ഹരിപ്പാട്: പിരിവെടുത്ത് വാങ്ങി നടയ്ക്കു വച്ച ആനയെ നാട്ടുകാർ അറിയാതെ ദേവസ്വം കമ്മറ്റി മറിച്ചുവിറ്റ സംഭവവുമായി ബന്ധപ്പെട്ട് ഡിഎഫ്ഒയുടെ തെളിവെടുപ്പ് ഇന്ന്. ആനയെ വിറ്റ സംഭവവുമായി ബന്ധപ്പെട്ട കേസിൽ കോടതി ഉത്തരവിനെത്തുടർന്നാണ് ഡിഎഫ്ഒ ഇന്ന് തെളിവെടുപ്പിനെത്തുന്നത്.
ഹരിപ്പാട് മൂടയിൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഹരികൃഷ്ണൻ എന്ന ആനയെയാണ് ഒരു വർഷം മുന്പ് മറിച്ചുവിറ്റതായി പരാതിയുയർന്നത്. ആനയുടെ ഒരു കൊന്പ് പഴുപ്പ് കയറി ഉൗരിപ്പോയിരുന്നു. ചികിത്സാ ചെലവും പരിപാലന ചിലവും ദേവസ്വത്തിന് താങ്ങാൻ പറ്റുകയില്ലെന്ന് പറഞ്ഞാണ് ദേവസ്വം കമ്മറ്റിയിലെ ചിലരുടെ താല്പര്യപ്രകാരം പാട്ടത്തിന് നല്കുന്നു എന്നതിന്റെ മറവിൽ ആറ്റിങ്ങൽ സ്വദേശിക്ക് ആനയെ വിൽക്കുകയായിരുന്നുവെന്നാണ് പരാതി.
നല്ല ആരോഗ്യമുണ്ടായിരുന്ന ആനയുടെ പരിപാലനത്തിൽ വന്ന പിഴവാണ് കൊന്പിന് പഴുപ്പു കയറാനും മറ്റും കാരണമായതെന്നും നാട്ടുകാർ ആരോപിക്കുന്നു. മുൻ പ്രസിഡന്റ് വെട്ടുവേനി മഴുപ്പയിൽ നരേന്ദ്ര കാരണവർ അടക്കമുള്ളവരാണ് ഇത് സംബന്ധിച്ച് കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു.