ഗാന്ധിനഗർ: മൂന്നു വർഷത്തിനുശേഷം ഹരികൃഷ്ണൻ രുചിയറിഞ്ഞ് ഭക്ഷണം കഴിച്ചു കോട്ടയം മെഡിക്കൽ കോളജിൽനിന്നു വീട്ടിലേക്കു മടങ്ങി.
വായിലും മൂക്കിലും ഘടിപ്പിച്ച ട്യൂബുകളിലൂടെയായിരുന്നു തിരുവാർപ്പ് വല്യാറയിൽ ജയ്മോൻ, രാധാമണി ദന്പതികളുടെ മകൻ ഹരികൃഷ്ണൻ (23) ഏറെ നാളുകളായി ഭക്ഷണം കഴിച്ചിരുന്നത്.
ജന്മനാ ഹരികൃഷ്ണനു തലച്ചോറിൽ ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നു. നടക്കാനാകാതെ വീഴുന്നതായിരുന്നു ആദ്യ ലക്ഷണം. പത്താം ക്ലാസിൽ പഠിക്കുന്പോഴാണ് ആദ്യമായി രോഗമുണ്ടായത്.
തിരുവനന്തപുരത്തു നടത്തിയ പരിശോധനയിൽ രോഗം കണ്ടെത്തി ശസ്ത്രക്രിയ നടത്തി. പിന്നീട് ബിഎ രണ്ടാം വർഷം പഠിക്കുന്പോഴാണ് ആരോഗ്യനില വീണ്ടും മോശമായത്.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ 20 ലക്ഷം രൂപ മുടക്കി വീണ്ടും ശസ്ത്രക്രിയ നടത്തി. ശേഷം വായിലും മൂക്കിലും ട്യൂബ് സ്ഥാപിച്ചു. ഇതിനിടെ പലപ്പോഴും ആരോഗ്യനില മോശമായിക്കൊണ്ടിരുന്നു.
കഴിഞ്ഞമാസമാണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ ന്യൂറോ സർജറി മേധാവി ഡോ.പി.കെ. ബാലകൃഷ്ണനെ കാണുന്നത്.
ജനുവരി 19ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും മൂന്ന് ആഴ്ചയോളം ചികിത്സ നടത്തുകയും ചെയ്തു.
കഴിഞ്ഞ എട്ടിനു തലച്ചോറിന്റെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. ശസ്ത്രക്രിയ വിജയമായതോടെയാണ് ഹരികൃഷ്ണന്റെ ശരീരത്തിൽ ഘടിപ്പിച്ചിരുന്ന ട്യൂബുകളൊക്കെ നീക്കം ചെയ്തത്.
പൂർണ ആരോഗ്യത്തിലേക്കു തിരികെ എത്തിയ ഹരികൃഷ്ണൻ ഡോക്ടർമാർക്ക് നന്ദി രേഖപ്പെടുത്തി ഇന്നലെ രാത്രിയോടെ ആശുപത്രി വിട്ടത്.