ചേര്‍ത്തല: ചേര്‍ത്തലയില്‍ സഹോദരി ഭര്‍ത്താവ് നഴ്സിനെ കൊലപ്പെടുത്തിയതു തെറ്റായബന്ധം തടസപ്പെടുമെന്ന പ്രകോപനത്തിൽ.
സഹോദരിയുടെ വീട്ടില്‍ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതി കടക്കരപ്പള്ളി പഞ്ചായത്ത് അഞ്ചാം വാര്‍ഡ് പുത്തന്‍കാട്ടുങ്കല്‍ വീട്ടില്‍ രതീഷ് (ഉണ്ണി-40) കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു.
രതിഷിന്റെ ഭാര്യയായ നീതുവിന്റെ സഹോദരി കടക്കരപ്പള്ളി പഞ്ചായത്ത് പത്താം വാര്‍ഡ് തളിശേരിത്തറ വീട്ടില്‍ ഹരികൃഷ്ണയെ (26) ആണ് ശനിയാഴ്ച രാത്രിയിൽ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
എല്ലാവർക്കും പേടി
ഹരികൃഷ്ണയെ നിരന്തരം പീഡിപ്പിച്ചിരുന്ന രതീഷ്, ഹരികൃഷ്ണയ്ക്കു മറ്റൊരു ബന്ധം ഉണ്ടെന്ന് അറിഞ്ഞതിനെത്തുടര്‍ന്നു സംഭവം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. ഹരികൃഷ്ണയുടെ കൂടെ ജോലി ചെയ്യുന്ന സുഹൃത്തിനെ വിവാഹം കഴിച്ചു പോകുമെന്നുള്ള പ്രതിയുടെ സംശയമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നു പോലീസ് പറഞ്ഞു.
ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ താത്കാലിക നഴ്സായി ജോലിചെയ്യുന്ന ഹരികൃഷ്ണ അവിവാഹിതയാണ്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്സായ സഹോദരി നീതുവിനെ വിവാഹം ചെയ്ത ശേഷം ഹരികൃഷ്ണയെ കഴിഞ്ഞ രണ്ടു വര്‍ഷമായി രതീഷ് ഭീഷണിപ്പെടുത്തി വരുതിയിലാക്കിയിരിക്കുകയായിരുന്നെന്നു പോലീസ് പറഞ്ഞു.
ബിജെപി പ്രവര്‍ത്തകനായിരുന്നു രതീഷ്. പാർട്ടി പ്രവർത്തനവുമായി ബന്ധപ്പെട്ടു ചില അടിപിടി കേസുകളുമായി നടക്കുന്ന രതീഷിനെ ഹരികൃഷ്ണയുടെ മാതാപിതാക്കൾക്കു ഭയമായിരുന്നു.
ദുരന്തമായ ജീവിതം
അനുജത്തിയുമായുള്ള ഭർത്താവിന്റെ അടുപ്പമറിഞ്ഞ നീതു ഒരുവർഷം മുമ്പ് ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നതായും നാട്ടുകാര്‍ പറയുന്നു. ഹരികൃഷ്ണയെ തങ്കിക്കവലയിൽനിന്നു പലപ്പോഴും രതീഷായിരുന്നു സ്കൂട്ടറില്‍ വീട്ടിലെത്തിച്ചിരുന്നത്.
രതീഷിന്റെ വീട്ടില്‍നിന്ന് ഒരു കിലോമീറ്റര്‍ മാത്രം അകലെയാണ് ഹരികൃഷ്ണയുടെയും വീട്.
സഹോദരി നീതു എറണാകുളത്തു ജോലിക്കായി പോകുമ്പോഴായിരുന്നു ഹരികൃഷ്ണയുമായി ബന്ധം പുലര്‍ത്തിയിരുന്നതെന്നു രതീഷ് പോലീസിനോടു പറഞ്ഞിട്ടുണ്ട്. ഹരികൃഷ്ണയ്ക്കു രതീഷിനോടു അത്ര വലിയ ഇഷ്ടമൊന്നുമുണ്ടായിരുന്നില്ല. എന്നാൽ, രതീഷിന്റെ ഭീഷണിമൂലം അടുപ്പം തുടരുകയായിരുന്നെന്നു പോലീസ് പറയുന്നു.
രതീഷിൽനിന്നു അകലാൻ പലവട്ടം ശ്രമിച്ചെങ്കിലും അയാൾ അനുവദിച്ചിരുന്നില്ല. ഇതിനിടയില്‍ ഹരികൃഷ്ണയ്ക്കു തന്റെ കൂടെ ജോലി ചെയ്യുന്ന മറ്റൊരു യുവാവുമായി അടുപ്പുമുള്ള വിവരം രതീഷ് അറിഞ്ഞു.
യുവാവിനെച്ചൊല്ലി
വെള്ളിയാഴ്ച വൈകുന്നേരം 6.45ന് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍നിന്നു ഡ്യൂട്ടി കഴിഞ്ഞു തങ്കിക്കവലയിൽ എത്തിയ ഹരികൃഷ്ണയെ രതീഷ് പതിവായി കൊണ്ടുപോകുന്നതുപോലെ തന്റെ വീട്ടിലേക്കു കൊണ്ടുപോകുകയായിരുന്നു.
വീട്ടിലെത്തിച്ച ഹരികൃഷ്ണയെ കൂടെ ജോലി ചെയ്യുന്ന സുഹൃത്തിനെക്കുറിച്ച് ചോദിച്ചു മര്‍ദിക്കുകയും കഴുത്തിനു കുത്തിപ്പിടിച്ചു തല ജനലില്‍ ഇടിപ്പിക്കുകയും ചെയ്തു. ഇടിയുടെ ആഘാതത്തില്‍ അബോധാവസ്ഥയില്‍ താഴെ വീണ ഹരികൃഷ്ണയെ ഇയാള്‍ മാനഭംഗപ്പെടുത്തിയതായും പോലീസിനോടു സമ്മതിച്ചിട്ടുണ്ട്.
തുടര്‍ന്ന് മൂക്കും വായും പൊത്തിപ്പിടിച്ചു ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തകയായിരുന്നുവെന്നും പോലീസിന് നല്കിയ മൊഴിയില്‍ പറയുന്നു.
കുഴിച്ചിടാൻ ശ്രമം
മരിച്ചെന്നു മനസിലായതോടെ വീടിനു പുറത്തേക്കു വലിച്ചിഴച്ചു കൊണ്ടുപോയെങ്കിലും ശക്തമായ മഴ വന്നതോടെ തിരിച്ചുമുറിയുടെ അകത്തേക്കു കൊണ്ടുവന്നു കിടത്തിയ ശേഷം വീട് പൂട്ടി ഒളിവിൽ പോകുകയായിരുന്നു.
ചെരുപ്പുധരിച്ച നിലയിലുള്ള മൃതദേഹത്തിൽ വസ്ത്രത്തിലും ശരീരത്തിന്റെ പലഭാഗത്തു മണൽ കണ്ടെത്തിയതോടെയാണ് മരണത്തിൽ ദുരൂഹത വർധിച്ചത്.
ശനിയാഴ്ച വൈകിട്ടോടെ ചേർത്തലയ്ക്കടുത്ത് വാരനാട് ചെങ്ങണ്ടയിൽ അകന്ന ബന്ധുവിന്റെ വീട്ടിൽനിന്നു പോലീസ് രതീഷിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.