രാജേഷ് ചേർത്തല
സാമ്പത്തികമായി രക്ഷപ്പെടാനായിരുന്നുവെങ്കില് അയാള്‍ക്ക് എന്നേകഴിയുമായിരുന്നു. വര്‍ക്ക് ഷോപ്പ് ജീവനക്കാരനായ ഇയാള്‍ക്ക് വെല്‍ഡിംഗ് ഉള്‍പ്പെടെയുള്ള ജോലികള്‍ വശമാണ്.ഗള്‍ഫില്‍ പോയി തിരികെയെത്തിയെങ്കിലും പിന്നീട് പോകാനായില്ല. നാട്ടിലെ പലസ്ഥാപനങ്ങളിലും ജോലി ചെയ്തു. ഇതിനിടയില്‍ ചില തല്ലുകേസുകളിലും ഉള്‍പ്പെട്ടു.
ഇതോടെ വീട്ടില്‍ ഒരു റൗഡിയുടെ പരിവേഷമായി. വയോധികരായ ഭാര്യവീട്ടുകാര്‍ക്കും ഇയാളെ പേടിയായി. ഈ ഭയമാണ് ശരിക്കും ഇയാള്‍ മുതലെടുത്തത്. ഭാര്യയുടെ അനിയത്തിയെയും നോട്ടമിടാന്‍ തുടങ്ങി. ഹരികൃഷ്ണയെ പലപ്പോഴും അയാള്‍ മര്‍ദ്ദിക്കാറുണ്ടായിരുന്നു.
ഇതെല്ലാം വീട്ടുകാര്‍ നിസഹായരായി നോക്കിനിന്നു. രതീഷ് ഹരികൃഷ്ണയെ മര്‍ദിക്കുന്നത് നാട്ടുകാരില്‍ ചിലരും കണ്ടിട്ടുണ്ട്. പക്ഷേ, അത് അനിയത്തോയോടുള്ള കരുതല്‍ എന്ന രീതിയിലാണ് അവര്‍ കണ്ടിരുന്നത്.
ഭാര്യ നീതു എറണാകുളത്ത് നൈറ്റ് ഡ്യൂട്ടിയിലാകുമ്പോള് സ്വന്തം കുട്ടികളെ നോക്കാനെന്ന വ്യാജേന സഹോദരിയെ രതീഷ് വീട്ടിലേക്കു കൊണ്ടുപോകുമായിരുന്നു.
കണ്ണീരിൽ രണ്ടു കുടുംബങ്ങൾ
നിരാലംബരായ രണ്ട് കുടുംബങ്ങളുടെ ജീവിതമാണ് രതീഷിൻരെ കൊടുംക്രൂരതയില്‍ തകര്‍ന്നടിഞ്ഞത്. ഹരികൃഷ്ണയെ ലഭിക്കാന്‍ ചേച്ചിയെ മാനസികമായും ശാരീരികമായുമുള്ള ഉപദ്രവങ്ങളാണ് അയാള്‍ സമ്മാനിച്ചത്. എന്നാല്‍, സഹോദരിയുടെ കൊലപാതകിയായി ഭര്‍ത്താവ് മാറുമെന്നു കരുതിയില്ല.
രണ്ട് കുട്ടികള്‍ ഉള്‍ക്കൊള്ളുന്ന കുടുംബം പോറ്റാനായി എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ നഴ്സ് ജോലി നോക്കുകയായിരുന്നു നീതു. അവര്‍ ജോലിക്കുപോയ രാത്രിയിലാണ് സ്വന്തം വീട് ഭര്‍ത്താവ് കൊലക്കളമാക്കിയത്.
ആഗ്രഹിച്ച ജീവിതം
നമുക്ക് ഇങ്ങനെയൊക്കെ കഴിഞ്ഞാല്‍ മതി എന്ന രതീഷിന്റെ കാര്‍ക്കശ്യമുള്ള ഭീഷണിയൊന്നും വകവയ്ക്കാതെ അവള് കാമുകിയായി. സാധാരണ പെണ്‍കുട്ടികളെപോലെ അവള്‍ക്കും ആഗ്രങ്ങളുണ്ടായിരുന്നു.
സ്വന്തം കുടുംബം എന്ന സ്വപ്നം. വണ്ടാനം മെഡിക്കല്‍ കോളജില്‍ ഒപ്പംജോലി ചെയ്യുന്ന യുവാവുമായി ഭാര്യ സഹോദരി അടുപ്പത്തിലാണെന്നു രതീഷ് മനസിലാക്കി.
