രാജേഷ് ചേര്‍ത്തല
കടക്കരപ്പള്ളിയില്‍ നഴ്സിനെ കാണ്മാനില്ല എന്നു വാര്‍ത്ത കേട്ടാണ് ശനിയാഴ്ച ചേര്‍ത്തല നിവാസികള്‍ ഉണരുന്നത്. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ താത്കാലിക നഴ്സായി ജോലിചെയ്യുന്ന കടക്കരപ്പള്ളി പഞ്ചായത്ത് പത്താം വാര്‍ഡ് തളിശേരിത്തറ വീട്ടില്‍ ഉല്ലാസിന്റെയും സുവര്‍ണയുടെയും മകള്‍ ഹരികൃഷ്ണ(26)യെ ആണ് കാണാതായത്.
വെള്ളിയാഴ്ച രാവിലെ പതിവുപോലെ ജോലിക്കു പോയതാണ്. പക്ഷേ, വൈകുന്നേരം തിരികെ വീട്ടിലെത്തിയില്ല. ആശങ്കയിലായ വീട്ടുകാര്‍ക്കും അയല്‍വാസികള്‍ക്കും ആ രാത്രി ഉറങ്ങാന്‍ കഴിഞ്ഞില്ല. എങ്കിലും അനിഷ്ടമായതൊന്നും സംഭവിക്കില്ലെന്ന പ്രതീക്ഷയിലായിരുന്നു അവർ.
എന്നാൽ, പിറ്റേന്നു വൈകുന്നേരം വീട്ടുമുറ്റത്തേക്ക് എത്തിയത് അവളുടെ ചേതനയറ്റ ശരീരമായിരുന്നു. അതിലേറെ വീട്ടുകാരെയും നാട്ടുകാരെയും ഞെട്ടിച്ചത് അവളുടെ ജീവനെടുത്തത് ഏറ്റവുമടുത്ത ബന്ധു തന്നെ ആയിരുന്നു എന്നതാണ്.
ഹരികൃഷ്ണയുടെ ചേച്ചി നീതുവിന്റെ ഭര്‍ത്താവ് കടക്കരപ്പള്ളി പഞ്ചായത്ത് അഞ്ചാം വാര്‍ഡ് പുത്തന്‍കാട്ടുങ്കല്‍ വീട്ടില്‍ രതീഷ് (ഉണ്ണി-40) പോലീസിന്റെ പിടിയിലായി.
സാധാരണ പെൺകുട്ടി
കടക്കരപ്പള്ളി എന്ന നാട്ടിന്‍പുറത്തെ ഒരു സാധാരണ കുടുംബമായിരുന്നു ഇവരുടേത്. അച്ഛന് ഉല്ലാസ് നാട്ടിന്‍പുറത്തെ പണികള്‍ ചെയ്തും അമ്മ സുവര്‍ണ തയ്യല്‍പ്പണി ചെയ്തും തൊഴിലുറപ്പിനുമൊക്കെ പോയി വളരെ കഷ്ടപ്പെട്ടാണ് മക്കളെ വളര്‍ത്തിയെടുത്തത്.
നഴ്സിംഗിനു താല്പര്യമുണ്ടായിരുന്ന മക്കളെ ആ രീതിയിൽ പഠിപ്പിക്കാനും ഇവര്‍ക്കു കഴിഞ്ഞു. മൂത്തമകള്‍ നീതു എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ നഴ്സായപ്പോള്‍ ഇളയമകള്‍ ഹരികൃഷ്ണ സര്‍ക്കാരിന്റെ വിവിധ ആശുപത്രികളില്‍ താല്കാലിക നഴ്സായി ജോലി ചെയ്തു. ഒടുവിൽ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജിലായിരുന്നു ഹരികൃഷ്ണയുടെ ജോലി.
