സ്വന്തം ലേഖകൻ
തലശേരി: പുന്നോൽ താഴെവയലിൽ സിപിഎം പ്രവർത്തകൻ കൊരമ്പിൽ താഴെകുനിയിൽ ഹരിദാസനെ (54) വെട്ടി കൊലപ്പെടുത്തിയത് പ്രഫഷണൽ ടീം.
കണ്ണവം, പുത്തൻകണ്ടം, ചെമ്പ്ര ടീമുകളിലേക്ക് പോലീസ് അന്വേഷണം വ്യാപിപ്പിച്ചു.
ഹരിദാസൻ വധക്കേസിന്റെ അന്വഷണത്തിനിടയിൽ പുത്തൻകണ്ടം ടീം കുടകിൽ ഒന്നരക്കോടിയുടെ ഹവാല പണം തട്ടിയെടുത്ത വിവരവും പുറത്ത് വന്നിട്ടുണ്ട്.
പുത്തൻകണ്ടം ടീമിനെ തേടി കർണാടക പോലീസും തലശേരിയിലെത്തിയിട്ടുണ്ട്.
കണ്ണവം ടീമാണ് ഹരിദാസനെ കൊലപ്പെടുത്തിയതെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം മുന്നോട്ട് പോകുന്നത്. പുത്തൻകണ്ടം, ചെമ്പ്ര ടീമുകളും നിരീക്ഷണത്തിലാണ്.
പോലീസുകാരനും പങ്ക് ?
ഇതിനിടയിൽ സംഭവത്തിൽ അപ്രതീക്ഷിതമായി കടന്നുവന്ന പോലീസുകാരന്റെ റോൾ അന്വേഷണത്തിൽ വഴിത്തിരിവായിട്ടുണ്ട്.
കൊലപാതകം നടന്നയുടൻ നിലവിൽ അറസ്റ്റിലായിട്ടുള്ള ബിജെപി നേതാവുമായി പോലീസുകാരൻ നടത്തിയ വാട്സ് ആപ്പ് കോൾ സംഭാഷണമാണ് കേസിൽ വഴിത്തിരിവായത്.
ഇരുവരും തമ്മിൽ നാല് മിനിറ്റാണ് സംസാരിച്ചിട്ടുള്ളത്. ബിജെപി നേതാവിന്റെ ഭാര്യാ സഹോദരി ഭർത്താവു കൂടിയായ പോലീസുകാരന് പുലർച്ചെ 1.21നാണ് വാട്ട്സ് ആപ്പിൽ കോൾ എത്തിയത്.
ഇരുവരും കോൾ ഡിലീറ്റ് ചെയ്തിട്ടുമുണ്ട്. കോളിന്റെ വിവരങ്ങൾ ആരാഞ്ഞു കൊണ്ട് പോലീസ്കാരനെ മൂന്ന് മണിക്കൂറാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥർ കണ്ണൂരിൽ ചോദ്യം ചെയ്തത്.
എന്നാൽ, പോലീസുകാരൻ മനസ് തുറക്കാൻ തയാറായില്ല. “ഞാനൊരു പോലീസുകാരനാണ്, കൊലപാതകത്തിന് കൂട്ടു നിൽക്കില്ല’ ഇതായിരുന്നു പോലീസുകാരന്റെ നിലപാട്.
ഇടയ്ക്ക് പൊട്ടിക്കരയുന്ന ഇയാൾ കൊലപാതകം നടന്നയുടനെയുള്ള വാട്സ് ആപ്പ് കോളുകളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകാൻ തയാറായിട്ടുമില്ല. ദീർഘമായ ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ച പോലീസുകാരനെ ഇന്ന് വീണ്ടും വിളിപ്പിച്ചിട്ടുണ്ട്.
പോലീസുകാരൻ മനസ് തുറന്നാൽ അത് കേസന്വേഷണത്തിൽ വലിയ വഴിത്തിരിവാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.
