രാജേഷ് ചേര്‍ത്തല
സംഭവ ദിവസം വൈകുന്നേരം ജോലികഴിഞ്ഞു തങ്കിക്കവലയിലെത്തിയ ഹരികൃഷ്ണയെ ബൈക്കില്‍ രതീഷ് തന്റെ വീട്ടിലെത്തിച്ചു.
സ്വന്തം വീട്ടിൽ കൊണ്ടാക്കാതെ ഇങ്ങോട്ടു പോന്നത് എന്തിനെന്നു വീടിനകത്തു കയറുന്നതിനു മുമ്പേ ഹരികൃഷ്ണ ചോദിച്ചിരുന്നു. ഒപ്പം ജോലി ചെയ്യുന്ന ആളെക്കുറിച്ചു സംസാരിക്കാനാണ് എന്നു പറഞ്ഞാണ് മുറിക്കുള്ളില്‍ കയറ്റി ഇരുത്തിയത്.
അകത്ത് ഇരുത്തിയ ശേഷം യുവതിയുടെ കൂടെ ജോലി ചെയ്യുന്ന ആളെക്കുറിച്ചു ചോദിച്ചു. അയാളെ വിവാഹം കഴിക്കാന്‍ സമ്മതിക്കില്ലെന്നും അങ്ങനെ ഉണ്ടായാല്‍ യുവതിയെയും ഒപ്പം ജോലി ചെയ്യുന്നയാളെയും തന്റെ രണ്ടു മക്കളെയും കൊന്ന ശേഷം നാടു വിട്ടുപോകുമെന്നും രതീഷ് ഭീഷണിപ്പെടുത്തി.
എന്നാൽ, അയാളുടെ ഭീഷണിക്കു വഴങ്ങാൻ അവൾ തയാറായില്ല. ഇതോടെ തര്‍ക്കമായി. അവളെ മര്‍ദിച്ചു. കഴുത്തിനു കുത്തിപ്പിടിച്ചു തല ജനലില്‍ ഇടിപ്പിച്ചു. ബോധരഹിതയായി നിലത്തുവീണ യുവതിയെ ബലാത്സംഗം ചെയ്തു. തുടര്‍ന്നു കഴുത്തിനു കുത്തിപ്പിടിച്ചു. മൂക്കും വായും പൊത്തിപ്പിടിച്ചു ശ്വാസം മുട്ടിച്ചു കൊല്ലുകയായിരുന്നുവെന്ന് അറസ്റ്റിലായ പ്രതി തെളിവെടുപ്പിൽ വിവരിച്ചു.
ഡമ്മി ചിത്രീകരണം
ഇതിനിടയിലാണ് യുവതിയുടെ വീട്ടില്‍നിന്നു പ്രതിയെ ഫോണില്‍ വിളിച്ചത്. നൈറ്റ് ജോലിയുള്ളതിനാൽ യുവതി അന്നു വീട്ടിലേക്കു വരില്ലെന്നു പറഞ്ഞു ഫോണ്‍ കട്ട് ചെയ്തു. യുവതിയുടെ ഫോണ്‍ സൈലന്റ് ആക്കി. മരിച്ചെന്നുറപ്പിച്ച ശേഷം മൃതദേഹം മറവു ചെയ്യാന്‍ മുറ്റത്തേക്കു വലിച്ചുകൊണ്ടുപോയി
. ഇറങ്ങുന്ന പടിയില്‍ മൃതദേഹം വച്ചതോടെ കമിഴ്ന്നു മണ്ണില്‍ വീണു. അപ്പോള്‍ മുതുകില്‍ ആഞ്ഞു ചവിട്ടി. ഇതിനിടെ, മഴ കനത്തതിനാല്‍ മൃതദേഹം മറവു ചെയ്യാതെ വലിച്ചിഴച്ചു വീട്ടിലെ മറ്റൊരു മുറിയില്‍ ഉപേക്ഷിച്ചു കടന്നുകളയുകയായിരുന്നു.
ഹരികൃഷ്ണ മര്‍ദിച്ചതും കൊന്നതിനു ശേഷം മറവുചെയ്യാന്‍ വലിച്ചുകൊണ്ടുപോകുന്നതുമൊക്കെ ഡമ്മിയില്‍ പോലീസ് വീണ്ടും ചിത്രീകരിച്ചു. റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന പ്രതിയെ കോടതി നാലു ദിവസത്തേക്കാണ് തെളിവെടുപ്പിനായി കൈമാറിയത്.
രോഷത്തോടെ സത്രീകൾ
ജൂലൈ 23 വെള്ളിയാഴ്ച രാത്രിയാണ് കടക്കരപ്പള്ളി പഞ്ചായത്ത് പത്താം വാര്‍ഡ് തളിശേരിത്തറ ഉല്ലാസിന്റെയും സുവര്‍ണയുടെയും മകള്‍ ഹരികൃഷ്ണ എന്ന ഇരുപത്താറുകാരി കൊല്ലപ്പെട്ടത്.
ഹരികൃഷ്ണയുടെ ചേച്ചി നീതുവിന്റെ ഭര്‍ത്താവ് കടക്കരപ്പള്ളി പഞ്ചായത്ത് അഞ്ചാം വാര്‍ഡ് പുത്തന്‍കാട്ടുങ്കല്‍ വീട്ടില്‍ രതീഷ് (ഉണ്ണി-40) അവളെ ക്രൂരമായി കൊലപ്പെടുത്തിയെന്നു പോലീസിനു മുന്നിൽ സമ്മതിച്ചു. പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ചപ്പോള്‍ വീട്ടമ്മമാരടക്കം രോഷത്തോടെ പാഞ്ഞടത്തു.
സ്ത്രീജനങ്ങളടക്കം നാട്ടുകാര്‍ ഒത്തുകൂടി. കഴിഞ്ഞ ദിവസം രാവിലെ 11.30 ഓടെയാണ് കനത്ത പോലീസ് കാവലില്‍ രതീഷിനെ സംഭവ സ്ഥലത്ത് എത്തിച്ചത്. പട്ടണക്കാട് സ്റ്റേഷന് ഓഫീസര്‍ ആര്.എസ്.ബിജുവിന്റെ നേതൃത്വത്തിൽ ഫോറന്‍സിക്, ഫിംഗര്‍ പ്രിന്റ് വിദഗ്ധരുടെയും സാന്നിധ്യത്തിലായിരുന്നു തെളിവെടുപ്പ്.
മാന്യമായ ജോലിയുമായി ഗൾഫിൽ കഴിഞ്ഞിരുന്ന രതീഷ് തിരികെ എത്തിക്കഴിഞ്ഞുള്ള ചില സംഭവങ്ങളാണ് ജീവിതം മാറ്റിമറിച്ചത്.
(തുടരും)