ഹരിപ്പാട്: മരുന്ന് നിറുകയില്‍ കയറി ശ്വാസം നിലച്ച കുരുന്നിന് രക്ഷകരായി ഹരിപ്പാട് എമര്‍ജന്‍സി റെസ്ക്യു ടീം.
റെസ്ക്യു അംഗങ്ങളായ സലീം ചെറുതനയും അനൂപ് ചെറുതനയുമാണ് സാഗര്‍ നിവാസില്‍ സാഗര്‍-ശാലു ദമ്പതികളുടെ 40 ദിവസം പ്രായമുള്ള കുഞ്ഞിന്റെ രക്ഷകരായത്.
മരുന്ന് നിറുകയില്‍ കയറി ശ്വാസം നിലച്ച കുരുന്നിനെ മിനിറ്റുകള്‍ കൊണ്ട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ എത്തിച്ചാണ് ഇവർ രക്ഷകരായത്.
സ്വന്തം ജീവന് പോലും മറന്ന് 24 കിലോമീറ്റര്‍ കേവലം എട്ട് മിനിറ്റിനുള്ളില്‍ പിന്നിട്ടാണ് ഇവർ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്.
രാത്രി എട്ടിനാണ് കുഞ്ഞിന് മാതാപിതാക്കള്‍ മരുന്ന് നല്‍കിയത്. തുടര്‍ന്ന് കുഞ്ഞിന്റെ ശ്വാസം നിലക്കുന്ന അവസ്ഥയിലേക്ക് എത്തുകയായിരുന്നു.
ഉടന്‍ തന്നെ കുഞ്ഞിനെ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും വണ്ടാനത്തെ മെഡിക്കല്‍ കോളജില്‍ എത്തിച്ചില്ലെങ്കില്‍ ജീവന് അപകടമുണ്ടായേക്കാമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ അറിയിച്ചു.
തുടര്‍ന്ന് ഈ ദൗത്യം സലീം, അനൂപ് എന്നിവര്‍ ഏറ്റെടുക്കുകയായിരുന്നു. അപകടാവസ്ഥ പിന്നിട്ട കുഞ്ഞ് നിലവില്‍ നിരീക്ഷണത്തിലാണ്.