കൊളംബോ: ശ്രീലങ്കൻ പ്രധാനമന്ത്രിയായി ഹരിണി അമരസൂര്യ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്യത്തിന്റെ ചരിത്രത്തിലെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയാണ് ഹരിണി.
സിരിമാവോ ബന്ദാരനായകെയും ചന്ദ്രിക കുമാരതുംഗെയുമാണു ശ്രീലങ്കൻ പ്രധാനമന്ത്രിയായ വനിതകൾ. 2000നുശേഷം ആദ്യമായാണ് ഒരു വനിത പ്രധാനമന്ത്രിയാകുന്നത്.
പ്രസിഡന്റ് തെരഞ്ഞെടുപ്പിനുശേഷം ദിനേഷ് ഗുണവർധന പ്രധാനമന്ത്രിസ്ഥാനം രാജിവച്ചിരുന്നു. തുടർന്നാണ് നാഷണൽ പീപ്പിൾസ് പവർ(എൻപിപി) നേതാവായ ഹരിണി (54) പ്രധാനമന്ത്രിയായി പ്രസിഡന്റ് അനുര കുമാര ദിസനായകെ നിയമിച്ചത്. മുൻ യൂണിവേഴ്സിറ്റി ലക്ചററും മനുഷ്യാവകാശ പ്രവർത്തകയുമാണ് ഹരിണി.
എൻപിപി അംഗങ്ങളായ വിജിത ഹെറാത്ത്, ലക്ഷ്മൺ നിപുണ ആരാച്ചി എന്നിവർ ഇന്നലെ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ഇടക്കാല മന്ത്രിസഭയാണ് രൂപവത്കരിച്ചിരിക്കുന്നത്. 225 അംഗ പാർലമെന്റിൽ എൻപിപിക്ക് മൂന്ന് അംഗങ്ങൾ മാത്രമാണുള്ളത്. നവംബറിൽ പാർലമെന്റ് തെരഞ്ഞെടുപ്പ് നടക്കും.