ജോണി ചിറ്റിലപ്പിള്ളി
വടക്കാഞ്ചേരി: സർക്കാരുകളുടെ ഹരിജൻ ഗിരിജൻ ക്ഷേമ പ്രവർത്തനങ്ങൾ കടലാസിലൊതുങ്ങുന്പോൾ ദുരിതത്തിലായി ഈ വിഭാഗങ്ങളിലെ കുടുംബങ്ങൾ. വാഴാനി റിസർവോയർ കേന്ദ്രീകരിച്ച് മത്സ്യ ബന്ധനം നടത്തി ഉപജീവനം നടത്തിയിരുന്ന കുടുംബങ്ങൾ ഇന്ന് പട്ടിണിയുടെ കയത്തിലാണ് .
റിസർവോയറിൽ മസ്യക്കൃഷിയ്ക്ക് നിയമ തടസം നേരിട്ടതും, മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിയ്ക്കാൻ കഴിയാതിരുന്നതുമാണ് കടുത്ത പ്രതിസന്ധിക്ക് കാരണമായത്. മച്ചാട് വനത്തോട് ചുറ്റപ്പെട്ട് കിടക്കുന്ന വാഴാനി ഡാമിൽ മസ്യക്കൃഷി ഇറക്കുന്നതിനും, ബന്ധനത്തിനും വനം വകുപ്പാണ് റെഡ് സിഗ്നൽ ഉയർത്തിയത്. ഇതോടെ കൃഷിയിറക്കിയിരുന്ന ഹരിജൻ ഗിരിജൻ വിഭാഗങ്ങൾ മറ്റ് ജോലി അന്വേഷിക്കേണ്ട അവസ്ഥയായി.
റിസർവോയർ കേന്ദ്രീകരിച്ച് നടന്നിരുന്ന മത്സ്യ വിപണനവും പ്രതിസന്ധിയിലായി. ഹരിജൻ ഗിരിജൻ റിസർവോയർ ഫിഷറീസ് സഹകരണ സംഘത്തിനാണ് അധികാരം നൽകിയിരുന്നത്. മൃഗാല , കട്ട്ള, പിലോപ്പി, റോഹു , സൈപ്രസ്, തുടങ്ങിയ മത്സ്യങ്ങളാണ് സംഘാംഗങ്ങൾ കൃഷി ചെയ്തിരുന്നത്. ഇത് വാങ്ങുന്നതിന് ജില്ലയുടെ വിദൂര പ്രദേശങ്ങളിൽ നിന്നുപോലും നിരവധി ആളുകളാണ് വാഴാനിയിലെത്തിയിരുന്നത്.
അരകിലോ മുതൽ 100 കിലോ വരെയുള്ള മീനുകൾ വരെ ഇവിടെ നിന്ന് കുറഞ്ഞ വിലയ്ക്ക് ലഭിയ്ക്കുമെന്നതിനാൽ സാധാരണക്കാരും, വിവാഹ പാർട്ടികളും വരെ വാഴാനി യിലെത്തുന്നതും പതിവായിരുന്നു. മത്സ്യ വിഭവങ്ങളുടെ ഡിമാൻഡ് വർധിച്ചതോടെ വില്പനയും, മറ്റ് നടപടി ക്രമങ്ങളും സഹകരണ സംഘത്തിന്റെ കീഴിലാക്കാൻ 1994ൽ അധികാരത്തിലിരുന്ന കെ. കരുണാകരന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ തീരുമാനമെടുത്തു. ഇതിനെ തുടർന്ന് മത്സ്യ ബന്ധനത്തിലേർപ്പെട്ടിരുന്നവരെ ഉൾപ്പെടുത്തി സഹകരണ സംഘത്തിന് രൂപം നൽകി.
വാഴാനി ഡാമിനോട് ചേർന്ന് സ്ഥലം വാങ്ങുകയും, വിപുലമായ സൗകര്യങ്ങളോടെ ഇരുനില കെട്ടിടം നിർമ്മിയ്ക്കുകയും ചെയ്തു. 1994 ഫെബ്രുവരി 18 ന് അന്നത്തെ ഫിഷറീസ് വകുപ്പ് മന്ത്രിയായിരുന്ന എം. ടി. പത്മയാണ് സംഘം ഉദ്ഘാടനം ചെയ്തത്. ഏതാനും വർഷം മികച്ച രീതിയിൽ പ്രവർത്തിച്ച സംഘം പിന്നീട് പ്രവർത്തന വഴിയിൽ കാലിടറി വീണു. റിസർവോയറിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിയ്ക്കുന്നതിന് വിലക്ക് വീണതോടെ സംഘത്തിന് എന്നന്നേക്കുമായി താഴ് വീണു.
വരുമാനമില്ലാതായതോടെ സംഘാംഗങ്ങൾ ഓരോരുത്തരായി പിരിഞ്ഞ് പോയി. മറ്റ് വരുമാനമാർഗങ്ങൾ സൃഷ്ടിയ്ക്കുന്നതിൽ ഭരണകൂടങ്ങളും അലംഭാവം പ്രകടിപ്പിച്ചതോടെ സംഘം ഭരണസമിതിയിലേക്ക് തിരഞ്ഞെടുപ്പ് നടത്തുന്നത് പോലും സാധിയ്ക്കാതെയായി.
തെക്കുംകര പഞ്ചായത്ത് ഭരണസമിതിയുടെ ശ്രമഫലമായി റിസർവോയറിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിയ്ക്കാൻ അനുമതി ലഭിച്ചെങ്കിലും ഇവ വളർന്ന് വരുന്നതിനുള്ള കാലതാമസം അവശേഷിയ്ക്കുന്ന സംഘാംഗങ്ങളേയും മറ്റ് ജോലികളിലേക്ക് നയിച്ചു. ഇപ്പോൾ സംഘം അടച്ച് പൂട്ടിയിട്ട് രണ്ട ് പതിറ്റാണ്ടായി . അഡ്മിനിസ്ട്രേറ്ററുടെ ഭരണത്തിലാണ് ഇന്ന് സംഘം .
പുതിയ തിരഞ്ഞെടുപ്പ് നടത്തുന്നതിനോ, ദുർബലജനവിഭാഗങ്ങളുടെ ക്ഷേമ പ്രവർത്തനങ്ങൾക്ക് രൂപം നൽകുന്നതിനോ സഹകരണ വകുപ്പ് ഒരു നടപടിയും കൈകൊള്ളുന്നില്ല. ഇതിൽ വലിയ പ്രതിഷേധവും ഉയരുകയാണ്. മുൻ സഹകരണ മന്ത്രിയും ഇപ്പോഴത്തെ വ്യവസായ കായിക മന്ത്രിയുമായ എ. സി. മൊയ്തീന്റെ പഞ്ചായത്തിലാണ് ഈ സഹകരണ സംഘം സ്ഥിതി ചെയ്യുന്നത്.