എല്ലാവരോടും സ്നേഹം
മിച്ചം വച്ചതും കടം മേടിച്ചതുമൊക്കെ ചേര്‍ത്താണ് നീതുവിന്റെ വിവാഹം നടത്തിയത്. വീടിനു അധികം ദൂരെയല്ലാതെതന്നെ ഒരു വിവാഹബന്ധം കിട്ടിയത് ഈ കുടുംബത്തിനു വലിയ ആശ്വാസമായാണ് തോന്നിയത്. ചേച്ചി വിവാഹത്തോടെ വീട്ടില്‍നിന്നു മാറിയതോടെ ഹരികൃഷ്ണയായിരുന്നു വീട്ടിലെ കാര്യങ്ങളൊക്കെ നോക്കിയിരുന്നത്.
വര്‍ഷങ്ങളായി ഉല്ലാസ് വൃക്കരോഗത്തിനു ചികിത്സ നടത്തിയത് ഇളയ മകള്‍ ഹരികൃഷ്ണയുടെ വരുമാനം കൊണ്ടായിരുന്നു. ചേര്‍ത്തല താലൂക്കാശുപത്രിയില്‍ ഹരികൃഷ്ണ കരാര്‍ അടിസ്ഥാനത്തില്‍ നഴ്സിംഗ് ജോലി തുടങ്ങുമ്പോള്‍ മുതല്‍ത്തന്നെ പിതാവിന്റെ ചികിത്സയുടെ ചെലവിലാണ് അവൾക്കു കിട്ടുന്നതു മുഴുവൻ നീക്കിവച്ചിരുന്നത്.
മുഴുവന്‍ തുകയും വീട്ടിലേക്കും മരുന്നിനുമാണ് ഉപയോഗിച്ചിരുന്നത്. അത്രയ്ക്കു കുടുംബത്തോടു സ്നേഹമുള്ളവളായിരുന്നു ഹരികൃഷ്ണ.
ആ കഴുകൻ കണ്ണുകൾ
ഭാര്യയുടെ അനുജത്തിയെ സ്വന്തം അനുജത്തിയെപ്പോലെ കാണണമെന്നാണെങ്കിലും രതീഷിന്റെ കഴുകൻ കണ്ണുകൾ അങ്ങനെയായിരുന്നില്ല. ചേച്ചിക്കൊപ്പം ജീവിക്കുന്പോൾത്തന്നെ അയാൾ ഹരികൃഷ്ണയെ നോട്ടമിട്ടു. ആദ്യമൊക്കെ അവൾ കണ്ടില്ലെന്നു നടിച്ചു, ഒഴിഞ്ഞുമാറി.
പക്ഷേ, സ്വാതന്ത്ര്യം കൂടിയതോടെ രതീഷ് ഭീഷണിയുടെ വഴിയിയിലേക്കു മാറി. അങ്ങനെ ഏതാനും മാസംകൊണ്ട് ഹരികൃഷ്ണനെ ഭീഷണിപ്പെടുത്തി വരുതിയിലാക്കി അവളുടെ അടുത്ത് അമിത സ്വാതന്ത്ര്യമെടുത്തു തുടങ്ങി. രതീഷിനെ വീട്ടിൽ എല്ലാവർക്കും തന്നെ ഭയമായിരുന്നു.
ആ ഭയം മുതലെടുത്തു തന്റെ തന്ത്രങ്ങൾ അയാൾ ഫലപ്രദമായി നടപ്പാക്കി. അനുജത്തിയെ തെറ്റായ മോഹങ്ങൾക്കായി അയാൾ വരുതിയിലാക്കി. ചേച്ചിയുടെ ഭര്‍ത്താവായതുകൊണ്ട് നാട്ടുകാരുടെ കണ്ണില്‍ പൊടിയിടാനും രതീഷിനു കഴിഞ്ഞു. എന്നാൽ, വൈകാതെ കാര്യങ്ങൾ പൊട്ടിത്തെറിയിലേക്ക് എത്തി.
(തുടരും)