പോലീസിന് തലവേദന
ഐജി അശോക് യാദവ്, ഡിഐജി രാഹുൽ ആർ.നായർ, സിറ്റി കമ്മീഷണർ ആർ.ഇളങ്കോ , അഡീഷണൽ എസ്പി പ്രിൻസ് അബ്രഹാം, കണ്ണൂർ എസിപി പി.പി സദാനന്ദൻ എന്നിവരുടെ നേതൃത്വത്തിലാണ് ഇന്നലെ കേസന്വേഷണം സംബന്ധിച്ച് വിലയിരുത്തൽ നടത്തിയത്. ഇന്നലെ കണ്ണൂർ കേന്ദ്രീകരിച്ചായിരുന്നു പോലീസിന്റെ നീക്കങ്ങൾ.
നിലവിൽ കസ്റ്റഡിയിലുള്ള രണ്ട് പേരുടെ കാര്യത്തിൽ പോലീസ് ഇന്ന് അന്തിമ തീരുമാനം എടുക്കും.
കൊലപാതകം നടന്ന് നാലു ദിവസം പിന്നിട്ടിട്ടും ഓപ്പറേഷൻ ടീമിനെ പിടികൂടാൻ സാധിക്കാത്തത് പോലീസിന് തലവേദനയായിട്ടുണ്ട്. ഗൂഢാലോചന കുറ്റം ചുമത്തി നാല് പേരെയാണ് ഇപ്പോൾ അറസ്റ്റ് ചെയ്തിട്ടുള്ളത്.
ബിജെപി മണ്ഡലം പ്രസിഡന്റ് കൊമ്മൽ വയൽ ശ്രീ ശങ്കരനെല്ലൂർ വീട്ടിൽ ലിജേഷ്, ആർഎസ് എസ് ശാഖ മുഖ്യ ശിക്ഷക് പുന്നോൽ ദേവികയിൽ അമൽ മനോഹരൻ,
ആർഎസ്എസ് ഖണ്ഡ് പ്രമുഖ് വിമിൻ, ഗോപാൽ പേട്ട സുമേഷ് നിവാസിൽ സുനേഷ് എന്നിവരാണ് അറസ്റ്റിലായി റിമാൻഡിൽ കഴിയുന്നത്.
അഡ്വ.പി. പ്രേമരാജൻ മുഖാന്തിരം ഇവർ നാലുപേരും സമർപ്പിച്ച ജാമ്യ ഹർജി തലശേരി ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി നാളെ പരിഗണിക്കും.
ഹരിദാസൻ കൊല്ലപ്പെട്ട ദിവസം ജീവനു ഭീഷണി ഉണ്ടെന്ന് പറഞ്ഞാണ് നഗരസഭ പ്രതിപക്ഷ നേതാവ് കൂടിയായ ലിജേഷിനെ പോലീസ് കൂട്ടിക്കൊണ്ടു പോയതെന്നും രണ്ടു ദിവസം കഴിഞ്ഞ് പ്രതി ചേർത്ത് കോടതിയിൽ ഹാജരാക്കുകയാണ് ചെയ്തതെന്നും പ്രതിഭാഗം ജാമ്യ ഹർജിയിൽ പറഞ്ഞു.
സി പി എം നേതൃത്വം ആസൂത്രിതമായി നടത്തിയ നീക്കത്തിലാണ് ലിജേഷ് ഉൾപ്പെടെ നിരപരാധികളായ നാല് പേരെ ജയിലിലടച്ചിട്ടുള്ളത്.
ലിജേഷിന്റെ നേതൃത്വത്തിലുളള പ്രവർത്തനത്തെ തുടർന്ന് ബി ജെ പി കൂടുതൽ ശക്തി പ്രാപിച്ചിട്ടുണ്ട്.
ഈ വിരോധമാണ് ലിജേഷിനെയും സഹപ്രവർത്തകരായ മറ്റ് മൂന്ന് പേരേയും പ്രതികളാക്കാൻ കാരണമെന്നും ഹർജിയിൽ പറയുന്നു.