ചത്തീസ്ഗഡ് മുഖ്യമന്ത്രി രമണ്‍സിംഗിന്റെ മരുമകളുടെ പ്രസവത്തിനായി ഐ.സി.യുവില്‍ നിന്ന് ഒഴിപ്പിച്ചതിനെത്തുടര്‍ന്നാണ് മലയാളി കായിക താരം മരിച്ചതെന്ന് റിപ്പോര്‍ട്ട്. കിക്ക് ബോക്‌സിംഗില്‍ ഏഷ്യന്‍ ചാമ്പ്യനായ കെ.കെ ഹരികൃഷ്ണനാണ് മരിച്ചത്. റായ്പൂരിലെ ജൂനസ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ സെപ്റ്റംബര്‍ 10ന് നടന്ന ദേശീയ കിക്ക് ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനിടെ ഹരികൃഷ്ണന്‍ കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് അംബേദ്കര്‍ ആശുപത്രിയിലെത്തിച്ച ഹരികൃഷ്ണന് അടിയന്തിര ശസ്ത്രക്രിയ നടത്തി. കേരള സര്‍ക്കാരും സംസ്ഥാന ദേശീയ കിക്ക് ബോക്‌സിംഗ് അസോസിയേഷനുകളും ഇടപെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെ വി.വി.ഐ.പി ബ്ലോക്കിലെ ഐ.സി.യുവും അനുവദിച്ചു. കെ കെ ഹരികൃഷ്ണന്‍
എന്നാല്‍ മുഖ്യമന്ത്രിയുടെ മരുമകളെ പ്രസവത്തിനായി കൊണ്ടുവന്ന സമയത്ത് ഒരു ബ്ലോക്കിലെ എല്ലാ രോഗികളെയും ഒഴിപ്പിച്ചിരുന്നു. തുടര്‍ന്ന് ഈ ബ്ലോക്കിലുള്ള രോഗികളെ താഴത്തെ നിലയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇതോടെ ആരോഗ്യം വീണ്ടെടുത്തു വരികയായിരുന്ന ഹരികൃഷ്ണന്റെ നില അണുബാധയുണ്ടായതിനെത്തുടര്‍ന്ന് ഗുരുതരമായി. തുടര്‍ന്ന് എട്ടു ലക്ഷത്തോളം രൂപ ചെലവിട്ട് 15 ന് പുലര്‍ച്ചെ എയര്‍ ആംബുലന്‍സില്‍ ഹരിയെ വൈക്കത്തെ ഇന്‍ഡോ അമേരിക്കന്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇന്നലെ പുലര്‍ച്ചെയോടെ മരണം സംഭവിച്ചു. നില മെച്ചപ്പെടും മുന്‍പ് ഐ.സി.യുവില്‍ നിന്ന് മാറ്റിയതിനാലാണ് അണുബാധയുണ്ടായതെന്നാണ് ആക്ഷേപം. ദേശീയതലത്തില്‍ ആറു തവണ സ്വര്‍ണ്ണ മെഡലും 12 തവണ വെള്ളിമെഡലും നേടിയിട്ടുള്ള താരമാണ് ഹരികൃഷ്ണന്‍.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് മന്ത്രിയുടെ മരുമകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഉടന്‍തന്നെ ആശുപത്രിയിലെ രണ്ടാം നിലയില്‍ നിന്നും എല്ലാ രോഗികളെയും ഒഴിപ്പിക്കുകയായിരുന്നു. ഏതാണ്ട് 1200 ഓളം രോഗികളെയാണ് ഇത്തരത്തില്‍ വാര്‍ഡില്‍ നിന്നും മാറ്റിയത്. ഒന്നാം നിലയിലേക്ക് രോഗികളെ മൊത്തം മാറ്റിയതോടെ ഒരു ബെഡില്‍ രണ്ടുപേര്‍ കിടക്കേണ്ട സ്ഥിതിയായി. സംഭവം വിവാദമായപ്പോള്‍ മന്ത്രിയുടെ നടപടിയെ ന്യായീകരിക്കുകയായിരുന്നു ബി.ജെ.പി ചെയ്തത്. മറ്റു പ്രൈവറ്റ് ആശുപത്രികള്‍ ഉണ്ടായിട്ടും മന്ത്രിയുടെ മരുമകളെ അംബേദ്ക്കര്‍ ആശുപത്രിയില്‍ തന്നെ പ്രവേശിപ്പിച്ചതില്‍ അദ്ദേഹത്തെ അഭിനന്ദിക്കുകയാണ് വേണ്ടതെന്ന് സംസ്ഥാന ആരോഗ്യമന്ത്രി അജയ് ചന്ദ്രാകര്‍ പറഞ്ഞിരുന്നു.