സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഒരുമിച്ച് കീഴടങ്ങാനായിരുന്നു പദ്ധതിയിട്ടിരുന്നതെന്ന് ഡിവൈഎസ്പി ഹരികുമാറിന്റെ സുഹൃത്തും ബിസിനസുകാരനുമായ ബിനു ക്രൈംബ്രാഞ്ചിനോട് വെളിപ്പെടുത്തി. എന്നാൽ ഹരികുമാർ ആത്മഹത്യ ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും ആത്മഹത്യ വിവരം മാധ്യമങ്ങളിലൂടെ അറിഞ്ഞപ്പോൾ വിശ്വസിക്കാനായില്ലെന്നും ബിനു ക്രൈംബ്രാഞ്ചിനോട് പറഞ്ഞു.
മുൻകൂർ ജാമ്യം ലഭിയ്ക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ സംഭവം മാധ്യമങ്ങളിൽ ഏറെ ചർച്ചയായതോടെ മുൻകൂർ ജാമ്യം ലഭിക്കില്ലെന്ന് അഭിഭാഷകൻ പറഞ്ഞതോടെയാണ് കീഴടങ്ങാൻ ഹരികുമാറും താനും തീരുമാനിച്ചതെന്ന് ബിനു ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിൽ വ്യക്തമാക്കി. ഇന്നലെ വൈകുന്നേരമാണ് ബിനുവും ഇവർക്ക് രക്ഷപ്പെടാൻ ഉപയോഗിച്ച വാഹനത്തിന്റെ ഡ്രൈവർ രമേശും ക്രൈംബ്രാഞ്ച് എസ്പി ആന്റണിയുടെ മുൻപാകെ കീഴടങ്ങിയത്.
കോടതി റിമാൻഡ് ചെയ്ത് നെയ്യാറ്റിൻകര സബ് ജയിലിൽ പാർപ്പിക്കാൻ ഇടയായാൽ തനിക്ക് അവിടെ കഴിയുന്ന വിചാരണ തടവുകാരിൽ നിന്നും ശാരീരിക മാനസിക പീഡനം ഉണ്ടാകുമെന്ന ആശങ്ക ഹരികുമാറിനുണ്ടായിരുന്നുവെന്ന് ബിനു ക്രൈംബ്രാഞ്ചിനോട് ചോദ്യം ചെയ്യൽ വേളയിൽ വ്യക്തമാക്കി. ഹരികുമാർ വിവിധ കേസുകളിൽ അറസ്റ്റ് ചെയ്ത പ്രതികൾ നെയ്യാറ്റിൻകര സബ് ജയിലിൽ കഴിയുന്ന കാര്യവും ഹരികുമാർ പറഞ്ഞിരുന്നു.
കർണാടക, മൈസൂർ, മൂകാംബിക എന്നിവിടങ്ങളിലും സത്യമംഗലം വന പ്രദേശങ്ങളിലുമാണ് ഒളിവിൽ കഴിഞ്ഞിരുന്നത്. വാഹനത്തിൽ നിന്നും പുറത്തിറങ്ങാതെയായിരുന്നു ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്നത്. ലുക്കൗട്ട് നോട്ടീസ് ഉള്ളതിനാൽ കാറിൽ സഞ്ചരിക്കവെ റോഡ് സൈഡിലെ സിസിടിവി ദൃശ്യങ്ങളിൽ മുഖം പതിയാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നുവെന്നും ബിനു ക്രൈംബ്രാഞ്ചിനോട് വ്യക്തമാക്കി.
കർണാടകത്തിൽ നിന്നും ചെങ്കോട്ട വഴി കഴിഞ്ഞ ദിവസം രാത്രിയിലാണ് കല്ലന്പലത്തെ വീട്ടിൽ ഹരികുമാറിനെ എത്തിച്ചത്. ഇന്നലെ ക്രൈംബ്രാഞ്ചിന് മുൻപാകെ ഒരുമിച്ച് കീഴടങ്ങാൻ തീരുമാനിച്ച ശേഷമാണ് തങ്ങൾ പിരിഞ്ഞതെന്നും എന്നാൽ ഹരികുമാർ ആത്മഹത്യ ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും ബിനു ക്രൈംബ്രാഞ്ചിനോട് വ്യക്തമാക്കിയിട്ടുണ്ട്.
നെയ്യാറ്റി്ൻകര സനൽകുമാറിന്റെ മരണം ഏറെ വാർത്താപ്രാധാന്യം ആകുമെന്ന് കരുതിയിരുന്നില്ലെന്നും ബിനു പറഞ്ഞു. ഒളിവിൽ കഴിയുന്നതിന് വേണ്ട സൗകര്യങ്ങൾ വാഹനത്തിൽ സജ്ജമാക്കിയിരുന്നുവെന്നും ബിനു ക്രൈംബ്രാഞ്ചിനോട് പറഞ്ഞു. എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാൻ ഇറങ്ങിയാൽ കുരുക്കാകുമെന്ന് അറിയാവുന്നതിനാൽ പണം ബാഗിൽ സൂക്ഷിച്ചിരുന്നുവെന്നും ബിനു പറഞ്ഞിട്ടുണ്ട്.
ഡിവൈഎസ്പി ഹരികുമാറിന് ഒളിവിൽ പോകാനും നേരത്തെ രക്ഷപ്പെടാനും സഹായം ചെയ്ത് കൊടുത്തതിന് ക്രൈംബ്രാഞ്ച് സംഘം നേരത്തെ ബിനുവിന്റെ മകനെയും സുഹൃത്ത് സതീഷിനെയും അറസ്റ്റ് ചെയ്തിരുന്നു. ഇന്നലെ ക്രൈംബ്രാഞ്ചിന് മുൻപാകെ കീഴടങ്ങിയ ബിനുവും ഡ്രൈവർ രമേശും ഏറെ ക്ഷീണിതരാണ്.
ഏഴ് ദിവസത്തെ യാത്രാക്ഷീണം ഉണ്ടെന്നാണ് ഇരുവരും വ്യക്തമാക്കിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത ശേഷം ഇരുവരെയും കൂടുതൽ ചോദ്യം ചെയ്യലിന് വിധേയമാക്കിയശേഷം തെളിവെടുപ്പ് നടത്തുമെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങൾ വ്യക്തമാക്കി.