മലയാള സിനിമയുടെ നിരൂപക രാഹിത്യത്തെ പരിഹസിച്ച് പ്രമുഖ സംവിധായകന് ഹരിഹരന്. മലയാളസ സിനിമയില്‍ നല്ല നിരൂപകരില്ലെന്നായിരുന്നു ഹരിഹരന്റെ പരാമര്‍ശം. മോശം സിനിമകള്‍ പോലും മികച്ചതെന്ന സര്‍ട്ടിഫിക്കറ്റ് കിട്ടുന്നെന്നു പറഞ്ഞ ഹരിഹരന് ഇവിടെ വാളെടുക്കുന്നവരെല്ലാം വെളിച്ചപ്പാടാകുന്ന സ്ഥിതിയാണുള്ളതെന്നും പറഞ്ഞു. പ്രശസ്ത ചലച്ചിത്ര നിരൂപകന് കോഴിക്കോടന്റെ പേരിലുള്ള ചലച്ചിത്ര ഗ്രന്ഥ പുരസ്കാരം എഴുത്തുകാരി അപര്‍ണയ്ക്കു സമര്‍പ്പിച്ചുകൊണ്ട് സംസാരിക്കുന്നതിനിടയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
മികച്ച നിരൂപകരില്ലാത്തതിനാല് മലയാളം സിനിമാ ഇപ്പോള്‍ അപഥസഞ്ചാരം നടത്തുകയാണ്. കോഴിക്കോടന്റെ അഭാവം സിനിമാനിരൂപണ രംഗത്ത് ഇതുവരെ നികത്തപ്പെട്ടിട്ടില്ല. മികച്ച നിരൂപകരുണ്ടാകേണ്ട കാലം അതിക്രമിച്ചിരിക്കുന്നുവെന്നും ഹരിഹരന് പറയുന്നു. മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലാണ് ഇപ്പോഴത്തെ സിനിമകള്‍ എന്നതുമറക്കരുതെന്നും ഹരിഹരന് ഓര്‍മിപ്പിച്ചു. രാജ്യമാകമാനം എല്ലാവര്‍ഷവും ചലച്ചിത്രമേളകള്‍ നടത്താറുണ്ടെങ്കിലും എന്തു കൊണ്ട് ഇന്ത്യന്‍ സിനിമകള്‍ക്കു മാത്രമായി ചലച്ചിത്രമേളകള്‍ നടത്തുന്നില്ലെന്നും ഹരിഹരന് ചോദിച്ചു.