ലാലേട്ടനും മമ്മൂക്കയും സൂപ്പർതാരങ്ങളായി വളർന്നപ്പോൾ ഒരുമിച്ച് സിനിമകൾ ചെയ്യുന്നത് അവർ തന്നെ ഒരുകാലത്ത് അവസാനിപ്പിച്ചിരുന്നു .
ഒരാൾക്ക് മുൻതൂക്കം കൂടിയാൽ മറ്റേ ഫാൻസിനു വിഷമമാകുമെന്ന ചിന്തയായിരുന്നു ഈ പിന്മാറ്റത്തിന് പിറകിൽ . എന്നാൽ ഫാസിലിനെ രണ്ടുപേർക്കും വിശ്വാസമായിരുന്നു. അങ്ങിനെയാണ് ഹരികൃഷ്ണൻസ് എന്ന സിനിമ സംഭവിച്ചത്.
അതിനായി ഫാസിൽ ഒരു കഥാപാത്രത്തെ ഉണ്ടാക്കി അതിനെ രണ്ടായി പിളർന്ന് രണ്ടുപേർക്കും തുല്യമായി വീതിച്ചു. സംഭാഷണങ്ങളും തുല്യമായി ഭാഗിച്ചു നൽകി. സത്യത്തിൽ ഒരാൾ ചെയ്യേണ്ട കഥാപാത്രത്തെയാണ് രണ്ടു കഥാപാത്രങ്ങളാക്കി മാറ്റിയത്.
പക്ഷെ , കുഴപ്പം തുടങ്ങിയത് നായികയുടെ കാര്യത്തിലാണ്. രണ്ടു കഥാപാത്രങ്ങളും നായികയായ ജൂഹിചൌളയെ പ്രണയിക്കുന്നുണ്ട്. നായികയെ മാത്രം രണ്ടായി മുറിക്കാനാകില്ലല്ലോ. അങ്ങിനെ ഏറെ ആലോചിച്ചതിനുശേഷം ഫാസിൽ മൂന്ന് ക്ലൈമാക്സുകൾ ഷൂട്ട് ചെയ്തു വച്ചു .
ഒന്നിൽ മമ്മൂക്കയ്ക്കും മറ്റൊന്നിൽ ലാലേട്ടനും ജൂഹിയെ ലഭിക്കുന്നു. മൂന്നാമത്തെ ക്ലൈമാക്സിൽ ജൂഹി ആരെ സ്വീകരിച്ചു എന്നത് പ്രേക്ഷകർക്കായി വിട്ടു കൊടുക്കുന്നു. മൂന്നാമത്തെ ക്ലൈമാക്സ് ആണ് ഫാസിൽ ചിത്രത്തിൽ ചേർത്തത്.
എന്നാൽ ചെന്നൈയിൽ സ്വന്തക്കാർക്കും കൂട്ടുകാർക്കുമായി ഫാസിൽ സംഘടിപ്പിച്ച പ്രിവ്യു അദ്ദേഹത്തെ മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചു. ചിരിച്ചും കൈയടിച്ചും സിനിമ കണ്ട അവർ ക്ലൈമാക്സ് കാണികളെ കബളിപ്പിക്കുന്നതാണെന്ന് ഫാസിലിനോട് സൂചിപ്പിച്ചു . അവർക്കുണ്ടായ മ്ലാനത കാണികൾക്ക് ഉണ്ടാകരുത് എന്ന് ഫാസിൽ നിശ്ചയിച്ചു.
അതിനാൽ എത്ര പ്രിന്റ് റിലീസ് ചെയ്യുന്നുണ്ടോ, അതിൽ പാതി ലാലേട്ടന് നറുക്ക് വീഴുന്നതായും, പാതി മമ്മൂക്കയ്ക്ക് നറുക്ക് വീഴുന്നതായും വരുത്തി. രണ്ടു പ്രിന്റും സെൻസർ ചെയ്യാൻ അയയ്ക്കാൻ നിർമാണ വിഭാഗത്തോട് നിർദേശിച്ചു.
എന്നാൽ രണ്ടു പ്രിന്റും സെൻസറിന് പോയാൽ കമ്മിറ്റി അംഗീകരിച്ചില്ലെങ്കിലോ എന്ന ഭയത്തിൽ അവർ ആദ്യം കൈയിൽ കിട്ടിയ ലാൽ-ജൂഹി പ്രിന്റ് മാത്രം സെൻസർ ചെയ്തു. അതവർ ഫാസിലിനെ അറിയിച്ചതുമില്ല .
വിതരണ വിഭാഗം രണ്ടു പ്രിന്റുകളും മാനേജർമാരെ ഏൽപ്പിച്ചു. തിയറ്ററുകളിലേക്ക് പ്രിന്റുകൾ കൊണ്ടുപോകാൻ റെപ്രസെന്റിറ്റീവുമാർ വന്നപ്പോൾ മാനേജർമാർ അവരുടെ അഭിപ്രായം ആരാഞ്ഞു. തിരുവനന്തപുരം ഭാഗത്തുള്ളവർ ലാലേട്ടൻ പ്രിന്റും മലപ്പുറം ഭാഗത്തുള്ളവർ മമ്മൂക്ക പ്രിന്റും വീതം വച്ച് തിയറ്ററുകളിലേക്ക് കൊണ്ടുപോയി.
സിനിമ റിലീസ് ചെയ്തപ്പോൾ ഫാസിൽ ജാതി കളിക്കുന്നുവെന്ന ആരോപണങ്ങൾ ഉയർന്നു. ഉടനെ രണ്ടു പ്രിന്റുകളും പിൻവലിച്ച് സെൻസർ കഴിഞ്ഞ ലാലേട്ടൻ പ്രിന്റ് മാത്രം പ്രദർശനത്തിന് നൽകി. ഇതാണ് ്ധഹരികൃഷ്ണൻസ് ക്ലൈമാക്സ് വിവാദത്തിന്റെ യഥാർഥ വസ്തുത. സംവിധായകൻ ഫാസിൽ തന്നെ വെളിപ്പെടുത്തിയതാണിതെന്നു ചില റിപ്പോർട്ടുകൾ പറയുന്നു.