടുണ്ട്.