ആലപ്പുഴ: എൻഎച്ച് 66 മായി ബന്ധപ്പെട്ട പുതിയ അലൈൻമെന്റ് ഹരിപ്പാട് പട്ടണത്തെ തകർക്കുമെന്ന് ഹരിപ്പാട് ടൗണ്‍ സംരക്ഷണ സമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആരോപിച്ചു. ഹരിപ്പാട് ആശുപത്രി ജംഗ്ഷൻ മുതൽ ആർ.കെ. ജംഗ്ഷൻ വരെയുള്ള ദേശീയ പാത വികസനത്തിന് 2013 ലെ അലൈയ്മെന്റ് പ്രകാരം സാറ്റലൈറ്റ് സർവേ നടത്തി കല്ലിട്ടിരുന്നതാണ്.
എന്നാൽ പുതിയ കണ്‍സൾട്ടൻസി മുഖേന തയാറാക്കിയ അലൈയ്മെന്റ് പ്രകാരം 2013ലെ അലൈയ്മെന്റിലുൾപ്പെട്ടിരുന്ന സ്ഥാപനങ്ങൾ കൂടാതെ ഹരിപ്പാട് കഐസ്ആർടിസി ഡിപ്പോയിലെ പുതിയ കെട്ടിടമുൾപ്പെടെ 60-ൽപരം സ്ഥാപനങ്ങളും പത്തോളം വീടുകളും 15 ഓളം ബഹുനില കെട്ടിടങ്ങളും പൊളിച്ചുനീക്കേണ്ടതായി വരും.
മാത്രമല്ല ആർ.കെ. ജംഗ്ഷന്റെ വടക്കുഭാഗത്ത് ഒരു ഭാഗത്തുനിന്നു മാത്രം സ്ഥലമെടുക്കുന്നതോടെ പുതിയ വളവ് ഉണ്ടാകുകയും ചെയ്യും. 2013 ലെ അലൈയ്മെന്റ് പ്രകാരം ആശുപത്രിയ്ക്ക് സമീപമുള്ള വളവ് പരിഹരിച്ച് നാമമാത്രമായ സ്ഥാപനങ്ങളെയും വീടുകളെയും ഏറ്റെടുത്ത് ദേശീയപാത വികസിപ്പിക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്.
എന്നാൽ ചില സ്വാധീനങ്ങൾക്ക് വഴങ്ങി പുതിയ അലൈയ്മെന്റ് ദേശീയപാത വികസനത്തിനായി തയാറാക്കിയതോടെ ഹരിപ്പാട് നഗരത്തെ ഇല്ലാതാക്കുന്ന അവസ്ഥയാണ് ദേശീയപാത വികസനം നടപ്പാക്കുന്നതിലൂടെ ഉണ്ടാകാൻ പോകുന്നതെന്നും ഭാരാവാഹികൾ ആരോപിച്ചു. പത്രസമ്മേളനത്തിൽ ഹരിപ്പാട് ടൗണ്‍ സംരക്ഷണ സമിതി പ്രസിഡന്റ് സി. രാധാകൃഷ്ണൻ, സെക്രട്ടറി എ. നസീർ, പ്രഫ. സി.എം. ലോഹിതൻ, കെ. പുരുഷോത്തമൻ, കെ. സോമൻ എന്നിവരും പങ്കെടുത്തു.