ചാലക്കുടി: വീടില്ലാത്തവർക്കു വീടു നൽകുന്ന സർക്കാരിന്റെ ലൈഫ് പദ്ധതിയിൽ അപേക്ഷ നൽകിയ നിർധനരായ കുടുംബത്തെ പഞ്ചായത്ത് അവഗണിച്ചതായി പരാതി. മേലൂർ ഗ്രാമപഞ്ചായത്തിലെ 12-ാം വാർഡിൽ നടതുരുത്ത് പുളിങ്ങാന്പിള്ളി ഹരിഹരനാണു പഞ്ചായത്തിന്റെ അവഗണന മൂലം വീടു ലഭിക്കാതായത്.
രോഗികളായ ഹരിഹരനും ഭാര്യയും പ്രായപൂർത്തിയായ രണ്ടു പെണ്മക്കളും ആസ്ബസ്റ്റോസ് മറച്ച കൂരയിൽ തകരപ്പാട്ടയിൽ ഉണ്ടാക്കിയ വാതിലുകളുടെ സംരക്ഷണയിലാണ് അന്തിയുറങ്ങുന്നത്. മൂത്ത മകൾ പഠനം നിർത്തി ചാലക്കുടിയിലെ ഒരു കടയിൽ ദിവസക്കൂലിക്കു പണി ചെയ്തു കിട്ടുന്ന തുച്ഛമായ തുകയാണ് ഏക വരുമാനം.
ഇതിൽനിന്നാണു അച്ഛനും അമ്മയ്ക്കുമുള്ള മരുന്നുകൾ വാങ്ങുന്നതും. ഇളയ മകൾ മേലൂർ സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു വിദ്യാർഥിനിയാണ്. ജനകീയാസൂത്രണ പദ്ധതിപ്രകാരം എല്ലാ ഗ്രാമസഭകളിലും വീടിനുവേണ്ടി അപേക്ഷ നല്കി കാത്തിരുന്നെങ്കിലും ലഭിച്ചില്ല. സംസ്ഥാന സർക്കാരിന്റെ ലൈഫ് പദ്ധതി പ്രകാരം സ്വന്തമായി സ്ഥലമോ വീടോ ഇല്ലാത്ത മുഴുവൻ കുടുംബങ്ങൾക്കും വീടു നൽകാൻ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചിട്ടുള്ളതാണ്.
ഇതനുസരിച്ചു പഞ്ചായത്തിലെ വീടില്ലാത്തവരുടെ സന്പൂർണ ലിസ്റ്റ് മേലൂർ പഞ്ചായത്ത് ഉണ്ടാക്കിയെങ്കിലും ഈ കുടുംബത്തെ ഉൾപ്പെടുത്തിയില്ല. ആറുമാസം മുന്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റും വാർഡ് മെംബറും ഇവരുടെ വീട്ടിലെത്തി ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി വീട് നൽകാമെന്നു വാഗ്ദാനം ചെയ്തതായിരുന്നു. പാവപ്പെട്ട കുടുംബം സ്വന്തമായി ഒരു വീട് എന്ന സ്വപ്നവുമായി കഴിയുകയാണ്.