കോഴിക്കോട്: ആര്‍എംപി നേതാവ് കെ.എസ്. ഹരിഹരന്റെ വീടിനുനേരേ ബോംബെറിഞ്ഞ സംഭവത്തില്‍ അ്രകമികള്‍ സഞ്ചരിച്ച വാഹനങ്ങള്‍ പോലീസ് തിരിച്ചറിഞ്ഞു. പ്രതികളെക്കുറിച്ച് പോലീസിനു സൂചന ലഭിച്ചിട്ടുണ്ട്. ചുവന്ന കാറിലും ഇരുചക്ര വാഹനങ്ങളിലുമാണ് അക്രമികള്‍ എത്തിയത്.
ഇതുമായി ബന്ധപ്പെട്ട് രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഏതാനും പേരെ പോലീസ് ചോദ്യം ചെയ്തതായാണ് സൂചന. കഴിഞ്ഞ ദിവസം രാത്രി എട്ടരയ്ക്കാണ് മലപ്പുറം തേഞ്ഞിപ്പലം ഒലിപ്രം കടവിനടുത്ത ഹരിഹരന്റെ വീട്ടിലേക്ക് ബോംബേറുണ്ടായത്.ബൈക്കിലെത്തിയ രണ്ടുപേര്‍ സ്ഫോടക വസ്തു എറിയുകയായിരുന്നു.
ഗേറ്റിനു മുകളിലാണ് സ്ഫോടകവസ്തു വീണ് പൊട്ടിയത്. അപ്പോള്‍ ഹരിഹരനും കുടുംബവും ഭാര്യാ സഹോദരനും രാഷ്ട്രീയ നിരീക്ഷകനുമായ ഡോ. ആസാദും വീട്ടിലുണ്ടായിരുന്നു. ആർക്കും പരിക്കേറ്റില്ല.
ഇന്നു രാവിലെ ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. എറിഞ്ഞത് നാടന്‍ ബോംബാണെന്നാണ് പ്രാഥമിക നിഗമനം. സംഭവ സ്ഥലത്തുനിന്ന് ബോംബിന്റെ അവശിഷ്ടങ്ങള്‍ പോലീസ് ശേഖരിച്ച് വിശദമായ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
വടകരയില്‍ നിന്നുള്ള ആളുകളാണ് ഇതിനു പിന്നിലെന്നാണ് ആർഎംപിയുടെ ആരോപണം. വടകരയില്‍ ശനിയാഴ്ച നടന്ന യുഡിഎഫ് -ആര്‍എംപി ജനകീയ പ്രതിഷേധ റാലിയിലാണ് ഹരിഹരന് വിവാദ പരാമര്‍ശം നടത്തിയത്.