ഇതേത്തുടര്‍ന്ന് ഇരുവരെയും ഈ ബന്ധത്തില്‍നിന്നു പിന്തിരിപ്പിക്കാന് രതീഷ് ശ്രമിച്ചു. അതിനിടെ, ഭാര്യ സഹോദരിക്കു വന്ന വിവാഹാലോചനകള്‍ രതീഷ് മുടക്കുകയും ചെയ്തു.
എന്നാല്‍, പുതിയ പ്രണയബന്ധത്തില്‍നിന്നു യുവതി പിന്മാറാന് തയാറായില്ല. വിവാഹം കഴിക്കാന്‍ താല്പര്യമുണ്ടെന്ന് ഇരുവരും രതീഷിനെ അറിയിക്കുകയും ചെയ്തു. ഇതോടെ ഭീഷണിയുമായി രതീഷ് രംഗത്തെത്തുകയായിരുന്നു.
മണിക്കൂറുകള്‍ക്കുള്ളില്‍
കൃത്യം നടന്നു മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ പിടികൂടാന്‍ സാധിച്ചതു പോലീസിന് അഭിമാനമായി. കൃത്യം നടത്തി പ്രതി രാത്രിതന്നെ സ്ഥലം വിട്ടെന്നറിഞ്ഞതോടെ പിടികൂടാനുള്ള നീക്കം ദ്രുതഗതിയിലാക്കി.
ജില്ല വിട്ടെന്നായിരുന്നു പോലീസിന്റെ ആദ്യ നിഗമനം. ഇതിനായി ലുക്കൗട്ട് നോട്ടീസും ജില്ലാ അതിര്‍ത്തികളിലും റെയില്‍വേ സ്റ്റേഷനുകളിലും നിരീക്ഷണവും ഏര്‍പ്പെടുത്തി.
വൈകുന്നേരമായതോടെ പോലീസിന് വിദേശത്തുനിന്ന് ഒരു അജ്ഞാത ഫോണ്‍ എത്തി. പ്രതി ഒളിവിലുള്ള ചെങ്ങണ്ടയിലെ സ്ഥലത്തെക്കുറിച്ചുള്ള സൂചനയായിരുന്നു അത്. പിന്നെയെല്ലാം പെട്ടെന്നുള്ള നീക്കങ്ങളായിരുന്നു.
ചെങ്ങണ്ടയിലെ ഒളിത്താവളം വളഞ്ഞപ്പോള്‍ രതീഷ് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പോലീസ് അതൊക്കെ വിഫലമാക്കി. പട്ടണക്കാട് സ്റ്റേഷനിലെ മുഴുവന്‍ അംഗങ്ങളും അന്വേഷണത്തില്‍ പങ്കെടുത്തുവെന്നു സ്റ്റേഷന് ഓഫീസര്‍ ആർ.എസ്. ബിജു പറഞ്ഞു.
സ്വന്തം വീടുകളില്‍ പോലും
ഈ സംഭവത്തോടെ സ്വന്തം വീടുകളില്‍പോലും സ്ത്രീകള്‍ സുരക്ഷതിരല്ലായെന്നു തെളിയുകയാണ്. കടക്കരപ്പള്ളിയിലെ ഹരികൃഷ്ണയുടെ കൊലപാതകം കാണിച്ചുതരുന്നത് അതാണ്. ഇത് ഒരു ഒറ്റപ്പെട്ട സംഭവമായി കാണേണ്ടതല്ല.
സുഹൃത്തുക്കളുടെ രൂപത്തിലും ബന്ധുക്കളുടെ രൂപത്തിലും പല വീടുകളിലും സ്ത്രീകള്‍ക്കുനേരെ അതിക്രമങ്ങള്‍ വര്ധിച്ചുവരികയാണെന്നുള്ളത് ഒരു സത്യം തന്നെയാണ്.
അവളെ ഈ അതിക്രമങ്ങളില്‍നിന്ന് രക്ഷപ്പെടുത്തണമെങ്കില്‍ ബോധവത്കരണം തുടങ്ങേണ്ടത് ആദ്യം വീടുകളില്‍നിന്നു തന്നെയാണെന്നു സമൂഹത്തെ ഹരികൃഷ്ണ ഓര്‍മപ്പെടുത്തുന്നു.
(അവസാനിച്ചു)